Breaking NewsKERALANEWSTop News

തെലങ്കാന സർക്കാർ സാബു ജേക്കബിനും സംഘത്തിനും നൽകുന്നത് വിവിഐപി പരി​ഗണന; ഹൈദരാബാദിലെത്താൻ അയച്ചത് സ്വകാര്യ ജെറ്റ്; കിറ്റെക്സ് ​ഗ്രൂപ്പിന്റെ നിലപാടറിയാൻ കാതോർത്ത് കേരളവും തെലങ്കാനയും

കൊച്ചി: കിറ്റെക്സ് ​ഗ്രൂപ്പ് എം ഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇന്ന് രാവിലെ തെലങ്കാനയിലേക്ക് തിരിക്കും. രാവിലെ 10.30നാണ് കൊച്ചി വിമാനതാവളത്തിൽ നിന്നും തെലങ്കാന സർക്കാർ അയച്ച പ്രത്യേക വിമാനത്തിൽ സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറം​ഗ സംഘം ഹൈദരാബാദിലേക്ക് പോകുക. ഹൈദരാബാദിലേക്ക് തിരിക്കും മുമ്പ് സാബു ജേക്കബ് മാധ്യമങ്ങളെ കാണും. കേരളത്തിൽ നടത്താനിരുന്ന 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയിൽ നിന്നും പിന്മാറിയതിന് പിന്നാലെയാണ് തെലങ്കാന സർക്കാർ കിറ്റെക്സിനെ സംസ്ഥാനത്തേക്ക് ക്ഷണിച്ചത്.

തെലുങ്കാന സർക്കാർ അയയ്ക്കുന്ന സ്വകാര്യ ജെറ്റ് വിമാനത്തിലാണ് കിറ്റെക്സ് സംഘം കൊച്ചിയിൽ നിന്നും ഹൈദരാബാദിലേക്ക് പോകുന്നത്. മാനേജിംഗ് ഡയറക്ടർ സാബു എം ജേക്കബിനൊപ്പം ഡയറക്ടർമാരായ ബെന്നി ജോസഫ്, കെ എൽ വി നാരായണൻ, വൈസ് പ്രസിഡന്റ് ഓപ്പറേഷൻസ് ഹർകിഷൻ സിംഗ് സോധി, സി എഫ് ഒ ബോബി മൈക്കിൾ, ജനറൽ മാനേജർ സജി കുര്യൻ എന്നിവരും സംഘത്തിലുണ്ടാകും.

കേരള സർക്കാരിന്റെ വേട്ടയാടലിൽ പ്രതിഷേധിച്ച് നേരത്തേ കരാർ ഉറപ്പിച്ചിരുന്ന 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയിൽ നിന്നും പിന്മാറുകയാണെന്ന് സാബു ജേക്കബ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ തമിഴ്നാട് ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ കിറ്റെക്സ് ​ഗ്രൂപ്പിനെ തങ്ങളുടെ സംസ്ഥാനത്ത് വ്യവസായം നടത്താൻ ക്ഷണിച്ചിരുന്നു. തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമ റാവുവിന്റെ നേരിട്ടുള്ള ക്ഷണ പ്രകാരമാണ് സാബു ജേക്കബും സംഘവും ഹൈദരാബാദിലേക്ക് പോകുന്നത്.

നിക്ഷേപം നടത്താൻ മികച്ച സൗകര്യങ്ങളാണ് കിറ്റെക്സ് ​ഗ്രൂപ്പിന് തെലുങ്കാന സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. നേരത്തെ വ്യവസായ മന്ത്രി കെ ടി രാമ റാവുവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും സാബു എം ജേക്കബ് ടെലിഫോണിൽ ചർച്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് കൂടിക്കാഴ്ചയ്ക്കായി സ്വകാര്യ ജെറ്റ് വിമാനം അയച്ച് കിറ്റെക്സിനെ തെലുങ്കാന സർക്കാർ ക്ഷണിച്ചിരിക്കുന്നത്.

സംസ്ഥാന സർക്കാരുമായി ചേർന്നുള്ള 3500 കോടിയുടെ നിക്ഷേപ പദ്ധതിയിൽനിന്ന് കിറ്റെക്‌സ് പിൻവാങ്ങുന്നത് സർക്കാരിന്റെ വൈര്യനിര്യാതന ബുദ്ധിയിൽ പ്രതിഷേധിച്ചാണെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. മൂന്ന് വ്യവസായ പാർക്കുകളും അപ്പാരൽ പാർക്കും തുടങ്ങാനായിരുന്നു കിറ്റെക്സും സംസ്ഥാന സർക്കാരും തമ്മിലുള്ള ധാരണ. എന്നാൽ, കിറ്റെക്സിനെതിരെ സർക്കാർ വകുപ്പുകളെ ഉപയോ​ഗിച്ച് രാഷ്ട്രീയ വൈരാ​ഗ്യം തീർക്കുന്ന സിപിഎം നിലപാടിൽ പ്രതിഷേധിച്ചാണ് കിറ്റെക്സ് ഈ പദ്ധതികളിൽ നിന്നും പിൻമാറിയത്.

പദ്ധതികളുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയിരുന്നു. 20,000 ഓളം പേർക്ക് തൊഴിൽ ലഭ്യമാക്കുന്ന പദ്ധതികളാണ് നടപ്പാക്കാനിരുന്നതെന്നും, എന്നാൽ ഇപ്പോൾ വ്യവസായ അനുകൂല സാഹചര്യമല്ല ഇപ്പോൾ സംസ്ഥാനത്തുള്ളതെന്നും കിറ്റെക്‌സ് പറയുന്നു. ഇനി പരീക്ഷണം നടത്താൻ സാധിക്കാത്തതിനാൽ പദ്ധതികളിൽനിന്ന് പിന്നോട്ടു പോകുകയാണെന്നും കിറ്റെക്സിന്റെ പ്രസ്താവനയിൽ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close