AMERICA 2020

തെരഞ്ഞെടുപ്പിന്‍റെ നടപടിക്രമങ്ങള്‍

അന്‍പത്തി ഒന്‍പതാം പ്രസിഡന്റ് തെരഞ്ഞെടുപ്പാണ് ഈ വര്‍ഷം നടക്കുക. പ്രസിഡന്റ് സ്ഥാനം ഏല്‍ക്കുമ്പോള്‍ 35 വയസ് ഉണ്ടായിരിക്കണം എന്ന് വ്യവസ്ഥയുണ്ട്. അമേരിക്കയില്‍ ജനിച്ചയാള്‍ ആയിരിക്കണം. അധികാരം ഏല്‍ക്കും മുന്‍പ് 14 വര്‍ഷമെങ്കിലും അമേരിക്കയില്‍ താമസിച്ചിരിക്കണം. കടുത്ത വലതുപക്ഷ സ്വഭാവമുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും മധ്യവര്‍ത്തികളായ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുമാണ് മത്സരിക്കുന്ന പ്രധാന കക്ഷികള്‍. തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ജനുവരി മുതല്‍ ജൂലൈ വരെ നീളുന്ന നിരവധി സംസ്ഥാനതല പ്രൈമറി തെരഞ്ഞെടുപ്പുകള്‍ നടത്തിയാണ് പാര്‍ട്ടികള്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുക. റജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരാണ് പങ്കെടുക്കുക. ചില സംസ്ഥാനങ്ങളില്‍ പ്രൈമറിക്കു പകരം കോക്കസ് എന്ന ഏര്‍പ്പാടുമുണ്ട്. പാര്‍ട്ടി നേതൃത്വത്തിനു നിയന്ത്രണം നിലനിര്‍ത്താനുള്ള ഏര്‍പ്പാടാണത്. സംസ്ഥാനത്തെ പൗരന്മാര്‍ കൂടിയിരുന്നു ചര്‍ച്ച ചെയ്തു സ്ഥാനാര്‍ത്ഥിയെ നിര്‍ദേശിക്കും. ലോക്കല്‍ നേതാക്കന്മാരുടെ പിടിയിലാകും അവിടെ കാര്യങ്ങള്‍ നടക്കുക. അയോവ, നെവാഡ, ഹവായ്, നോര്‍ത്ത് ഡക്കോട്ട, കെന്റക്കി, വ്യോമിംഗ് എന്നീ സംസ്ഥാനങ്ങളിലാണ് ഈ വര്‍ഷം കോക്കസുകള്‍ നടന്നത്.

