Breaking NewsKERALANEWSTop News

തെരഞ്ഞെടുപ്പിലെ നാണം കെട്ട തോൽവിക്ക് പിന്നാലെ ബിജെപിയെ കുഴപ്പത്തിലാക്കിയത് കുഴൽപ്പണ കേസും; പ്രതികളെ സംരക്ഷിക്കുന്നത് പാർട്ടി ജില്ലാ പ്രസിഡന്റ് എന്ന് വിമർശനം; ബിജെപി തൃശ്ശൂർ ജില്ലാ ഘടകത്തിൽ ചേരിപ്പോര് രൂക്ഷം

തൃശൂർ: ബിജെപി തൃശ്ശൂർ ജില്ലാ ഘടകത്തിൽ ചേരിപ്പോര് രൂക്ഷം. ജില്ല പ്രസിഡൻറ്​ കെ.കെ. അനീഷ്കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം നേതാക്കൾ രംഗത്തെത്തിയതോടെയാണ് ജില്ലയിലെ ബിജെപിക്കുള്ളിൽ കലാപം രൂക്ഷമായത്. കൊടകര കുഴൽപണ കവർച്ച കേസിൽ പൊലീസ് ചോദ്യം ചെയ്യലിനായി ആരോപണ വിധേയർക്കൊപ്പം ജില്ല പ്രസിഡ​ൻറ്​ എത്തിയതാണ് ഒരു വിഭാ​ഗം നേതാക്കളെ ചൊടിപ്പിച്ചത്. പൊതുസമൂഹത്തിൽ ബിജെപി നേതാക്കളെന്നാൽ തട്ടിപ്പുകാരും അവരെ സംരക്ഷിക്കുന്നവരുമാണെന്ന സന്ദേശമാണ് ജില്ലാ പ്രസിഡന്റ് നൽകിയതെന്നും ഇത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്നു എന്നുമാണ് എതിർ വിഭാ​ഗം ആരോപിക്കുന്നത്. ഇതുസംബന്ധിച്ച്​ വിവിധ മണ്ഡലം ഭാരവാഹികളും ജില്ല നേതാക്കളും ആർ.എസ്.എസ് നേതൃത്വത്തിന് പരാതി നൽകി.

കഴിഞ്ഞ ദിവസമാണ് കുഴൽപണ കവർച്ച കേസിൽ ആരോപണ വിധേയരായ ജില്ല ജനറൽ സെക്രട്ടറി കെ.ആർ. ഹരി, ട്രഷറർ സുജയ് സേനൻ, മേഖല സെക്രട്ടറി ജി. കാശിനാഥൻ എന്നിവരെ പൊലീസ് വിളിപ്പിച്ചത്. തൃശൂർ പൊലീസ് ക്ലബിലായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിനായി മൂന്നുപേരും എത്തിയത് പാർട്ടിയുടെ വാഹനത്തിലായിരുന്നു. മുൻ സീറ്റിൽ ജില്ല പ്രസിഡൻറ്​ കെ.കെ. അനീഷ്കുമാറും ഒപ്പമുണ്ടായിരുന്നു. ഇവർക്കൊപ്പം അനീഷ്കുമാറും പൊലീസ് ക്ലബിൽ ഇറങ്ങുകയും ചെയ്തു. ഇതി​ൻെറ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഉയർന്നത്.

കുഴൽപണ കവർച്ച കേസിന് പിന്നിൽ പാർട്ടിയിലെ ഗ്രൂപ്പിസമാണെന്നും ജില്ല നേതാക്കളെ കുടുക്കാൻ ജില്ലയിലെ സംസ്ഥാന നേതാവി​െൻറ നേതൃത്വത്തിൽ നടത്തിയ നീക്കമാണെന്നുമുള്ള ആരോപണത്തിലായിരുന്നു ജില്ല നേതൃത്വം. ഇക്കാര്യമറിയിച്ച് അനീഷി​െൻറ നേതൃത്വത്തിൽ ആരോപണ വിധേയരായ കെ.ആർ. ഹരിയും സുജയ് സേനനും ആർ.എസ്.എസ് നേതൃത്വത്തിനും ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനും പരാതി നൽകിയിരുന്നു.

