
ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും, എല്ലാവിധ വൈവിധ്യങ്ങള്‍ക്കിടയിലും മനുഷ്യ സമുദായം ഒറ്റക്കെട്ടാണ് എന്ന വിചാരത്തിന്റെയും വിശുദ്ധ വികാരങ്ങളുമായി ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയോടെ ഹജ്ജ് കര്‍മ്മങ്ങള്‍ക്കും തുടക്കമായിരിക്കുന്നു. സാമൂഹിക അകലം പാലിക്കേണ്ട ഈ കോവിഡ് കാലത്തും പ്രിയപ്പെട്ടവരെ മനസ്സുകൊണ്ട് ചേര്‍ത്ത് പിടിച്ച് നമുക്ക് ബലിപെരുന്നാള്‍ ആശംസകള്‍ കൈമാറാം.
ഇബ്രാഹീമിന്റെയും കുടുംബത്തിന്റെയും ഓര്‍മപ്പെരുന്നാള്‍ ആണ് യഥാര്‍ഥത്തില്‍ ഈദുല്‍ അദ്ഹ. ഇബ്രാഹീമിന്റെ മകനും പ്രവാചകനുമായ ഇസ്മാഈലിന്റെ സന്താന പരമ്പരകളില്‍ പെട്ടതാണ് മുഹമ്മദ് പ്രവാചകന്. ചരിത്രത്തില്‍ കടന്നുപോയ നിരവധി മഹാവ്യക്തിത്വങ്ങളില്‍ ഒരാള്‍ മാത്രമല്ല ഇബ്റാഹീം. ത്യാഗത്തിന്റെയും ദൈവമാര്‍ഗത്തിലുള്ള സമര്‍പ്പണത്തിന്റെയും ഉടല് രൂപമായിരുന്നു അദ്ദേഹവും പത്നി ഹാജറയും പുത്രന് ഇസ്മാഈലും അടങ്ങുന്ന ഇബ്റാഹീം കുടുംബം. വേദഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍ 69 തവണയാണ് ഇബ്റാഹീമിനെ പരമാര്ശിക്കുന്നത്. വിശ്വാസികളുടെ ജീവിതവുമായി അത്രമേല്‍ ചേര്‍ന്ന് നില്ക്കുന്നു ഈ ചരിത്രപുരുഷന്. ഇസ്ലാം മത വിശ്വാസകളുടെ നിര്‍ബന്ധകര്‍മ്മമായ അഞ്ച് നേര നമസ്കാരത്തില്‍ ഇബ്റാഹീമിന്റെ സ്മരണ തുടര്‍ച്ചയായി കടന്നുവരുന്നു. നമസ്കാരത്തിനായി അവര്‍ അഭിമുഖീകരിക്കുന്ന മക്കയിലെ വിശുദ്ധ കഅ്ബ ദേവാലയം ഇബ്രാഹീമും മകന് ഇസ്മാഈലൂം പണികഴിപ്പിച്ചതാണ്.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ദൈവ കല്‍പ്പന പ്രകാരം ഇബ്റാഹീം നടത്തിയ ക്ഷണത്തിന് ഉത്തരം നല്‍കിയാണ് രണ്ട് ദശലക്ഷം വരുന്ന വിശ്വാസികള്‍ ഹജ്ജിനായി മക്കയില്‍ സംഗമിച്ചിരിക്കുന്നത്. വിശ്വാസിയുടെ ഒരു നിമിഷത്തില്‍നിന്ന് പോലും പ്രവാചകന് ഇബ്റാഹീം പുറത്തല്ലെന്ന് സാരം. ബലി പെരുന്നാള്‍ ആ ത്യാഗ, സമര, പോരാട്ട ജീവിതത്തിന്റെ ഓര്മ പുതുക്കലിനായി ദൈവം പ്രത്യേകമായി നിശ്ചയിച്ചതും അതുകൊണ്ടാണ്. ദൈവത്തിനായി സ്വയം സമര്‍പ്പിതമായ ജീവിതമായിരുന്നു ഇബ്റാഹീമിന്റേത്. ജീവിത സായാഹ്നത്തില്‍ ആറ്റുനോറ്റ് ലഭിച്ച സന്താനത്തെ, ദൈവം തനിക്കായി സമര്‍പ്പിക്കണമെന്ന് അരുളിയപ്പോള്‍, സംശയലേശമന്യേ അതിനൊരുങ്ങിയവനാണ് ഇബ്റാഹീം. ദൈവം തന്നത്, അവന് തിരിച്ചു ചോദിക്കുമ്പോള്‍ കൊടുത്തിരിക്കും എന്നതായിരുന്നു ഇബ്റാഹീമിന്റെ സമീപനം. ഇബ്റാഹീമിന്റെ സമര്‍പ്പണ മനോഭാവത്തിന്റെ ആഴം അറിയാനുള്ള ദൈവിക പരീക്ഷണമായിരുന്നു അത്. ആ പരീക്ഷണത്തില്‍ അദ്ദേഹം വിജയിക്കുകയുമുണ്ടായി.