പ്രൈമറികളില്‍ സംസ്ഥാനങ്ങളില്‍ നിന്നു ദേശീയ കണ്‍വെന്‍ഷനിലേക്കുള്ള പരമാവധി പ്രതിനിധികളുടെ പിന്തുണ നേടുന്ന സ്ഥാനാര്‍ഥിയെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശം ചെയ്യും. തെരഞ്ഞടുപ്പിനു മുന്‍പുള്ള ജൂലൈക്കും സെപ്റ്റംബറിനും ഇടയിലാണ് പാര്‍ട്ടികള്‍ അതിനുള്ള കണ്‍വെന്‍ഷനുകള്‍ നടത്തുക. കണ്‍വെന്‍ഷനു മുന്‍പോ അത് കഴിഞ്ഞോ പ്രസിഡന്റ് സ്ഥാനാര്‍ഥിക്കു വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദേശം ചെയ്യാം. ആ തീരുമാനത്തില്‍ തന്നെ സ്ഥാനാര്‍ത്ഥിയുടെ മികവ് ജനങ്ങള്‍ വിലയിരുത്തും. പ്രസിഡന്റിന് അധികാരത്തിലിരിക്കെ മരണം സംഭവിക്കുകയോ രാജി വച്ചൊഴിയേണ്ടി വരികയോ ചെയ്താല്‍ അധികാരം ഏല്‍ക്കാന്‍ കെല്‍പുള്ളയാള്‍ എന്നതാണ് വൈസ് പ്രസിഡന്റില്‍ നിന്നു പ്രധാനമായും പ്രതീക്ഷിക്കുന്നത്.
ഇത്തവണ ട്രംപിനു (74 വയസ്) പ്രൈമറി മത്സരങ്ങള്‍ വേണ്ടി വന്നില്ല. അദ്ദേഹത്തെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടി മടിച്ചില്ല. എന്നാല്‍ ബൈഡന്‍ (77) പ്രൈമറികളില്‍ നിരവധി എതിരാളികളെ നേരിട്ടു. ആധുനിക യു എസ് ചരിത്രത്തില്‍ തന്നെ ഏറ്റവും അധികം പേര്‍ മത്സരിച്ച പ്രൈമറികള്‍ എന്നു നിരീക്ഷകര്‍ കുറിക്കുന്നു. സോഷ്യലിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ബെര്‍ണി സാന്‍ഡേഴ്സ് ആയിരുന്നു പ്രധാന വെല്ലുവിളി. പക്ഷെ പാതി വഴിയില്‍ സാന്‍ഡേഴ്സ് പിന്മാറുകയും ബൈഡനു പിന്തുണ പ്രഖ്യാപിക്കയും ചെയ്തു. മാറ്റങ്ങള്‍ കൊതിക്കുന്നവരാണ് സാന്‍ഡേഴ്‌സിന്റെ കൂടെ നില്‍ക്കുന്നവര്‍. പക്ഷെ പാര്‍ട്ടിയുടെ ഉറച്ച പിന്തുണ മുന്‍ വൈസ് പ്രസിഡന്റിനായിരുന്നു. വിജയസാധ്യത ആണ് അതില്‍ പരിഗണിക്കപ്പെട്ടത്. ചില പ്രസിഡന്റുമാര്‍ വൈസ് പ്രസിഡന്റിനു കൂടുതല്‍ ഉയര്‍ന്ന ഉത്തരവാദിത്തങ്ങള്‍ നല്‍കാറുണ്ട്. സമീപ ചരിത്രത്തില്‍ ബരാക്ക് ഒബാമ അത് ചെയ്തു. ഇപ്പോള്‍ സ്ഥാനാര്‍ഥിയായ ജോ ബൈഡനു അന്ന് ഒബാമ സാമ്പത്തിക പുനരുദ്ധാരണ ചുമതല നല്‍കി. ട്രംപ് ഇക്കുറിയും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനെ തന്നെ കൂടെ കൂട്ടി. നാലു വര്‍ഷത്തിനിടെ പെന്‍സിന്റെ പേരു തന്നെ അമേരിക്ക അധികം കേട്ടിട്ടില്ല.

ബൈഡന്‍ ഇന്ത്യന്‍ രക്തമുള്ള കലിഫോണിയ സെനറ്റര്‍ കമല ഹാരിസിനെ തെരഞ്ഞെടുത്തത് ഡെമോക്രറ്റുകള്‍ക്കിടയില്‍ ആവേശമായി. വനിതാ വോട്ടുകളും ഏഷ്യന്‍ വോട്ടുകളും മാത്രമല്ല ലക്ഷ്യം. എന്നും പാര്‍ട്ടിയുടെ കൂടെ നില്‍ക്കുന്ന ആഫ്രിക്കന്‍ വോട്ടുകളും പ്രതീക്ഷിക്കുന്നു. കാരണം, ഹാരിസിന്റെ പിതാവ് ജമൈക്കന്‍ ആയിരുന്നു. ജനങ്ങള്‍ക്കു സ്ഥാനാര്‍ത്ഥികളെ നേരിട്ട് വിലയിരുത്താന്‍ അവസരം നല്‍കുന്ന സംവാദങ്ങള്‍ അമേരിക്കയില്‍ ആരംഭിച്ച സവിശേഷതയാണ്. 1992 ല്‍ അമേരിക്കയുടെ ഏറ്റവും ദരിദ്രമായ അര്‍ക്കന്‍സോ സംസ്ഥാനത്തു ഗവര്‍ണര്‍ ആയിരുന്ന ബില്‍ ക്ലിന്റണ്‍ എന്ന ‘അജ്ഞാതന്‍’ ശക്തനായ എതിരാളി ജോര്‍ജ് ബുഷ് സീനിയറിനെ വീഴ്ത്തിയത് സംവാദങ്ങളില്‍ ആയിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു സംവാദം മാത്രമേയുള്ളൂ. അഭിപ്രായ വോട്ടെടുപ്പുകളാണ് ജനങ്ങള്‍ കാത്തിരിക്കാറുള്ള മറ്റൊരു സവിശേഷത. അവയില്‍ ശരാശരി അഞ്ചു ശതമാനത്തിലേറെ ലീഡ് തുടര്‍ച്ചയായി ലഭിക്കുന്ന സ്ഥാനാര്‍ഥി ജയിക്കും എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ അപ്രതീക്ഷിത ഘടകങ്ങള്‍ അവസാന ദിവസം വരെ സ്വാധീനിക്കാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close