തൊഴിലില്ലായ്മ വേതനം കാത്തിരുന്നവരുടെ തലയ്ക്കടിച്ച് ഇ എസ് ഐ

തിരുവനന്തപുരം: ലോക്ഡൗണ്‍ കാലയളവില്‍ ശമ്പളം കിട്ടാത്തവര്‍ക്കു തൊഴിലില്ലായ്മ വേതനം നല്കാന് തീരുമാനിച്ചിരുന്നു. ഇത് അര്‍ഹരുടെ അക്കൗണ്ടുകളിലേക്ക് ഇന്നലെ മുതല്‍ നിക്ഷേപിക്കുമെന്നാണ് ഇഎസ്ഐ കോര്പറേഷന് അറിയിച്ചിരുന്നത്. എന്നാല്‍, നോട്ടറി സാക്ഷ്യപ്പെടുത്തിയ രേഖകളും മറ്റുമായി ഇഎസ്ഐ ഓഫിസുകളില്‍ അപേക്ഷ നല്‍കാനെത്തിയപ്പോഴാണു ജോലി പോയവര്‍ക്കു മാത്രമേ തൊഴിലില്ലായ്മ വേതനം നല്‍കൂവെന്ന് അധികൃതര്‍ വ്യക്തമാക്കിയതെന്ന് അപേക്ഷകര്‍ പറയുന്നു. ലോക്ഡൗണ്‍ കാലത്തു ശമ്പളമില്ലാതായ ഇഎസ്ഐ അംഗങ്ങള്‍ക്കു തൊഴിലില്ലായ്മ വേതനം നല്കുന്നതു ജോലിയില്‍നിന്നു പിരിച്ചുവിടപ്പെട്ടവര്‍ക്കു മാത്രമാക്കി ചുരുക്കിയിട്ടുമുണ്ട്. ജോലി നഷ്ടപ്പെട്ടവര്‍ക്കു നിബന്ധനകളുടെ അടിസ്ഥാനത്തില്‍ വേതനം നല്കുന്ന അടല്‍ ബീമിത് വ്യക്തി കല്യാണ്‍ പദ്ധതി അടുത്ത വര്‍ഷം ജൂണിലേക്കു നീട്ടുകയും ചെയ്തു. രേഖകള്‍ തയാറാക്കാനും സാക്ഷ്യപ്പെടുത്തലിനും മറ്റുമായി ആയിരത്തോളം രൂപ ചെലവായതായും അപേക്ഷ നിരസിക്കപ്പെട്ട ഒരാള്‍ പറഞ്ഞു. അതേസമയം, ബോര്‍ഡ് യോഗത്തില്‍ തീരുമാനിച്ചതിനു വിരുദ്ധമാണ് ഇഎസ്ഐ നടപടിയെന്നു കാണിച്ച് ബോര്‍ഡ് സ്ഥിരം സമിതി അംഗവും ബിഎംഎസ് നേതാവുമായ വി.രാധാകൃഷ്ണന് കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ് ഗാങ്വാറിനു കത്തു നല്‍കിയിട്ടുണ്ട്.
വിജ്ഞാപനത്തില്‍ ലോക്ഡൗണ്‍ കാലത്ത് തൊഴിലില്ലാതായവര്‍ക്ക് എന്നാണ് ഇഎസ്ഐ ബോര്‍ഡ് പറഞ്ഞിരിക്കുന്നത്. പിരിച്ചുവിടപ്പെട്ടവര്‍ മാത്രമാണു തൊഴിലില്ലാത്തവര്‍ എന്ന നിര്‍വചനത്തില്‍ വരുന്നതെന്നാണ് അധികൃതരുടെ വ്യാഖ്യാനം. ഇഎസ്ഐ മെഡിക്കല്‍ കോളജുകളില്‍ തൊഴിലാളികളുടെ മക്കള്‍ക്കുള്ള സംവരണം പുനഃസ്ഥാപിക്കാന്‍ ഇഎസ്ഐ ബോര്‍ഡ് അനുകൂല നിലപാടെടുക്കുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്വാര്, ഇഎസ്ഐ ഡയറക്ടര്‍ ജനറല്‍ അനുരാധാ പ്രസാദ് എന്നിവര്‍ നല്‍കിയിട്ടുണ്ട്.ഇന്ന് കേരള ഹൈക്കോടതിയുടെ പരിഗണനയ്ക്കു വരുന്ന വിദ്യാര്‍ഥികളുടെ ഹര്‍ജിയിലും മദ്രാസ് ഹൈക്കോടതിയില്‍ ഈമാസം 12നു വരുന്ന റിട്ട് അപ്പീലിലും തൊഴിലാളികളുടെ മക്കള്‍ക്ക് അനുകൂലമായ നിലപാട് ഇഎസ്ഐ കോര്പറേഷന് സ്വീകരിക്കുമെന്നും ഉറപ്പു ലഭിച്ചു. കോടതി വിധികള്‍ എതിരായാല്‍ സുപ്രീംകോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജി നല്‍കുമെന്ന് ഇഎസ്ഐ ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കിയിട്ടുമുണ്ട്.