എന്നാൽ, അതിൽ നടപടി ഉണ്ടായിരുന്നില്ല. പാർട്ടിക്ക് പങ്കില്ലെന്ന നിലപാടിലായിരുന്നു ഇതുവരെയും നേതാക്കളെങ്കിലും പലരും സംശയനിഴലിലായതിനാലാണ്​ ജില്ല നേതൃത്വത്തിനെതിരെ പ്രതിഷേധമുയരുന്നത്. ആരോപണ വിധേയർ നേരത്തെയും വിവിധ കേസുകളിൽ ഉൾപ്പെട്ടതാണ് പ്രവർത്തകരെ സംശയത്തിലാക്കുന്നത്. ഇരിങ്ങാലക്കുടയിൽ പാർട്ടി അംഗമല്ലാത്തയാളെ പുറത്താക്കിയതുമായി ബന്ധപ്പെട്ട സമൂഹമാധ്യമ പ്രതികരണത്തിലും നേതാക്കൾക്കെതിരെ രൂക്ഷ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഇതിനിടെ ആർ.എസ്.എസ് നേതൃത്വം അനീഷ്കുമാറിനെയും നേതാക്കളെയും ഓഫിസിലേക്ക് വിളിപ്പിച്ച് വിശദാംശങ്ങൾ തേടിയതായും സൂചനയുണ്ട്.

തെരഞ്ഞെടുപ്പിലെ നാണംകെട്ട തോൽവിക്ക് പിന്നാലെയാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കിയ കുഴൽപ്പണ കേസും വിവാദമായത്. ഇതോടെ ജില്ലാ നേതൃത്വം പ്രതിസന്ധിയിലായി. യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, ആർഎസ്എസ് പ്രവർത്തകൻ ധർമരാജൻ എന്നിവരെ രണ്ട് ദിവസം മുൻപ് പൊലീസ് ചോദ്യം ചെയ്തിരുന്നു. ഏപ്രിൽ മൂന്നിന് കാർ അപകടം സൃഷ്ടിച്ച് 25 ലക്ഷം രൂപയും കാറും കവർന്നെന്ന പരാതി കൊടകര സ്റ്റേഷനിൽ ഡ്രൈവർ ഷംജീറിനെക്കൊണ്ടു കൊടുപ്പിച്ചത് ധർമരാജനാണ്. പണം കൊടുത്തുവിട്ടത് സുനിൽ നായിക് ആണെന്നു പൊലീസ് കണ്ടെത്തിയിരുന്നു.അന്വേഷണം ബിജെപി നേതാക്കളിലേക്കു നീണ്ടതോടെ പാർട്ടിയിൽ പ്രതിസന്ധി ഉടലെടുത്തു. ബിജെപി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വൻതോതിൽ കുഴൽപണം എത്തിച്ചതായി സിപിഎമ്മും കോൺഗ്രസും ആരോപിച്ചിരുന്നു.

ഒറ്റ സംഭവത്തിൽ തന്നെ 3.5 കോടി രൂപയുടെ ഇടപാട് കണ്ടെത്തിയതോടെ ഈ ആരോപണത്തിനു ബിജെപി മറുപടി പറയേണ്ടി വരും. കേരളത്തിലെ ആർഎസ്എസ്– ബിജെപി ബന്ധത്തിലും സംഭവം വിള്ളലുണ്ടാക്കിയിട്ടുണ്ട്.ഇതുവരെ 19 പേർ അറസ്റ്റിലായ കേസിൽ ഒരു കോടിയിലേറെ രൂപയും കണ്ടെടുത്തിട്ടുണ്ട്. ബാക്കി പണം എവിടെയെന്ന അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്. ഡിഐജി എ.അക്ബറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close