Election 2021INSIGHTTop News

തൂക്കുസഭയെങ്കിൽ നിർണായകമാകുക ​ഗവർണറുടെ തീരുമാനം; കേരളത്തിലെ മുന്നണി സമവാക്യങ്ങൾ മാറുമോ എന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേന്ദ്രങ്ങൾ; ഒരു പകലിനും രാത്രിക്കും അപ്പുറം കേരളത്തിനെ കാത്തിരിക്കുന്നത് ഇതുവരെ ശീലമില്ലാത്ത രാഷ്ട്രീയ നീക്കങ്ങളോ?

തിരുവനന്തപുരം: കേരളത്തിൽ നാളെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാനിരിക്കെ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്ന എക്സിറ്റ് പോൾ ഫലങ്ങളെ കുറിച്ചുള്ള ചർച്ചകളാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാകുന്നത്. ദേശീയ മാധ്യമങ്ങളിൽ ഭൂരിപക്ഷവും ഇടത് ഭരണം പ്രവചിക്കുമ്പോൾ, കേരളത്തിൽ ചില മാധ്യമങ്ങൾ യുഡിഎഫിന് ഭരണ പ്രതീക്ഷ നൽകുന്ന സർവെ റിപ്പോർട്ടാണ് പുറത്ത് വിട്ടത്. അതേസമയം, മീഡിയ മം​ഗളം പുറത്തുവിട്ട തൂക്കുസഭയെന്ന സർവെ റിപ്പോർട്ടാണ് യാഥാർത്ഥ്യ ബോധത്തോട് അടുത്ത് നിൽക്കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെ വന്നാൽ, ​ഗവർണറുടെ നിലപാടുകൾ നിർണായകമാകുമെന്നും ഇവർ പറയുന്നു.

ഒരു മുന്നണിക്കും 71 എന്ന അത്ഭുത സംഖ്യയിലേക്ക് എത്താൻ കഴിഞ്ഞില്ലെങ്കിൽ ​ഗവർണർ ആരെ മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിക്കും എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഇപ്പോൾ സജീവ ചർച്ചയാകുന്നത്. ​പ്രീ പോൾ അലയൻസിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയെ ആണ് സ്വാഭാവികമായും സർക്കാർ രൂപീകരണത്തിനായി ​ഗവർണർ ക്ഷണിക്കേണ്ടത്. എന്നാൽ, പ്രീ പോൾ അലയൻസിന് വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തത് കൊണ്ട് തന്നെ, നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പിനെ അതിജീവിക്കാൻ ഇത്തരം സർക്കാരുകൾക്ക് കഴിയണമെന്നില്ല. അതുകൊണ്ട് പ്രായോ​ഗികത കണക്കിലെടുത്ത് പോസ്റ്റ് പോൾ സഖ്യത്തിന് അവസരം നൽകുന്ന രീതിയും ഇന്ത്യയിൽ സാധാരണമാണ്.

അതേസമയം, ഇന്ത്യൻ ജനാധിപത്യത്തിന്റെ തിളക്കം കെടുത്തിയ പല സംഭവങ്ങളും സംസ്ഥാനങ്ങളിലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട്. സമീപ കാലങ്ങളിൽ മഹാരാഷ്ട്രയിലും കർണാടകയിലും ​ഗവർണർമാർ എടുത്ത ചില സമീപനങ്ങൾ കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്ന വിമർശനം ഉയർന്നിരുന്നു. ആ സമയങ്ങളിൽ ഇന്ത്യൻ നീതിന്യായ വ്യവസ്ഥ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾ വ്യക്തമാക്കുകയും ചെയ്തിരുന്നു.