ആരോരുമില്ലാത്ത, കൃഷിയോ കുടിവെള്ള സൗകര്യമോ ഇല്ലാത്ത മക്കാ താഴ്വരയില് ഭാര്യക്കും പിഞ്ചുകുഞ്ഞിനുമൊപ്പം താമസിക്കവെ, പ്രബോധ നാര്‍ഥം ദേശാടനത്തിന് പോകാന്‍ അരുള്പാടുണ്ടാകുന്നു ഇബ്റാഹീമിന്. പ്രിയതമയെയും കുഞ്ഞിനെയും ആ മരുപ്പറമ്പില്‍ തനിച്ചാക്കി, ദൈവത്തില്‍ ഭാരമേല്പ്പിച്ച് ദേശാന്തരഗമനം ചെയ്യുകയായിരുന്നു അദ്ദേഹം. തന്റെ പിതാവ് ആസര്‍ നേതൃത്വം നല്കുന്ന പൗരോഹിത്യത്തിന്റെ ജീര്ണവിശ്വാസങ്ങള്ക്കെതിരെ നിലകൊണ്ടതിന്റെ പേരില്‍ വീട്ടില്‍നിന്നും നാട്ടില്‍നിന്നും പുറത്താക്കപ്പെടുകയുണ്ടായി അദ്ദേഹം. എതിര്‍ശബ്ദങ്ങളെ തന്റെ അധികാരത്തിന്റെ ഹുങ്കിനാല്‍ നിര്‍വീര്യമാക്കാന്‍ നോക്കിയ നൗറൂദ് എന്ന ഏകാധിപതിക്ക് മുന്നില്‍ സധൈര്യം തന്റെ വിശ്വാസം അദ്ദേഹം തുറന്ന് പ്രകടിപ്പിച്ചു. പകരം അദ്ദേഹത്തിന് ലഭിച്ചത് തീകുണ്ഡാരം ആയിരുന്നു. അതിനെയും അദ്ദേഹം തന്റേടത്തോടെ നേരിട്ടു.
മകന് വേണോ ദൈവം വേണോ എന്ന് ചോദിച്ചപ്പോള്‍, കുടുംബത്തോടൊപ്പമുള്ള സുഖജീവിതം വേണോ ദൈവമാര്‍ഗത്തിലുള്ള പ്രബോധനം വേണോ എന്ന് ചോദിച്ചപ്പോള്‍, ആദര്‍ശം സന്ധി ചെയ്ത് സുഖലോലുപനായ ശിഷ്ട ജീവിതം വേണോ തീകുണ്ഡാരം വേണോ എന്ന് ചോദിച്ചപ്പോള്‍ ദൈവത്തിന് വേണ്ടിയാണെങ്കില്‍ എന്തിനും സ്വാഗതം എന്ന് ഉറക്കെ പ്രഖ്യാപിച്ചു ആ വിപ്ലവകാരി. അതുകൊണ്ട് കൂടിയാകണം ദൈവം, ഇബ്റാഹീമിനെ ‘തന്റെ കൂട്ടുകാരന്’ (ഖലീലുല്ലാഹ്) എന്ന് വിളിച്ചത്! പ്രവാചകന് ഇബ്റാഹീം മകനെ ദൈവ മാര്‍ഗത്തില്‍ സമര്‍പ്പിക്കാന്‍ സന്നദ്ധനായതിനോടുള്ള ഐക്യദാര്‍ഢ്യം ആണ് പെരുന്നാള്‍ ദിനത്തിലെ ബലി. തനിക്കേറ്റവും പ്രിയപ്പെട്ടതിനെ ദൈവ മാര്‍ഗത്തില്‍ സമര്‍പ്പിക്കുക എന്നതാണ് അതിന്റെ പൊരുള്‍.
ഇസ്ലാമിലെ രണ്ട് ആഘോഷങ്ങളും ദാരിദ്ര്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ടത് കൂടിയാണ്. ചെറിയ പെരുന്നാള്‍ (ഈദുല്‍ ഫിത്വര്‍) ദിവസം അന്നത്തേക്ക് പാചകത്തിനുള്ള ധാന്യം കഴിച്ച് മിച്ചമായുള്ളവരെല്ലാം രണ്ടര കിലോ വീതം ദാനമായി (ഫിത്വര്‍ സകാത്ത്) നല്‍കണമെന്നതാണ് അതില്‍ ഒന്നാമത്തേത് ബലി പെരുന്നാള്‍ ദിനത്തില്‍ അറുക്കുന്ന ബലി മാംസവും പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാനാണ് കല്‍പ്പിച്ചിട്ടുള്ളത്. ഇസ്ലാമിലെ ബലി സങ്കല്പത്തിന്റെ പ്രത്യേകത കുടിയാണ് അത്. പെരുന്നാള്‍ ദിവസം രാവിലെ ഈദ്ഗാഹിലോ പള്ളിയിലോ ആയി പെരുന്നാള്‍ പ്രാര്‍ഥനയില്‍ പങ്കെടുത്ത ശേഷമാണ് ബലിയിലേക്ക് കടക്കുക. പെരുന്നാള്‍ ദിനത്തില്‍ അസൗകര്യമുള്ളവര്‍ തുടര്‍ന്ന് വരുന്ന മൂന്ന് ദിനങ്ങളിലൊന്നില്‍ (അയ്യാമുത്തശ്രീഖ്) ബലി അറുത്താലും മതി.
