KERALANEWS

തെരഞ്ഞെടുപ്പിലെ പ്രചാരണത്തിന് പ്ലാസ്റ്റിക്, പിവിസി തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ല: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍

തിരുവന്തപുരം: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ പ്രചാരണത്തിന് പ്ലാസ്റ്റിക്, പിവിസി തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍. വ്യക്തികളെ അധിക്ഷേപിക്കുന്നതും അശ്ലീലകരവും അപകീര്‍ത്തിപ്പെടുത്തുന്നതും മതവികാരം ഉണര്‍ത്തുന്നതുമായ ഒരു പരസ്യവും തെരഞ്ഞെടുപ്പുവേളയില്‍ ഉണ്ടാകരുതെന്നും പുതുക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.നിലവിലുള്ള നിയമത്തിന് വിരുദ്ധമായി തെരഞ്ഞെടുപ്പ് പരസ്യം സ്ഥാപിക്കുകയോ, പതിപ്പിക്കുകയോ ചെയ്യരുത്. ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയിലും പൊതുജനങ്ങള്‍ക്ക് ശല്യമോ അപകടമോ ഉണ്ടാകുന്ന രീതിയിലും പരസ്യം സ്ഥാപിക്കുവാന്‍ പാടില്ല. വോട്ടെടുപ്പിന് ശേഷം പോളിംഗ് സ്റ്റേഷനുകളിലും കേന്ദ്രങ്ങളിലും അവശേഷിക്കുന്ന എല്ലാതരം മാലിന്യങ്ങളും നിര്‍മ്മാര്‍ജ്ജനം ചെയ്യണം. വോട്ടെടുപ്പ് അവസാനിച്ചാല്‍ ഉടന്‍ തന്നെ അതാത് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ കക്ഷികളും പരസ്യം നീക്കം ചെയ്ത് നശിപ്പിക്കണം.പോളിംഗ് സ്റ്റേഷന്‍, വിതരണ സ്വീകരണ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവയ്ക്കായി ഉപയോഗിക്കുന്ന പൊതു സ്വകാര്യ കെട്ടിടങ്ങളിലെ ചുമരുകളിലും പരിസരത്തും ബോധവല്‍ക്കരണത്തിനായി പതിക്കുന്ന പോസ്റ്ററുകളും ബോര്‍ഡുകളും മറ്റും നീക്കം ചെയ്ത് വൃത്തിയാക്കുന്നതിന് ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണം. കേരള ഹൈക്കോടതിയും സംസ്ഥാന സര്‍ക്കാരും പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിലും കോവിഡ്-19 വ്യാപന പശ്ചാത്തലത്തിലുമാണ് പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close