സർക്കാർ രൂപീകരണത്തിൽ ​ഗവർണർ സ്വീകരിക്കേണ്ട മാതൃക

ഭൂരിപക്ഷമുള്ള പാർട്ടി, ഭൂരിപക്ഷമുള്ള സഖ്യം, ആർക്കും ഭൂരിപക്ഷമില്ലാത്തപ്പോൾ ഏറ്റവും വലിയ കക്ഷി, തിരഞ്ഞെടുപ്പിനുശേഷമുള്ളതും എല്ലാ കക്ഷികളും സർക്കാരിൽ ചേരുന്നതുമായ സഖ്യം, തിരഞ്ഞെടുപ്പിനു ശേഷമുള്ളതും ചിലർ പുറത്തുനിന്നു പിന്തണുയ്ക്കുന്നതുമായ സഖ്യം എന്നിങ്ങനെയുള്ള മുൻഗണനാ ക്രമം കോടതി അംഗീകരിച്ചിട്ടുള്ളതാണ്. അതായത്, ഈ ക്രമമാണു സർക്കാർ രൂപീകരണത്തിനു ക്ഷണിക്കുമ്പോൾ ഗവർണർ പാലിക്കേണ്ടത്.

ഭൂരിപക്ഷം തെളിയിക്കേണ്ടതു സഭയിലാണ്. എന്നാൽ, അവകാശവാദം ഉന്നയിക്കുന്നവരോട് പിന്തുണക്കത്തുകൾ ചോദിക്കാൻ ഗവർണർക്ക് അവകാശമുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള വിവേചനാധികാരം പ്രയോഗിക്കുന്നതിന്റെ ഭാഗമായ നടപടിയെന്ന് ഇതിനെ വ്യാഖ്യാനിക്കാനാവും. ചില രാഷ്ട്രപതിമാർതന്നെ ഈ രീതി സ്വീകരിച്ചിട്ടുണ്ട്.

ഭൂരിപക്ഷം സംബന്ധിച്ചു വ്യക്തതയില്ലാത്തപ്പോൾ, കുതിരക്കച്ചവടം പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള നടപടികൾ ഗവർണറുടെ ഭാഗത്തുനിന്നുണ്ടാവരുതെന്നു സുപ്രീം കോടതി പലതവണ വ്യക്തമാക്കിയതാണ്. 2019 ൽ മഹാരാഷ്ട്ര കേസിലുൾപ്പെടെ. ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ നൽകുന്ന ദീർഘ കാലയളവിനെ ഒന്നോ രണ്ടോ ദിവസമായി കോടതി കുറച്ച സമീപകാല ചരിത്രവുമുണ്ട്. കർണാടകയിൽ 2018 ൽ ബി.എസ്.യെഡിയൂരപ്പയ്ക്കു ഗവർണർ വാജുഭായ് വാല 15 ദിവസം അനുവദിച്ചപ്പോൾ, കോടതി അത് ഒരു ദിവസമാക്കി. ഗോവയിൽ 2017ൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങളെ വിളിക്കാതെ, തിരഞ്ഞെടുപ്പിനുശേഷം തട്ടിക്കൂട്ടിയ സഖ്യത്തിന്റെ ബലത്തിൽ അവകാശമുന്നയിച്ച ബിജെപിയെ ഗവർണർ വിളിച്ചതു കോൺഗ്രസ് ചോദ്യം ചെയ്തപ്പോൾ, കോടതി ഇടപെട്ടില്ല. വിശ്വാസവോട്ടെടുപ്പു നടക്കട്ടെയെന്നു വ്യക്തമാക്കിയതല്ലാതെ.

