തൂങ്ങിമരിച്ച ഭര്‍ത്താവിന്റെ മൃതദേഹത്തിന് 16 മണിക്കൂര്‍ ഭാര്യ കാവലിരുന്നു

ആലുവ: തൂങ്ങി മരിച്ച ഭര്‍ത്താവിന്റെ മൃതദേഹത്തിന് ഭാര്യ 16 മണിക്കൂര്‍ കാവലിരുന്നു. പെയിന്റിങ് തൊഴിലാളിയായ തോട്ടയ്ക്കാട്ടുകര കുരുതിക്കുഴി ജോഷി (67) ആണ് തിങ്കളാഴ്ച പകല്‍ രണ്ടോടെ ജീവനൊടുക്കിയത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഭാര്യ ലിസി വൈകിട്ടെത്തി വാതില്‍ തുറന്നപ്പോഴാണ് ഭര്‍ത്താവ് തൂങ്ങിനില്‍ക്കുന്നതു കണ്ടത്. അവരുടെ നിലവിളി കേട്ട് അയല്‍വാസികളും എസ്പിയുടെ ക്യാംപ് ഓഫിസിലെ പൊലീസുകാരുമെത്തി. മരിച്ചോ ജീവനുണ്ടോ എന്നറിയാത്തതിനാല്‍ നിലത്തിറക്കി ആശുപത്രിയില്‍ കൊണ്ടുപോകാമെന്നു നാട്ടുകാര്‍ പറഞ്ഞെങ്കിലും സ്റ്റേഷനില്‍ നിന്നു പൊലീസ് എത്താതെ ഒന്നും ചെയ്യരുതെന്നു വന്ന പൊലീസുകാര്‍ വിലക്കി. അവരാണ് സ്റ്റേഷനില്‍ അറിയിച്ചത്.
5.10ന് എസ്ഐയുടെ നേതൃത്വത്തില്‍ പൊലീസ് എത്തി. ആള് മരിച്ചെന്നും 6നു മുന്‍പു മഹസ്സര്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ ഇറക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. ഇതിനിടെ അന്‍വര്‍ സാദത്ത് എംഎല്‍യും മറ്റുമെത്തി. മരിച്ചിട്ട് ഏറെ സമയമായതിനാല്‍ മൃതദേഹം കേടാകാതിരിക്കാന്‍ ചിത്രങ്ങളും വീഡിയോയും എടുത്ത ശേഷം ജില്ലാ ആശുപത്രിയിലേക്കു മാറ്റണമെന്ന് അവര്‍ അപേക്ഷിച്ചെങ്കിലും പൊലീസ് അനുവദിച്ചില്ല. രാവിലെ 6നും വൈകിട്ട് 6നും ഇടയ്ക്കല്ലാതെ ഇന്‍ക്വസ്റ്റ് നടത്തില്ലെന്ന കര്‍ക്കശ നിലപാടാണ് പൊലീസ് സ്വീകരിച്ചത്. ജോഷിയും ലിസിയും മാത്രമാണ് ഈ വീട്ടില്‍ താമസം. മക്കളായ ബ്ലസ്സനും ബേസിലും വിദേശത്താണ്.
ലിസി കീമോ കഴിഞ്ഞു ജോലിക്കു പോയിത്തുടങ്ങിയതേ യുള്ളൂ.ഇന്നലെ രാവിലെ 6 മുതല്‍ വീട്ടുകാര്‍ പൊലീസിനെ കാത്തിരുന്നെങ്കിലും വന്നില്ല. തുടര്‍ന്ന് എംഎല്‍എ വീണ്ടും സിഐയെ വിളിച്ചു. 9നാണ് പൊലീസ് എത്തിയത്.20 മിനിറ്റിനുള്ളില്‍ മഹസ്സര്‍ തയാറാക്കി മൃതദേഹം ജില്ലാ ആശു പത്രിയിലേക്കു മാറ്റി.20 മിനിറ്റ് കൊണ്ടി മഹസര്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെങ്കില്‍ തലേ ദിവസം വൈകിട്ട 5.10ന് എത്തിയ പൊലീസിന് ആറ് മണിക്കു മുമ്പ് മഹസര്‍ എഴുതാമായിരുന്നില്ലേ എന്ന പൊതു പ്രവര്‍ത്തകരുടെ ചോദ്യത്തിന് മുമ്പില്‍ പൊലീസ് മുഖം തിരിച്ചു.