ന്യൂഡല്‍ഹി:ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്കുമാര്‍ ദേബിനെ മാറ്റണമെന്ന് ബിജെപി വിമത എംഎല്‍എമാര്‍. ഈ ആവശ്യമുന്നയിച്ച് എട്ട് ബിജെപി എംഎല്‍എമാര്‍ ദേശീയ നേതാക്കളെ കാണാന്‍ ഡല്‍ഹിയിലെത്തി. ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയുമായി എംഎല്‍എമാര്‍ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും.
ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാനും ശ്രമിക്കുന്നുണ്ട്. സുദീപ് റോയ് ബര്‍മന്റെ നേതൃത്വത്തില്‍ എംഎല്‍എമാര്‍ സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷുമായി ഞായറാഴ്ച ചര്‍ച്ച നടത്തി.
സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ഏകാധിപത്യമാണെന്നും എംഎല്‍എമാരെ വിശ്വാസത്തിലെടുക്കുന്നില്ലെന്നും പരാതിപ്പെട്ടു. 36 അംഗ ബിജെപി നിയമസഭാ കക്ഷിയിലെ 10 പേര്‍ ഒപ്പമുണ്ടെന്ന് വിമതര്‍ പറഞ്ഞു. ഭരണപരിചയവും രാഷ്ട്രീയധാരണയുമില്ലാത്ത ബിപ്ലബിനെ മാറ്റിയില്ലെങ്കില്‍ ഇടതുമുന്നണി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് വിമത എംഎല്‍എ സുശാന്ത ചൗധരി പറഞ്ഞു.
രണ്ട് ഡസനില്‍പ്പരം വകുപ്പ് ബിപ്ലബ് കൈയാളുന്നു. കോവിഡ് പെരുകുമ്പോഴും സംസ്ഥാനത്ത് ആരോഗ്യമന്ത്രിയില്ല. റിക്ഷത്തൊഴിലാളികള്‍, പച്ചക്കറി കച്ചവടക്കാര്‍, വ്യവസായികള്‍ എന്നിങ്ങനെ എല്ലാവരും മുഖ്യമന്ത്രിക്കെതിരായി പ്രതികരിക്കുന്നുവെന്നും വിമതര്‍ ചൂണ്ടിക്കാട്ടി. ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചുവന്ന ബിപ്ലബിനെ നരേന്ദ്ര മോഡിയുടെ താല്‍പ്പര്യപ്രകാരമാണ് ത്രിപുരയില്‍ മത്സരിപ്പിച്ചത്. പ്രധാനമന്ത്രി അറിയാതെ തീരുമാനം എടുക്കാനാകില്ലെന്ന് ബി എല്‍ സന്തോഷ് വിമതരെ അറിയിച്ചു.
സംഘടനയ്ക്കുള്ളില്‍ ചര്‍ച്ചചെയ്യേണ്ട കാര്യങ്ങള്‍ പുറത്തുപറയുന്നത് ബിജെപിയുടെ ശൈലിയല്ലെന്ന് ത്രിപുര സംസ്ഥാന അധ്യക്ഷന്‍ മണിക് സാഹ പ്രതികരിച്ചു.