നിലവിലെ കൂറുമാറ്റ നിരോധന നിയമം പിളർപ്പ് അനുവദിക്കുന്നില്ല. മൂന്നിൽ രണ്ടു പേർ പുതിയൊരു പാർട്ടിയുണ്ടാക്കുകയോ മറ്റൊരു പാർട്ടിയിൽ ലയിക്കുകയോ ചെയ്താൽ അയോഗ്യതയിൽനിന്ന് ഒഴിവാകും. പാർട്ടിയിൽനിന്നു പുറത്താക്കപ്പെടുന്ന വ്യക്തിക്കും ഏതു ചിഹ്നത്തിൽ ജയിച്ചോ ആ പാർട്ടിയുടെ വിപ് ബാധകമാണ്. വിപ് ലംഘിച്ചാൽ അയോഗ്യതയാവും. മറ്റെല്ലാ മാർഗങ്ങളും അവസാനിക്കുമ്പോഴാണു ജനാധിപത്യ പ്രക്രിയയിൽ കോടതി ഇടപെടേണ്ടതെന്നാണ് മഹാരാഷ്ട്ര കേസിൽ സുപ്രീം കോടതി പറഞ്ഞത്. അയോഗ്യത നിർദേശിക്കുന്ന സ്പീക്കറുടെ നടപടിയിൽ ഇടപെടാൻ കോടതിക്ക് അധികാരമുണ്ട്. ഇടപെടേണ്ടതില്ലെന്നു കോടതി നിലപാടെടുത്ത സാഹചര്യങ്ങളുമുണ്ട്.

മീഡിമ മം​ഗളം സർവെ റിപ്പോർട്ട് ഇങ്ങനെ

25 ശതമാനം പരമ്പരാഗത രാഷ്ട്രീയ അനുഭാവികളെയും 25 ശതമാനം ഒരു പാർട്ടിയിൽ നിന്ന് മാറി പുതിയ പാർട്ടി അനുഭാവം പ്രകടിപ്പിക്കുന്ന ആളുകളെയും 50 ശതമാനം വ്യക്തമായ രാഷ്ട്രീയം ഇല്ലന്ന് പറഞ്ഞവരെയും ഉൾപ്പെടുത്തിയാണ് മീഡിയ മംഗളം സർവ്വേ നടത്തിയത്.

തിരുവനന്തപുരം ജില്ല

കാട്ടാക്കട , പാറശാല , ആറ്റിങ്ങൽ , ചിറയിൻകീഴ് നാല് മണ്ഡലങ്ങളിൽ എൽഡിഎഫ് വിജയം ഉറപ്പിക്കുകയും കഴക്കൂട്ടം വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ സാധ്യത നില നിർത്തുകയും ചെയ്യുന്നു.

കോവളം , അരുവിക്കര , തിരുവനന്തപുരം സെൻട്രൽ നെടുമങ്ങാട് , വർക്കല മണ്ഡലങ്ങൾ യുഡിഎഫ് നോക്കാമെന്നു ഞങ്ങൾക്ക് ജനങ്ങളിൽ നിന്ന് സൂചന ലഭിക്കുമ്പോൾ നെയ്യാറ്റിൻകരയിൽ വിജയ സാധ്യതയും വാമനപുരത്ത് ചെങ്കോട്ട തകർത്തുള്ള അട്ടിമറി സാധ്യതയും ഉണ്ടെന്നുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്

ബിജെപി നേമം മണ്ഡലത്തിൽ വിജയം ഉറപ്പിക്കുമ്പോൾ കഴക്കൂട്ടത്ത് സാധ്യതകൾ നില നിർത്തുന്നു. വട്ടിയൂർക്കാവ്, സെൻട്രൽ, കാട്ടാക്കട മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനവും ഉറപ്പിക്കുന്നു.

കൊല്ലം ജില്ല

ചാത്തന്നൂർ, ഇരവിപുരം , പുനലൂർ , പത്തനാപുരം കൊട്ടാരക്കര എന്നീ അഞ്ചു മണ്ഡലങ്ങളും നേരിയ ഭൂരിപക്ഷത്തിൽ കുന്നത്തൂരും എൽഡിഎഫ് ഉറപ്പിക്കുമ്പോൾ കുണ്ടറയിൽ സാധ്യത നില നിർത്തുന്നു.

കരുനാഗപ്പള്ളിയും ചവറയും ചടയമംഗലവും യുഡിഎഫ് ഉറപ്പിക്കുമ്പോൾ നേരിയ ഭൂരിപക്ഷത്തിൽ കൊല്ലം മണ്ഡലവും കുണ്ടറയിൽ യുഡിഎഫ് നു അട്ടിമറി സാധ്യതയും കാണുന്നു.

