
വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വൈറസിനെ കുറിച്ച് തെറ്റിദ്ധാരണയുണ്ടാകും വിധമുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പോസ്റ്റുകള്‍ക്കെതിരെ നടപടിയുമായി ട്വിറ്ററും ഫേസ്ബുക്കും. കോവിഡിനെ സാധാരണ ജലദോഷ പനിയോട് താരതമ്യപ്പെടുത്തിയാണ് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.ശനിയാഴ്ച ട്രംപിന്റെ പോസ്റ്റ് ഫേസ്ബുക്ക് നീക്കം ചെയ്തിരുന്നു. എന്നാല്‍ അതിനു മുന്‍പു തന്നെ പോസ്റ്റ് 26,000 പേര് ഷെയര്‍ ചെയ്തിരുന്നു. കോവിഡിന്റെ ഗുരുതരാവസ്ഥ നിസാരവത്കരിക്കുന്ന തരത്തിലുള്ളതാണ് ട്രംപിന്റെ പോസ്റ്റെന്നും അതിനാല്‍ നീക്കം ചെയ്യുകയാണെന്നുമാണ് ഫേസ്ബുക്ക് വക്താവ് അറിയിച്ചത്.ജലദോഷപ്പനി മൂലം ആയിരക്കണക്കിനാളുകള്‍ വര്‍ഷം തോറും മരിക്കുന്നത് പതിവാണെന്നാണ് ട്രംപ് ട്വീറ്റില്‍ പറഞ്ഞത്. നിസാരമായ രോഗത്തിന്റെ പേരില്‍ രാജ്യമൊട്ടാകെ അടച്ചിടേണ്ട ആവശ്യമുണ്ടോയെന്നും പനിയോടൊപ്പം ജീവിക്കാന്‍ പഠിച്ചതു പോലെ കോവിഡിനൊപ്പവും ജീവിക്കണമെന്നും ട്രംപ് ട്വീറ്റില്‍ കുറിച്ചു.തെറ്റിദ്ധരിപ്പിക്കുന്ന വിവരം നല്കി ട്രംപിന്റെ ട്വീറ്റ്, ട്വിറ്ററിന്റെ നിയമങ്ങള്‍ ലംഘിച്ചുവെന്നും പൊതുജനങ്ങള്‍ക്ക് കാണാനായി മാത്രം ട്വീറ്റ് നിലനിര്‍ത്തുകയാണെന്നും ട്രംപിന്റെ ട്വീറ്റിനൊപ്പം ട്വിറ്റര്‍ വ്യക്തമാക്കി.