KERALANEWS

തൃശ്ശൂരില്‍ ഗുണ്ടാക്രമണം തുടര്‍ക്കഥയാകുന്നു

തൃശൂര്‍: ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം തൃശൂരില്‍ വീണ്ടും ഗുണ്ടാ ആക്രമണം. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ വ്യാപകമായി റെയ്ഡ് നടത്തി ഗുണ്ടകളെ അമര്‍ച്ച ചെയ്തു എന്ന് പോലീസ് പറഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ജില്ലയുടെ വിവിധയിടങ്ങളില്‍ ഗുണ്ടാ ആക്രമണം നടന്നത്. രണ്ടാഴ്ച്ചക്കിടെ ഒന്‍പത് കൊലപാതകങ്ങള്‍ നടന്നപ്പോഴായിരുന്നു പോലീസ് ഗുണ്ടാവേട്ടക്കിറങ്ങിയത്. വാളെടുത്തവര്‍ ലാത്തിയുടെ മുന്നില്‍ കീഴടങ്ങി. നിരവധി ഗുണ്ടകള്‍ അകത്തായി. എന്നിട്ടും ജില്ലയില്‍ ഗുണ്ടകള്‍ക്ക് ക്ഷാമമില്ല എന്നതാണ് അക്രമങ്ങള്‍ കാണിക്കുന്നത്. മുന്‍പ് വാളെടുത്തവര്‍ ഇപ്പോള്‍ പരസ്യമായി തോക്കെടുക്കുന്ന അവസ്ഥയിലേക്കെത്തി.

കഴിഞ്ഞ ദിവസം മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലെത്തിയതിനെ തുടര്‍ന്ന് ഗുണ്ടാസംഘാംഗത്തിനു പരിക്ക്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട പാടുക്കാട് സ്വദേശി ബിജു വര്‍ഗീസിനെ (30) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. പെരിങ്ങാവിലെ ഒഴിഞ്ഞ പറമ്പില്‍ ഒരുമിച്ചിരുന്നു മദ്യപിക്കുന്നതിനിടെയാണു തര്‍ക്കവും സംഘര്‍ഷവും. തക്കാളി ബിജു എന്നറിയപ്പെടുന്ന ബിജു ഇരുമ്പുവടികൊണ്ട് ബിജു വര്‍ഗീസിന്റെ തലയില്‍ അടിച്ചു. തുടര്‍ന്ന് സംഘാംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുമുണ്ടായി. ശബ്ദംകേട്ട് അയല്‍വാസികള്‍ എത്തുന്നതു കണ്ട് സംഘാംഗങ്ങള്‍ പരിക്കേറ്റ ബിജുവിനേയും കൊണ്ട് സ്ഥലം വിടുകയും ബിജുവിനെ വാഹനാപകടത്തില്‍ പരിക്കേറ്റതാണെന്നു പറഞ്ഞ് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ തേടുകയും ചെയ്തു. ഇതിനിടെ നാട്ടുകാര്‍ വിവരം നല്‍കിയതനുസരിച്ച് ആശുപത്രിയിലെത്തിയ വിയ്യൂര്‍ പോലീസിനെ കണ്ട് ബിജുവിനെ എത്തിച്ചവര്‍ ആശുപത്രിയുടെ പിന്നിലെ പാടം വഴി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ബിജുവിനെ ബന്ധുക്കളെത്തി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

ഓര്‍ഡര്‍ ചെയ്ത ഷവര്‍മ കാറില്‍ എത്തിച്ച് കൊടുക്കാത്തതിനു ഹോട്ടല്‍ ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ വാടാനപ്പള്ളി പോലീസ് കേസെടുത്തു. വാടാനപ്പള്ളി ചേലോട് സ്വദേശി ഹബീബിനെതിരെയാണു പോലീസ് കേസെടുത്തത്. തിങ്കളാഴ്ച രാത്രി ഏങ്ങണ്ടിയൂരിലെ സ്വകാര്യ ഹോട്ടലിലേക്ക് കാറിലെത്തിയ ഇയാള്‍ ഷവര്‍മ ഓര്‍ഡര്‍ ചെയ്തു. ജീവനക്കാരന്‍ പാര്‍സല്‍ എത്തിച്ചതോടെ കാറില്‍ വയ്ക്കാന്‍ ആവശ്യപ്പെട്ടു. കൊവിഡ് പശ്ചാത്തലത്തില്‍ സ്ഥാപനത്തിനു പുറത്തിറങ്ങാന്‍ കഴിയില്ലെന്ന് ജീവനക്കാരന്‍ അറിയിച്ചതോടെ ഇയാള്‍ തോക്ക് ചൂണ്ടുകയായിരുന്നുവത്രെ. ഇതോടെ ജീവനക്കാരന്‍ ഓടി രക്ഷപ്പെട്ടു. തിരിച്ചു പോയ ഇയാള്‍ പിന്നീട് ബൈക്കിലെത്തി വീണ്ടും മടങ്ങിപ്പോയെന്നും പറയുന്നു.

വടക്കാഞ്ചേരി കുമരനെല്ലൂര്‍ ഒന്നാംകല്ലില്‍ വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ കത്തിച്ചു. കിണറാമാക്കല്‍ കുന്നത്ത് വീട്ടില്‍ ജയചന്ദ്രന്റെ വീട്ടില്‍ രണ്ട് ഓട്ടോറിക്ഷകളും രണ്ടു ബൈക്കുകളുമാണു തീപിടിത്തത്തില്‍ കത്തിയത്. ഇതില്‍ ഒരു ഓട്ടോറിക്ഷ പൂര്‍ണമായും മറ്റു മൂന്നു വാഹനങ്ങള്‍ ഭാഗികമായും കത്തിനശിച്ചു. ഒരു ഓട്ടോറിക്ഷ ജയന്റെ സഹോദരന്റെയും മറ്റൊരു ഓട്ടോറിക്ഷ അയല്‍വാസിയായ ഷിന്റോയുടേതുമാണ്. തിങ്കളാഴ്ച അര്‍ധരാത്രിയിലായിരുന്നു സംഭവം. രണ്ടുപേര്‍ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി ഓടുകയായിരുന്നു. ഇന്‍സ്പെക്ടര്‍ കെ മാധവന്‍കുട്ടി, എഎസ്‌ഐ ദിലീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസെത്തി പരിശോധിച്ചു കേസെടുത്ത് അന്വേഷിച്ചുവരുന്നു. കല്ലംപാറ സ്വദേശിയായ സുരയുമായി മാസങ്ങള്‍ക്ക് മുന്‍പുണ്ടായ ഏറ്റുമുട്ടലിന്റെ ബാക്കിയാണ് ഇതെന്ന് പോലീസ് പറയുന്നു. പ്രതികളെ കുറിച്ചുള്ള വ്യക്തമായ സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധര്‍ എത്തി പരിശോധിച്ചു. ജയചന്ദ്രന്‍ സിപിഎം അനുഭാവിയും സുര ബിജെപി അനുഭാവിയുമാണ്. നേരത്തെ ഇവര്‍ രണ്ടുപേരും ഒരുമിച്ചാണു പ്രവര്‍ത്തിച്ചിരുന്നതെന്നു പറയുന്നു. തുടരെ തുടരെ അരങ്ങേറുന്ന അക്രമ സംഭവങ്ങള്‍ തൃശ്ശൂരിന്റെ സാമൂഹേയ സ്ഥിതിയെ ബാധിക്കുകയാണ്

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close