ബിജെപിക്ക് വോട്ട് വർദ്ധനവ് ഉണ്ടാവുക ചാത്തന്നൂർ മണ്ഡലത്തിൽ മാത്രമാവും.

പത്തനംതിട്ട ജില്ല

ചിറ്റയം ഗോപകുമാറിലൂടെ അടൂരും , മാത്യു ടി തോമസിലൂടെ തിരുവല്ലയും എൽഡിഎഫ് വിജയം ഉറപ്പിക്കുമ്പോൾ അടൂർ പ്രകാശിന്റെ കരുത്തിൽ കോന്നിയിൽ റോബിൻ പീറ്ററും റാന്നിയിൽ റിങ്കു ചെറിയാനും യുഡിഎഫിന് വിജയം നൽകുമെന്നാണ് ഞങ്ങൾക്ക് ലഭിക്കുന്ന സൂചനകൾ.

ആറന്മുള രണ്ട് മുന്നണിക്കും ഒരു പോലെ സാധ്യത നൽകുന്ന മണ്ഡലമായാണ് വോട്ടർമാരിൽ നിന്ന് ലഭിക്കുന്ന പ്രതികരണം സൂചിപ്പിക്കുന്നത്

ആലപ്പുഴ ജില്ല

ഐസക്കിനും ജി സുധാകരനും സീറ്റ് നിഷേധിക്കപ്പെട്ടത് വഴി എൽഡിഎഫ് അണികളിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടായ ആലപ്പുഴ ജില്ലയിൽ മാവേലിക്കര മണ്ഡലവും കായംകുളം മണ്ഡലവും ആലപ്പുഴ മണ്ഡലവും മാത്രമാണ് എൽഡിഎഫിന് ഉറപ്പിക്കാൻ കഴിയുന്നത്. ചെങ്ങന്നൂരും എൽഡിഎഫിനൊപ്പം നിൽക്കുമെന്നാണ് ലഭിക്കുന്ന വിവരം.

യുഡിഎഫ് ആവട്ടെ രമേശ് ചെന്നിത്തലയുടെ ഹരിപ്പാടും കുട്ടനാടും അമ്പലപ്പുഴയും ഷാനിമോൾ ഉസ്മാന്റെ അരൂരും ഉറപ്പിക്കുന്നു എന്ന സൂചനകളാണ് ലഭിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളമാകെ തിരിച്ചടി നേരിട്ടപ്പോഴും 83000 വോട്ട് ഇടത് പക്ഷത്തിനു നൽകിയ ചേർത്തലയിൽ ഇത്തവണ യുഡിഎഫ് നു അട്ടിമറി വിജയ സാധ്യതകളാണ് ഞങ്ങളുടെ സർവേയിൽ പ്രതിഫലിച്ചത്.

കോട്ടയം ജില്ല

കടുത്ത മത്സരം മാണി സി കാപ്പനിൽ നിന്ന് നേരിടുന്നു എങ്കിലും ജോസ് കെ മാണിക്ക് പാലായിൽ വിജയക്കൊടി പാറിക്കാൻ കഴിയും. ഒപ്പം ഏറ്റുമാനൂരും വൈക്കവും മികച്ച ഭൂരിപക്ഷത്തിൽ തന്നെ എൽഡിഎഫ് ഉറപ്പിക്കുന്നു.

കോട്ടയത്തു തിരുവഞ്ചൂരും പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയും എതിരാളികളെ അപ്രസക്തമാക്കുമ്പോൾ നേരിയ ഭൂരിപക്ഷത്തിൽ ചങ്ങനാശേരിയും മോൻസ് ജോസഫിലൂടെ കടുത്തുരുത്തിയും യുഡിഎഫ് വിജയിക്കുമെന്നാണ് ജനങ്ങളുടെ പ്രതികരണം. പൂഞ്ഞാറിൽ ഭൂരിപക്ഷം കുറയുമെങ്കിലും പിസി ജോർജ്ജ് തന്നെ മണ്ഡലം നില നിർത്തുമെന്ന സൂചകളാ ലഭിക്കുമ്പോൾ കാഞ്ഞിരപ്പള്ളി ആർക്കൊപ്പം എന്ന് പറയാൻ കഴിയാത്ത പ്രതികരണമാണ് ലഭിച്ചത്.

