തൃശൂര്‍:കുന്നംകുളത്ത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു. ചൊവ്വന്നൂര്‍ പഞ്ചായത്തിലെ പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപാണ് (36) കൊല്ലപ്പെട്ടത്. മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാത്രി പതിനൊന്നോടെ എരുമപ്പെട്ടി ഇയ്യാല്‍ ചിറ്റിലങ്ങാട്ടാണ് സംഭവം.
സുഹൃത്തിനെ ചിറ്റിലങ്ങാട് എത്തിച്ച് സനൂപും സംഘവും തിരിച്ചുവരുമ്പോഴായിരുന്നു ആക്രമണം. സനൂപ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ആക്രമണത്തില്‍ പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. അക്രമികളുടേതെന്ന് കരുതുന്ന കാര്‍ താലൂക്ക് ആശുപത്രി പരിസരത്ത് നിന്ന് പൊലീസ് കണ്ടെത്തി. കൊലപാതകത്തിന് പിന്നില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് സിപിഐഎം ആരോപിച്ചു.