ഇബ്റാഹീം പ്രവാചകന്റെ ത്യാഗജീവിതത്തോടുള്ള ഐക്യദാര്‍ഢ്യം തന്നെയാണ് ഹജ്ജ് കര്‍മത്തിലൂടെയും വിശ്വാസികള്‍ പ്രകടിപ്പിക്കുന്നത്. ഇബ്റാഹീമിന്റെ വിളിക്ക് ഉത്തരമായാണ് ഹാജിമാര്‍ മക്കയില്‍ എത്തുന്നത്. അവര്‍ അവിടെ നിരന്തരം ചൊല്ലുന്ന തര്‍ബിയത്ത് അതാണ് ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്’ (നാഥാ ഞാന്‍ ഇതാ നിന്റെ വിളിക്കുത്തരമേകി നിന്റെ സന്നിധാനത്തില്‍ വന്നണഞ്ഞിരിക്കുന്നു) ഇസ്ലാമിലെ നിര്‍ബന്ധ കര്‍മമാണ് ഹജ്ജ്. പക്ഷേ, സാമ്പത്തിക കഴിവും ആരോഗ്യവുമുള്ളവര്‍ നിര്‍വഹിച്ചാല്‍ മതിയാകും. ഹജ്ജിലെ ഓരോ കര്‍മവും ഇബ്റാഹീം, പത്നി ഹാജറ, പുത്രന് ഇസ്മാഈല്‍ എന്നിവരുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ്. സഫ, മര്‍വ കുന്നുകള്‍ക്കിടയിലെ നടത്തം (സഅ്യ്) ഒരു ഉദാഹരണം. ആരോരുമില്ലാതെ മരുപ്പറമ്പില്‍ കുടിവെള്ളത്തിനായി തൊണ്ടപൊട്ടിക്കരഞ്ഞ കുഞ്ഞ് ഇസ്മാഈലിന് വേണ്ടി ദാഹജലം അന്വേഷിച്ച് മാതാവ് ഹാജറ, സഫ, മര്‍വ കുന്നുകള്‍ക്കിടയിലൂടെ ഓടി നടന്നു. ഹാജറയുടെ ഈ ഓട്ടത്തെ പ്രതീകാത്മകമായി പിന്തുടരുകയാണ് ഹാജിമാര്‍ സഇ്യിലൂടെ. ഒടുവില്‍ ഇസ്മാഈലിന്റെ കാലടിയില്‍ വെള്ളം ഉറവപൊട്ടി. സംസം…
ഈ വെള്ളം ഇന്നും ഒരത്ഭുതമായി ജലം പ്രവഹിപ്പിക്കുന്നു. ഹജ്ജിന് വരുന്നവര്‍ക്ക് കുടിക്കാനും എത്രവേണമെങ്കിലും കൊണ്ട്പോകാനും മാത്രമുള്ള മഹാപ്രവാഹമായി സംസം മാറി. ലോകത്തെമ്പാടുമുള്ള, വിവിധ ദേശക്കാരും ഭാഷക്കാരും വര്‍ണക്കാരുമായ ലക്ഷങ്ങള്‍ ഒരൊറ്റ ലക്ഷ്യവുമായി, ഒരേ പ്രാര്‍ഥന മന്ത്രങ്ങളുമായി ഒരു സ്ഥലത്ത് സംഗമിക്കുകയാണ് ഹജ്ജ് ചടങ്ങില്‍. വിശ്വ സാഹോദര്യത്തിന്റെ മഹാസമ്മേളനമായി ഹജ്ജ് പരിണമിക്കുന്നത് അങ്ങനെയാണ്. എന്നാല്‍ ഇത്തവണ മുന്‍വര്‍ഷങ്ങളില്‍ 35 ലക്ഷത്തോളം ആളുകള്‍ പങ്കെടുത്തിരുന്ന ഹജ്ജില്‍ ആയിരത്തില്‍ താഴെ ആളുകള്‍ മാത്രമാണ് പങ്കെടുക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഹജ്ജില്‍ മാത്രമല്ല, ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്കാരങ്ങളിലുമെല്ലാം പ്രതിഫലനം ഉണ്ടാവും. സാമൂഹിക അകലം പാലിച്ചുകൊണ്ടുവേണം ഇത്തവണ പെരുന്നാള്‍ നമസ്കാരങ്ങളും ഈദ് ഗാഹുകളും സംഘടിപ്പിക്കാന്‍.