ഇടുക്കി ജില്ല

എം എം മണിയുടെ ഉടുമ്പൻ ചോല മണ്ഡലം സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലയിൽ എൽഡിഎഫിന് ആകെയുള്ള അഞ്ച് മണ്ഡലങ്ങളിൽ ഒന്ന് പോലും ഉറപ്പിക്കാൻ ഞങ്ങൾക്ക് ലഭിച്ച സൂചനകളിൽ നിന്ന് കഴിയുന്നില്ല. പിജെ ജോസഫ് മത്സരിച്ച തൊടുപുഴയും ഫ്രാൻസിസ് ജോർജ്ജ് മത്സരിച്ച ഇടുക്കിയും പീരുമേടും യുഡിഎഫ് നൊപ്പമെന്ന് ഞങ്ങൾക്ക് സൂചനകൾ ലഭിക്കുമ്പോൾ ദേവികുളവും ഉടുമ്പൻ ചോലയും പിടി തരുന്നില്ല. എം എം മാണി അഗസ്തിയിൽ നിന്ന് നേരിടുന്നത് കടുത്ത മത്സരമാണ്.

എറണാകുളം ജില്ല

20 -20 യുടെ സ്ഥാനാർത്ഥികൾ യുഡിഎഫിന് തിരിച്ചടി ആയേക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും എറണാകുളത്തും യുഡിഎഫ് നു മികച്ച വിജയമാണ് ഞങ്ങളുടെ സർവേകളിൽ നിന്ന് ലഭിച്ച പ്രതികരണം. മൂവാറ്റുപുഴ , പിറവം , തൃക്കാക്കര , എറണാകുളം , വൈപ്പിൻ , പറവൂർ , ആലുവ , പെരുമ്പാവൂർ എന്നീ മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ മികച്ച വിജയം തന്നെ നേടും. കോതമംഗലം, കൊച്ചി, കളമശേരി എന്നീ മൂന്നു മണ്ഡലങ്ങളിൽ എൽഡിഎഫ് വിജയമെന്ന് ജനങ്ങളുടെ പ്രതികരണം സൂചിപ്പിക്കുമോൾ അങ്കമാലിയിലെ തൃപ്പൂണിത്തറയിലും വിജയം ആർക്കെന്നത് പ്രവചനാതീതമാണ്. വോട്ടിന്റെ കണക്കിലും ജനങ്ങളുടെ പ്രതികരണത്തിൽ നിന്നും കുന്നത്തുനാട്ടിൽ ഡോക്ടർ സുജിത് സുരേന്ദ്രനിലൂടെ ട്വൻറി ട്വൻറി കന്നിയങ്കത്തിൽ തന്നെ നിയമസഭയിൽ പ്രാതിനിധ്യം ഉറപ്പിക്കുന്നു എന്നുള്ള സൂചനകളാണ് വരുന്നത്.

തൃശൂർ ജില്ല

തൃശൂരിലെ പതിമൂന്നു മണ്ഡലങ്ങളിൽ ആര് സീറ്റും ഇത്തവണ എൽഡിഎഫ് ഉറപ്പിക്കുന്നതായാണ് ഞങ്ങൾക്ക് ലഭിച്ച പ്രതികരണങ്ങളിൽ നിന്ന് മനസിലാകുന്നത്. കൊടുങ്ങല്ലൂർ , പുതുക്കാട് , കയ്പമംഗലം , നാട്ടിക , മണലൂർ , ചേലക്കര എന്നിവയാണ് ആ ആറു മണ്ഡലങ്ങൾ. ഒല്ലൂരും ഗുരുവായൂരും വടക്കാഞ്ചേരിയും യുഡിഎഫ് നേടുന്നത് കൂടാതെ കുന്നംകുളം മണ്ഡലത്തിൽ മന്ത്രി എ സി മൊയ്തീനെ യുഡിഎഫ് സ്ഥാനാർഥി ജയശങ്കർ പരാജയപ്പെടുത്തുമെന്നും ഞങ്ങളുടെ സർവേയിൽ മനസിലാകുന്നു. സഹതാപ തരംഗം തൃശൂരിൽ സുരേഷ് ഗോപിക്ക് ജയസാധ്യത പറയുമ്പോൾ തൊട്ടടുത്ത സാധ്യത യുഡിഎഫ് ന്റെ പത്മജ വേണുഗോപാലിനാണ്.

