Breaking NewsKERALANEWS

തൃശൂര്‍ കോര്‍പ്പറേഷനില്‍ വിമതനെ മേയറാക്കി കോര്‍പറേഷന്‍ പിടിക്കാന്‍ യുഡിഎഫ് നീക്കം

തൃശൂര്‍ കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫിന് പിന്തുണ നല്‍കുമെന്ന് അറിയിച്ച വിമത സ്ഥാനാര്‍ത്ഥിയെ കൂടെ കൂട്ടാന്‍ ചര്‍ച്ചകള്‍ സജീവമാക്കി കോണ്‍ഗ്രസ്. ടി.എന്‍.പ്രതാപന്‍ എം.പിയും ഡി.സി.സി. പ്രസിഡന്റ് എം.പി. വിന്‍സെന്റും എം.കെ.വര്‍ഗീസുമായി ചര്‍ച്ച നടത്തിയത്.യു.ഡി.എഫിനൊപ്പം വന്നാല്‍ അഞ്ചു വര്‍ഷം മേയറാക്കാമെന്നാണ് വാഗ്ദാനം. എല്‍.ഡി.എഫാകട്ടെ വര്‍ഗീസിനെ തുടക്കത്തില്‍തന്നെ മേയര്‍ പദവി നല്‍കാന്‍ തയാറല്ല.തൃശൂര്‍ കോര്‍പറേഷനില്‍ എല്‍.ഡി.എഫിനൊപ്പം സഹകരിക്കുമെന്നായിരുന്നു എം.കെ.വര്‍ഗീസിന്റെ തുടക്കത്തിലെ നിലപാട്. പക്ഷേ, മേയര്‍ പദവി സംബന്ധിച്ച് കൃത്യമായ ഓഫര്‍ ഇനിയും എല്‍.ഡി.എഫ് മുന്നോട്ടു വച്ചിട്ടില്ല. കോര്‍പറേഷന്‍ ഭരണത്തിന്റെ തുടക്കത്തില്‍ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ.ഷാജനെ മേയറാക്കണമെന്നാണ് ഇടതുമുന്നണിയുടെ ആഗ്രഹം.

ആറു മാസത്തിനുള്ളില്‍ പുല്ലഴി ഡിവിഷനിലെ തിരഞ്ഞെടുപ്പ് നടക്കും. ഈ വാര്‍ഡില്‍ ജയം ഉറപ്പിച്ചാല്‍ പിന്നെ, എം.കെ.വര്‍ഗീസിന്റെ പിന്തുണ എല്‍.ഡി.എഫിന് ആവശ്യമില്ല.അതേ സമയം ഏത് മുന്നണിക്ക് പിന്തുണ നല്‍കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് എം.കെ വര്‍ഗീസ് പറഞ്ഞു.കോര്‍പ്പറേഷന്‍ ഭരണത്തില്‍ എല്‍.ഡി.എഫിന് പിന്തുണ നല്‍കാനാണ് കൂടുതല്‍ സാധ്യതയെന്നാണ് നെട്ടിശ്ശേരിയില്‍ നിന്നും വിജയിച്ച് കോണ്‍ഗ്രസ്സ് വിമത സ്ഥാനാര്‍ത്ഥി എം കെ വര്‍ഗീസ് അറിയിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് വര്‍ഗീസിനെ ഒപ്പം നിര്‍ത്താനുള്ള ചര്‍ച്ചകള്‍ യു.ഡി.എഫ് സജീവമാക്കിയത്.

ഇരുപത്തിനാലു സീറ്റുകളാണ് നിലവില്‍ എല്‍.ഡി.എഫിന്. ഇരുപത്തി മൂന്ന് സീറ്റാണ് യു.ഡി.എഫിന്. വിമതന്‍ എല്‍.ഡി.എഫിലേക്ക് വന്നാല്‍ ഇരുപത്തിയഞ്ചാകും എണ്ണം. അപ്പോള്‍ പിന്നെ, എല്‍.ഡി.എഫിന് ഭരണം പിടിക്കാം. ഇനി, യു.ഡി.എഫിനൊപ്പം പോയാല്‍ ഇരുകക്ഷികള്‍ക്കും തുല്യമാകും. പിന്നെ, നറുക്കെടുപ്പിലൂടെ മാത്രമേ ഭരണം തീരുമാനിക്കാന്‍ കഴിയൂ. വരാനിരിക്കുന്ന പുല്ലഴി ഡിവിഷനില്‍ ഭരണം പിടിക്കുക. വിമതനെ ഒപ്പം കൂട്ടുക. ഈ രണ്ടു വഴിയാണ് യു.ഡി.എഫിന് ഭരണം പിടിക്കാനുള്ളത്. പുല്ലഴിയാകട്ടെ നിലവില്‍ എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റുമാണ്.ഇതോടെ തൃശൂര്‍ കോര്‍പ്പറേഷന്റെ ഭരണം ആര്‍ക്കാണെന്ന കാര്യത്തില്‍ വീണ്ടും അനിശ്ചിതത്വം തുടരുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close