KERALA

തെരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ തകൃതി; വോട്ടിങ് മെഷീനുകളുടെ ആദ്യ പരിശോധന പൂർത്തിയായി

തിരുവനന്തപുരം :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ജില്ലയിൽ അതിവേഗം പുരോഗമിക്കുന്നു. വോട്ടെടുപ്പിന് ആവശ്യമായ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ആദ്യ ഘട്ട പരിശോധന ഇന്നലെ (10 ഒക്ടോബർ 2020) പൂർത്തിയായി. വോട്ടെണ്ണൽ കഴിയുംവരെ കനത്ത സുരക്ഷയിലാകും ഇനി ഈ മെഷീനുകൾ സൂക്ഷിക്കുക.

ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്ജ്യോത് ഖോസയുടെ മേൽനോട്ടത്തിൽ ഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യാ ലിമിറ്റഡിലെ എൻജിനീയർമാരാണ് വോട്ടിങ് മെഷീനുകളുടെ സാങ്കേതിക പരിശോധന പൂർത്തിയാക്കിയത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്ന കേബിൾ, കണക്ടർ, അവ കൊണ്ടുപോകുന്നതിനുള്ള പെട്ടി എന്നിവ പരിശോധിച്ച് കേടില്ലെന്ന് ഉറപ്പുവരുത്തുന്നതാണ് ആദ്യ ഘട്ട പരിശോധന. കൺട്രോൾ യൂണിറ്റിന്റെയും ബാലറ്റ് യൂണിറ്റിന്റെയും എല്ലാ സ്വിച്ചുകളും ഫ്ളാപ്പുകളും സീൽ ചെയ്യുന്നതിനുള്ള ഭാഗങ്ങളും പരിശോധിച്ച് വോട്ടിങ് മെഷീനിന്റെ പ്രവർത്തന ക്ഷമതയും ഉറപ്പാക്കി. പരിശോധന പൂർത്തിയാക്കിയ കൺട്രോൾ യൂണിറ്റ് പൂർണമായി ഡി.എം.എം. സീലും പിങ്ക് പേപ്പർ സീലും ഉപയോഗിച്ചു മുദ്രവച്ചു. കനത്ത സുരക്ഷയിൽ പ്രത്യേക കേന്ദ്രത്തിലാണ് ഈ യന്ത്രങ്ങൾ സൂക്ഷിക്കുന്നത്. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ജോൺ സാമുവൽ പരിശോധനാ നടപടികൾ ഏകോപിപ്പിച്ചു.

പൂർണമായും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ചാണു വോട്ടെടുപ്പ് നടത്തുന്നത്. ത്രിതല പഞ്ചായത്തുകളിൽ ഉപയോഗിക്കുന്ന മൾട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ ഒരു കൺട്രോൾ യൂണിറ്റും മൂന്നു ബാലറ്റ് യൂണിറ്റുകളുമുണ്ടാകും. ഇതിനായി ആകെ 2859 കൺട്രോൾ യൂണിറ്റുകളും 8651 ബാലറ്റ് യൂണിറ്റുകളുമാണ് ജില്ലയിൽ ഉപയോഗിക്കുന്നത്. മുൻസിപ്പാലിറ്റികളിലും കോർപ്പറേഷനിലും ഒരു കൺട്രോൾ യൂണിറ്റും ഒരു ബാലറ്റ് യൂണിറ്റുമാണ് വോട്ടെടുപ്പിനായി ഉപയോഗിക്കുന്നത്.

ജില്ലയിൽ 73 ഗ്രാമ പഞ്ചായത്തുകളിലായി 1,299 വാർഡുകളാണുള്ളത്. 11 ബ്ലോക്ക് പഞ്ചായത്തുകളിൽ 155ഉം ജില്ലാ പഞ്ചായത്തിൽ 26-ഉം വാർഡുകളുമുണ്ട്. നെയ്യാറ്റിൻകര, നെടുമങ്ങാട്, ആറ്റിങ്ങൽ, വർക്കല മുനിസിപ്പാലിറ്റികളിലായി 147ഉം തിരുവനന്തപുരം കോർപ്പറേഷനിൽ 100ഉം വാർഡുകളാണുള്ളത്. ഇവയടക്കം 90 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 1,727 വാർഡുകളിലേക്കാണ് ജില്ലയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close