മുൻ ഡിജിപി ജേക്കബ് തോമസിന്റെ സ്ഥാനാർത്ഥിത്വം കൊണ്ട് ശ്രദ്ധേയമായ ഇരിങ്ങാലക്കുടയിലും ചാലക്കുടിയിലും രണ്ട് മുന്നണിക്കും ഒരേപോലെ ജയസാധ്യത നില നിൽക്കുന്നതായാണ് ഞങ്ങൾക്ക് ലഭിക്കുന്ന വിവരം.

പാലക്കാട് ജില്ല

പാലക്കാട് ജില്ലയിൽ യുഡിഎഫ് നു ജയം ഉറപ്പാക്കാൻ കഴിയുന്നത് കേവലം ഒരു സീറ്റിൽ മാത്രമാണ്. മുസ്ലിം ലീഗ് സ്ഥാനാർഥി ആയി ഷംസുദീൻ മത്സരിക്കുന്ന മണ്ണാർക്കാട് മാത്രമാണ് അത്. ആലത്തൂരും ചിറ്റൂരും തരൂരും ബിജെപി പ്രതീക്ഷ വയ്ക്കുന്ന മലമ്പുഴയും കോങ്ങാടും ഒറ്റപ്പാലവും ഷൊർണ്ണൂരും അടക്കം ഏഴു മണ്ഡലങ്ങൾ എൽഡിഎഫിനൊപ്പമെന്ന് ഞങ്ങൾക്ക് ലഭിക്കുന്ന സൂചനകളിൽ നിന്ന് വ്യക്തം.

ഇ ശ്രീധരന്റെ വ്യക്തി പ്രഭാവം നിഷ്പക്ഷ വോട്ടർമാർക്കിടയിൽ വലിയ സ്വീകാര്യത ഉണ്ടാക്കിയിട്ടുണ്ട് എന്നും ജനങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രതികരണത്തിൽ നിന്ന് മനസിലാകുന്നു. തൊട്ടടുത്ത സാധ്യത ഉള്ളത് യുഡിഎഫ് ന്റെ ഷാഫിക്ക് തന്നെയാണ്. നെന്മാറയും , പട്ടാമ്പിയും തൃത്താലയും രണ്ട് മുന്നണിക്കും ഒരേ പോലെ സാധ്യത നില നിൽക്കുന്ന മണ്ഡലങ്ങളാകുന്നു.

മലപ്പുറം ജില്ല

മലപ്പുറം മുസ്ലിം ലീഗിന്റെ കോട്ടയായി തന്നെ തുടരും. ആകെയുള്ള പതിനേഴു മണ്ഡലങ്ങളിൽ പൊന്നാനിയും നിലമ്പൂരും മാത്രമാണ് എൽഡിഎഫ് നു ഉറപ്പിക്കാൻ കഴിയുന്ന മണ്ഡലങ്ങൾ. കോട്ടക്കൽ , തിരൂർ , താനൂർ , തിരൂരങ്ങാടി , വള്ളിക്കുന്ന് , വേങ്ങര , മലപ്പുറം , മങ്കട , പെരിന്തൽമണ്ണ , മഞ്ചേരി , വണ്ടൂർ , ഏറനാട് , കൊണ്ടോട്ടി , തിരുവമ്പാടി എന്നീ 14 മണ്ഡലങ്ങളും യുഡിഎഫ് വിജയിക്കും.

