
ന്യൂഡല്‍ഹി: തെലങ്കാനയിലെ ശ്രീശൈലം ജലവൈദ്യുത നിലയത്തില്‍ തീപിടിത്തം. തെലങ്കാന-ആന്ധ്ര അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന വൈദ്യുതനിലയത്തില്‍ രാത്രി 10.30യോടെ ഉണ്ടായ അപകടത്തില്‍ ഒമ്പത് പേര് കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്.അപകടം നടക്കുന്ന സമയംത്ത് തെലങ്കാന സ്റ്റേറ്റ് പവര്‍ ജനറേഷന് കോര്പ്പറേഷന് ലിമിറ്റഡിന്റെ എഞ്ചിനീയര്‍മാര്‍ ഇലക്ട്രിക് പാനലുകളുടെ അറ്റകുറ്റപ്പണിയിലായിരുന്നു.വ്യാഴാഴ്ച രാത്രി 11.40ന് തങ്ങള്‍ക്ക് അപകടം സംബന്ധിച്ച ഫോണ്‍ കോള്‍ ലഭിച്ചുവെന്നും ഉടന്‍ തന്നെ അഞ്ച് അഗ്നിശമന സേനാ സംഘങ്ങളെ സംഭവസ്ഥലത്തേക്കയച്ചുവെന്നും നാഗാര്‍ക്കര്‍നൂള്‍ ജില്ലാ അഗ്നിശമന ഓഫീസര്‍ ശ്രീ ദാസ് പറഞ്ഞു.
കോത്തക്കോട്ട, മഹാബബുബ്നഗര്, അമരാബാദ്, അച്ചാംപേട്ട എന്നിവിടങ്ങളിലെ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും ആന്ധ്രപ്രദേശിലെ കര്‍ണൂല്‍ ജില്ലയിലെ ആത്മകുരില് നിന്നുമുള്ള സംഘങ്ങളെയാണ് അയച്ചത്. 30ഓളം പേരാണ് സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.”രക്ഷാപ്രവര്‍ത്തനം എത്രത്തോളം നീണ്ടുനില്‍ക്കുമെന്ന് പറയാന്‍ വളരെ പ്രയാസമാണ്. ഇന്ന് വൈകുന്നേരത്തോടെയോ നാളെ രാവിലെയോടെയോ എല്ലാം ശരിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്,” ഓപ്പറേഷന് നേതൃത്വം നല്കുന്ന ദാസ് ഇന്ത്യന്‍ എക്സ്പ്രസിനോടു പറഞ്ഞു”ഒരു എന്‍ട്രി / എക്സിറ്റ് പോയിന്റ് മാത്രമേയുള്ളൂ. തുരങ്കത്തിനുള്ളില്‍ ഒരു കിലോമീറ്റര്‍ വരെ പോകാന്‍ ഞങ്ങളുടെ സേനാംഗങ്ങള്‍ക്ക് കഴിഞ്ഞു. ഇനിയും 500 മീറ്ററോ അതില്‍ കൂടുതലോ ഉണ്ട്. നിലവില്‍ ഈ സ്ഥലത്ത് കനത്ത പുക നിറഞ്ഞിരിക്കുകയാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഒരു വനിതാ ഉദ്യോഗസ്ഥ ഉള്‍പ്പെടെ ഒന്‍പത് പേര് അകത്ത് കുടുങ്ങിക്കിടക്കുകയാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.