KERALANEWS

തൊഴിലുറപ്പ് പദ്ധതിയിലും അഴിമതി: കാണിച്ചാല്‍ പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

കണ്ണൂര്‍: ചെയ്യാത്ത പ്രവൃത്തിയുടെ പേരില്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് തട്ടിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കണിച്ചാര്‍ പഞ്ചായത്തിലെ ചെങ്ങോം-ഇളമ്പാളി കോളനി റോഡ് തൊഴിലുറപ്പുപദ്ധതിയില്‍ കോണ്‍ക്രീറ്റ് പണി ചെയ്തതായി വ്യാജരേഖയുണ്ടാക്കി പണം തട്ടിയെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ഇതോടെ തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എന്‍ജിനീയര്‍ ദിപു വര്‍ഗീസ്, ഓവര്‍സിയര്‍ മിനി മാത്യു, പഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ മാണി ചെമ്പരത്തിക്കല്‍, സെക്രട്ടറി ബാബു തോമസ് എന്നിവര്‍ക്കെതിരേ കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്തു

ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. നടപ്പുവഴി മാത്രമുള്ള സ്ഥലത്ത് ഒരു ജോലി പോലും ചെയ്യാതിരിക്കെ കഴിഞ്ഞ മാര്‍ച്ച് 19 മുതല്‍ 25 വരെ 13 തൊഴിലാളികള്‍ ജോലി ചെയ്തതായി രേഖയുണ്ടാക്കി 21000 രൂപ ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചുവെന്നാണ് കണ്ടെത്തല്‍. മണ്ണുമാന്തി യന്ത്രത്തിന്റെ വാടക കൊടുക്കാനെന്ന പേരില്‍ ഈ പണം ഇവരോട് ബാങ്കില്‍നിന്ന് എടുത്തുതരാന്‍ തട്ടിപ്പിന് ചുക്കാന്‍ പിടിച്ചവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പലരും പണം പിന്‍വലിച്ച് കൈയില്‍ സൂക്ഷിച്ചു.അപ്പോഴേക്കും അന്വേഷണം വന്നേക്കുമെന്ന സംശയത്തില്‍ പണം കൈയില്‍തന്നെ വയ്ക്കാന്‍ പഞ്ചായത്ത് അധികൃതര്‍ ഇവരോട് നിര്‍ദേശിച്ചതായി പറയുന്നു. എന്നാല്‍ തട്ടിപ്പിന്റെ ചെറിയ ഭാഗം മാത്രമാണ് പുറത്തറിഞ്ഞതെന്നും കൂടുതല്‍ സ്ഥലങ്ങളില്‍ സമാന തട്ടിപ്പ് നടന്നതായും വിജിലന്‍സ് സംശയിക്കുന്നുണ്ട്.പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ സുനില്‍ കൊയിലേരിയന്‍, എടക്കാട് ജോയിന്റ് ബ്ലോക്ക് ഡെവലപ്പമെന്റ് ഓഫീസര്‍ ആയിഷ എന്നിവര്‍ക്കൊപ്പമായിരുന്നു വിജിലന്‍സ് സംഘത്തിന്റെ പരിശോധന.

തൊഴിലുറപ്പുപദ്ധതി പ്രകാരം തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥലത്ത് മസ്റ്റര്‍ റോള്‍ സൂക്ഷിക്കേണ്ടതുണ്ട്. ഇതില്‍ ദിവസേന ജോലിക്ക് മുമ്പും ശേഷവും തൊഴിലാളി ഒപ്പിടണം. ഈ ഒപ്പുകള്‍ അത്രയും വ്യാജമായി ഇടുകയായിരുന്നു. ഒരേ ആളാണ് എല്ലാവരുടെയും ഒപ്പിട്ടതെന്ന് വ്യക്തമായിട്ടുണ്ട്. ഓരോ ആഴ്ചയും മസ്റ്റര്‍ റോള്‍ പഞ്ചായത്തില്‍ എത്തിച്ച് അത് അവിടത്തെ ഓണ്‍ലൈന്‍ സംവിധാനത്തില്‍ ചേര്‍ക്കണം. ഇങ്ങനെ ചേര്‍ത്തുകഴിയുമ്പോള്‍ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ഡിജിറ്റലായി ഒപ്പിട്ട് തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് പണം അയയ്ക്കും. സാധാരണഗതിയില്‍ തൊഴിലുറപ്പ് പദ്ധതികള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാരാണ് ഇത് ചെയ്യുക.പക്ഷേ, ഉത്തരവാദിത്വം പ്രസിഡന്റിനും സെക്രട്ടറിക്കുമാണ്. ജോലി നടന്നതായി വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറും സാക്ഷ്യപ്പെടുത്തണം. പക്ഷേ, സ്ഥലത്തെ വിഇഒ ഇത് അറിഞ്ഞിട്ടേയില്ല. പ്രവൃത്തിനടന്നതായി റോഡിന്റെ ഇരുവശത്തും ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഈ ബോര്‍ഡാണ് പ്രദേശവാസികത്തില്‍സംശയം ജനിപ്പിച്ചത്. സാമ്പത്തികവര്‍ഷം തീരാറായതുകൊണ്ട് പണം നഷ്ടപ്പെടാതിരിക്കാനാണ് തങ്ങള്‍ ഇങ്ങനെ ചെയ്തതെന്ന് പഞ്ചായത്ത് അധികൃതര്‍ വിജിലന്‍സിനോട് വ്യക്തമാക്കിയിട്ടുണ്ട്.

പക്ഷേ, ഇത്തരം സാഹചര്യങ്ങളില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് പണം നീക്കിവയ്ക്കുകയാണ് വേണ്ടതെന്ന് തദ്ദേശ സ്വയംഭരണ നിയമത്തില്‍ പറയുന്നുണ്ട്. കണിച്ചാര്‍ പഞ്ചായത്തിലെത്തിയവിജിലന്‍സ് സംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍ പങ്കജാക്ഷന്‍, അസി. സബ് ഇന്‍സ്പെക്ടര്‍മാരായ വിനോദ്, മധുസൂദനന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടിവി ബാബു എന്നിവരും ഉണ്ടായിരുന്നു. എന്‍ജിനീയര്‍ സുനില്‍ കൊയിലേരിയന്‍, എടക്കാട് ജോയിന്റ് ബ്ലോക്ക് ഡെവലപ്പമെന്റ് ഓഫീസര്‍ ആയിഷ എന്നിവര്‍ക്കൊപ്പമായിരുന്നു വിജിലന്‍സ് സംഘത്തിന്റെ സംയുക്ത പരിശോധന.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close