KERALATrending

തൃശൂര്‍ ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു

കൊച്ചി: കോവിഡ് വ്യാപനത്തില്‍ വിറങ്ങലിച്ച് തൃശൂര്‍ ജില്ല. ദിനംപ്രതി രോഗവ്യാപനം രൂക്ഷമാകുകയാണ്. ആറ് ദിവസത്തിനിടെ ആറായിരത്തിനടുത്ത് ആളുകള്‍ക്കാണ് തൃശൂരില്‍ മാത്രം കോവിഡ് സ്ഥിരീകരിച്ചത്.ഇന്നലെ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തൃശൂരിലാണ്. ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം കടുപ്പിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയും അഞ്ചു നഗരസഭാ പ്രദേശങ്ങളും ഉള്‍പ്പെടുന്നു.
സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങരുത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ കടകളില്‍ കച്ചവടം നടത്തരുതെന്നാണ് നിര്‍ദേശം. മുപ്പതിലേറെ രോഗികളുള്ള പ്രദേശം പൂര്‍ണമായും അടച്ചിടും. പല പഞ്ചായത്തുകളിലും രോഗവ്യാപനം തീവ്രമാകുകയാണ്.ജയ്ഹിന്ദ്, ശക്തന്‍ മാര്‍ക്കറ്റുകള്‍ ഏറെ ദിവസമായി അടഞ്ഞുകിടക്കുകയാണ്. മാര്‍ക്കറ്റുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ ജില്ലയില്‍ പച്ചക്കറി സാധനങ്ങള്‍ക്ക് അനിയന്ത്രിതമായി വില വര്‍ധിക്കുന്ന സാഹചര്യവുമുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ല പൂര്‍ണമായി അടച്ചിട്ടതുപോലെ തൃശൂരില്‍ നിയന്ത്രണം കടുപ്പിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 43,893 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 79,90,322 ആയി ഉയര്‍ന്നു. നിലവില്‍ കോവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത് 6,10,803 പേരാണ്. ഇതുവരെ 72,59,509 പേര്‍ കോവിഡ് മുക്തി നേടി. ഇന്നലെ മാത്രം 58,439 പേര്‍ രോഗമുക്തി നേടിയതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 508 പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,20,010 ആയി.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close