ഫിറോസ് കുന്നുംപറമ്പിലും കെടി ജലീലും മത്സരിക്കുന്ന തവനൂരിൽ വിജയം ആർക്കെന്നത് പ്രതികരണത്തിൽ നിന്ന് വ്യക്തമാകുന്നില്ല.

കോഴിക്കോട് ജില്ല.

കോഴിക്കോട് ജില്ലയിൽ എൽഡിഎഫിന്റെ തേരോട്ടമാണ് ഞങ്ങളുടെ സർവേകളിൽ നിന്ന് ലഭിച്ച പ്രതികരണങ്ങളിൽ വ്യക്തമാകുന്നത്. കൊടുവള്ളി മണ്ഡലത്തിൽ എം കെ മുനീർ മാത്രം യുഡിഎഫിന് വേണ്ടി വിജയം ഉറപ്പിക്കുമ്പോൾ കുന്ദമംഗലം , ബേപ്പൂർ , കോഴിക്കോട് സൗത്ത് , നോർത്ത് , എലത്തൂർ , ബാലുശ്ശേരി, പേരാമ്പ്ര, നാദാപുരം മണ്ഡലങ്ങൾ ഉറപ്പായും എൽഡിഎഫ് വിജയം നേടും. കുട്ടടി , കൊയിലാണ്ടി മണ്ഡലത്തിലും മുൻ‌തൂക്കം എൽഡിഎഫിന് തന്നെയാണ്.

ടിപി ചന്ദ്ര ശേഖരന്റെ സഹ ധർമിണി ആയിരുന്ന കെ കെ രമ മത്സരിക്കുന്ന വടകരയിൽ സ്ഥിതി പ്രവചിക്കാൻ ജനങ്ങൾ ഒരുക്കമല്ല.

വയനാട് ജില്ല

രാഹുൽ ഗാന്ധി മൃഗീയ ഭൂരിപക്ഷം നേടിയ വയനാട് ജില്ലയിൽ മാനന്തവാടിയും ബത്തേരിയും യുഡിഎഫ് നൊപ്പം നിൽക്കുമെന്ന സൂചനകളാണ് മീഡിയ മംഗളത്തിന് ലഭിച്ചത് ശ്രേയാംസ് കുമാറും ടി സിദ്ദിഖും മാറ്റുരയ്ക്കുന്ന കൽപറ്റയിൽ ജയം ആർക്കെന്നത് പ്രവചിക്കാനും കഴിയുന്നില്ല.

കണ്ണൂർ ജില്ല.

പതിനൊന്നു മണ്ഡലങ്ങളുള്ള കണ്ണൂരിൽ അതിൽ അഞ്ച് മണ്ഡലങ്ങളും മികച്ച ഭൂരിപക്ഷത്തോടെ തന്നെ എൽഡിഎഫ് ഉറപ്പിക്കുമ്പോൾ തലശ്ശേരിയിലും കൂത്തുപറമ്പിലും കടുത്ത മത്സരം നേരിടുന്നു. നേരിയ ഭൂരിപക്ഷത്തിൽ രണ്ടിടത്തും വിജയ സാധ്യത എൽഡിഎഫ് നു തന്നെയാണ്. എന്നാൽ അഴീക്കോട് നേരിയ സാധ്യത യുഡിഎഫ് ന്റെ മുസ്ലിം ലീഗ് സ്ഥാനാർഥി കെഎം ഷാജിക്ക് തന്നെയാണ് ജനങ്ങൾ നൽകുന്നത്. പേരാവൂരും ഇരിക്കൂറും യുഡിഎഫ് കോട്ടകളായി തന്നെ തുടരും ഒപ്പം സതീശൻ പാച്ചേനി കണ്ണൂർ മണ്ഡലം പിടിച്ചെടുക്കുകയും ചെയ്യും.

