KERALANEWSTop News

തോമസ് ഐസക്കിന്റെ രാജിക്കായി മുറവിളി കൂട്ടുമ്പോള്‍ കേരളം ഓര്‍ക്കുന്നത് ബാലകൃഷ്ണപിള്ളയുടെ രാജി

പ്രസാദ് നാരായണന്‍

തിരുവനന്തപുരം : സിഎജി റിപ്പോര്‍ട്ട് നിയമസഭക്ക് മുന്‍പാകെ വയ്ക്കുന്നതിനു മുന്‍പ് പ്രസിദ്ധപ്പെടുത്തിയ ധനമന്ത്രി തോമസ് ഐസക്ക് സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും അതുകൊണ്ടു തന്നെ ഒരുനിമിഷം പോലും തല്‍സ്ഥാനത്ത് തുടരാതെ രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി പ്രസിഡന്റ് കെ.സുരേന്ദ്രനും ആവശ്യപ്പെട്ടു . ഈ ആവശ്യത്തിന്മേല്‍ പ്രതിപക്ഷം സമര രംഗത്തേക്കു വരുന്ന കാഴ്ചയാണ് കേരളം ഇപ്പോള്‍ കാണുന്നത് . ഭരണകക്ഷിയും സര്‍ക്കാരും സ്വര്‍ണ്ണ കടത്തുമുതല്‍ ലൈഫ് പാര്‍പ്പിട അഴിമതി വരെയുള്ള വിഷയങ്ങളില്‍ പ്രതിരോധത്തില്‍ നില്‍ക്കുമ്പോഴാണ് കിഫ്ബിയുമായി ബന്ധപ്പെട്ട പുതിയ വിവാദം ഉടലെടുക്കുന്നത്. തോമസ് ഐസക് പുറത്തുവിട്ട റിപ്പോര്‍ട്ട് കരട് റിപ്പോര്‍ട്ട് അല്ല ഓര്‍ജിനല്‍ റിപ്പോര്‍ട്ട് തന്നെയാണെന്ന് സി എ ജി വ്യക്തമാക്കിയതോടെയാണ് സത്യപ്രതിജ്ഞാലംഘനം എന്ന നിയമപ്രശ്നവും ഇതിനിന്മേലുള്ള രാജിയും കേരള രാഷ്ട്രീയത്തില്‍ വീണ്ടും ചര്‍ച്ചയാകുന്നത് .

എന്നാല്‍ ഇത്തരം ഒരു രാജി ആവശ്യവും തുടര്‍ന്നു ഒരു മന്ത്രി രാജിവയ്ക്കുന്നതും കേരളത്തിലെ രാഷ്ട്രീയചരിത്രത്തില്‍ ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട് . 35 വര്‍ഷം മുന്‍പ്,1985ല്‍ കെ.കരുണാകരന്‍ മന്ത്രിസഭയില്‍ വൈദ്യുതമന്ത്രിയായിരുന്ന ആര്‍ .ബാലകൃഷ്ണപിള്ളയാണ് സത്യപ്രതിജ്ഞാലംഘനത്തിന്റെ പേരില്‍ അങ്ങനെ രാജിവയ്ക്കേണ്ടി വന്നത് .

പിള്ളയുടെ പഞ്ചാബ് മോഡല്‍ പ്രസംഗവും രാജിയും

1985-ല്‍ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ വൈദ്യുതമന്ത്രി ആയിരിക്കെ ആര്‍. ബാലകൃഷ്ണപിള്ള നടത്തിയ പഞ്ചാബ് മോഡല്‍ പ്രസംഗമാണ് രാജിയിലേക്ക് നയിച്ചത്. കേരളാകോണ്‍ഗ്രസ് സമരപ്രഖ്യാപന സമ്മേളനവുമായി ബന്ധപ്പെട്ട് എറണാകുളം രാജേന്ദ്ര മൈതാനിയിലായിരുന്നു വിവാദ പ്രസംഗം നടത്തിയത്. പാലക്കാട്ട് അനുവദിക്കാമെന്നേറ്റ കോച്ച് ഫാക്ടറി നാടകീയമായി പഞ്ചാബിലേക്കു കൊണ്ടുപോയതിനെക്കുറിച്ചായിരുന്നു അദ്ദേഹം പ്രസംഗിച്ചത്. പഞ്ചാബുകാരെ പ്രീതിപ്പെടുത്താനാണു രാജീവ് ഗാന്ധി ചെയ്തതെന്ന് വിശ്വസിച്ച അദ്ദേഹം, മേയ് 25നു നടന്ന കേരള കോണ്‍ഗ്രസിന്റെ എറണാകുളം സമ്മേളനത്തില്‍ കേരളത്തോടുള്ള അവഗണന തുടര്‍ന്നാല്‍ കേരളത്തിലെ ജനങ്ങളും പഞ്ചാബിലെ ജനങ്ങളെപ്പോലെ തീവ്രവാദത്തിന് നിര്‍ബന്ധിതരാകുമെന്ന് പ്രസ്താവിച്ചു. സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ ഒരു മന്ത്രി ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയത് സത്യപ്രതിജ്ഞ ലംഘനമാണെന്ന് ആദ്യം പറഞ്ഞത് അന്നത്തെ യൂത്ത് കോണ്‍ഗ്രസ്സ് നേതാവായിരുന്ന ജി . കര്‍ത്തികേയനായിരുന്നു. ഇതിനെ തുടര്‍ന്നു ഇ.കെ നായനാരുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം സമരം ഏറ്റെടുത്തു. ഇതോടെ ബാലകൃഷ്ണപിള്ള രാജിവയ്ക്കുകയായിരുന്നു. നിലവില്‍ സത്യപ്രതിജ്ഞ ലംഘന പ്രശ്‌നത്തില്‍ തോമസ് ഐസക്കിന്റെ ഭാവിയും ഇത്തരത്തില്‍ രാഷ്ട്രീയ ചരിത്രമാകുമോ എന്നു കാത്തിരുന്നുകാണാം .

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close