കാസർഗോഡ് ജില്ല

അഞ്ച് നിയമസഭാ മണ്ഡലങ്ങൾ മാത്രമുള്ള കാസർഗോഡ് ജില്ലയിൽ തൃക്കരിപ്പൂരും കാഞ്ഞങ്ങാടും എൽഡിഎഫ് ഉറപ്പിക്കുമ്പോൾ ഓരോ സീറ്റിൽ വിജയം എൽഡിഎഫിനും യുഡിഎഫിനും നൽകുന്നു. കാസർഗോഡ് യുഡിഎഫ് നു വേണ്ടി എൻ എ നെല്ലിക്കുന്നും മഞ്ചേശ്വരം മണ്ഡലത്തിൽ ബിജെപിയുടെ കെ സുരേന്ദ്രനും വിജയം നേടുമ്പോൾ ഉദുമ ആർക്കും പിടി കൊടുക്കാതെ നിൽക്കുന്നതായാണ് ലഭിക്കുന്ന സൂചനകൾ.

കേരളത്തിന്റെ പൊതു ചിത്രം സൂചിപ്പിക്കുന്നത് എൽഡിഎഫ് ഉറപ്പായും ജയിക്കാൻ കഴിയുന്ന 51 മണ്ഡലങ്ങളും എങ്ങോട്ട് വേണമെങ്കിലും മാറി മറിയാൻ കഴിയുന്ന 28 സീറ്റുകളിൽ നേരിയ മുൻതൂക്കമുള്ള 15 മണ്ഡലങ്ങളും ഉണ്ടെന്നാണ് അതായത് 66 സീറ്റുകളിലാണ് എൽഡിഎഫ് മുന്നണിക്ക് ജയസാധ്യത പ്രവചിക്കാൻ കഴയുന്നത്. യുഡിഎഫ് മുന്നണിക്ക് ജയം ഉറപ്പിക്കാൻ കഴിയുന്ന 55 സ്ഥാനാർത്ഥികളും എങ്ങോട്ട് വേണമെങ്കിലും മാറി മറിയാൻ കഴിയുന്ന 28 സീറ്റുകളിൽ നേരിയ മുൻ‌തൂക്കം അവകാശപ്പെടാൻ കഴിയുന്ന 13 സ്ഥാനാർത്ഥികളും ഉണ്ടെന്നാണ് ഞങ്ങൾക്ക് ലഭിച്ച സൂചനകൾ തെളിയിക്കുന്നത് . അതായത് 68 സീറ്റുകൾ.

നേമം , കഴക്കൂട്ടം , തൃശൂർ , മഞ്ചേശ്വരം എന്നീ നാല് മണ്ഡലങ്ങളിൽ ബിജെപിക്ക് ജയസാധ്യത ഉള്ളപ്പോൾ പൂഞ്ഞാറിൽ പിസി ജോർജ്ജിനും കുന്നത്ത് നാട്ടിൽ ട്വൻറി ട്വൻറിക്കും വിജയ സാധ്യത നിലനിൽക്കുന്നു.

ഫലത്തിൽ മറ്റൊരു മാധ്യമങ്ങളും പ്രവചിക്കാത്ത തൂക്കു സഭയാണ് കേരളത്തിൽ മീഡിയ മംഗളം നടത്തിയ സർവേകളിൽ നിന്നും മനസിലാകുന്നത്. എങ്ങോട്ട് വേണമെങ്കിലും മാറി മറിയാൻ സാധ്യതയുള്ള ആ 28 മണ്ഡലങ്ങളാണ് ഇത്തവണ കേരളം ആരു ഭരിക്കുമെന്ന് തീരുമാനിക്കാൻ പോകുന്നത്. കേരളത്തിൽ ഇരു മുന്നണികൾക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമാണ് സംജാതമാകുക എന്നാണ് ലഭിക്കുന്ന സൂചനകൾ വ്യക്തമാക്കുന്നത്. അങ്ങനെയെങ്കിൽ സംസ്ഥാനത്തെ മുന്നണി സമവാക്യങ്ങളിൽ വലിയ അഴിച്ചുപണി പോലും വരും നാളുകളിൽ ഉണ്ടായേക്കാം. അല്ലാത്ത പക്ഷം രാഷ്ട്രപതി ഭരണത്തിലേക്ക് പോലും സംസ്ഥാനം പോകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close