
യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനോട് പരാജയപ്പെട്ട് പുറത്തായതിന് പിറകേ മുഖ്യ പരിശീലകന് ക്വിക്കെ സെറ്റിയനെ പുറത്താക്കി ബാഴ്സലോണ. സ്പാനിഷ് ലാലിഗയിലും, യുവേഫ ചാമ്പ്യന്‍സ് ലീഗിലുമേറ്റ തുടര്‍ച്ചയായ തിരിച്ചടികള്‍ക്ക് പിറകേയാണ് സെറ്റിയനെ പുറത്താക്കാന്‍ ക്ലബ്ബ് മാനേജ്മെന്റ് തീരുമാനിച്ചത്. ലാലിഗി പരാജയത്തിന് പിറകേ തന്നെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയടക്കമുള്ള താരങ്ങള്‍ പരിശീലകനെതിരേ രംഗത്തെത്തിയിരുന്നു. ഇതിനു പിറകേ കഴിഞ്ഞ വാരം നടന്ന ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ 8-2ന്റെ വലിയ മാര്‍ജിനില്‍ ദയനീയ പരാജയം ബാഴ്സ ഏറ്റുവാങ്ങുകയും ചെയ്തു. ലാലിഗയില്‍ ചിരവൈരികളായ റയല്‍ മാഡ്രിഡ് ചാമ്പ്യന്മാരായപ്പോള് രണ്ടാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു കാറ്റലന്‍ ക്ലബ്ബിന്. കോപ ഡെല്‍ റേ ക്വാര്‍ട്ടര്‍ ഫൈനല്‍ ഘട്ടത്തില്‍ അത്ലറ്റിക് ബില്‍ബാവോയോട് പരാജയപ്പെടുകയും ചെയ്തിരുന്നു ബാഴ്സ. സെറ്റിയന് ഇനി ഞങ്ങളുടെ പരിശീലകനല്ല എന്ന് ബാഴ്സ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പുതിയ പരിശീലകനെ വരുന്ന ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നും ക്ലബ്ബ് അറിയിച്ചു. നന്ദി, നല്ലത് വരട്ടെ എന്ന് എഴുതിയ ക്വിക്ക് സെറ്റിയന്റെ ഒരു പോസ്റ്ററിനൊപ്പം അദ്ദേഹത്തെ പുറത്താക്കുന്ന വാര്‍ത്ത ട്വിറ്ററില്‍ പങ്കവയ്ക്കുകയും ചെയ്തിട്ടുണ്ട് ബാഴ്സ. എന്നാല്‍ നിലവിലെ ഡച്ച് ദേശീയ ടീം മുഖ്യ പരിശീലകന് റൊണാള്‍ഡ് കോമാനെയാണ് ബാഴ്സ പുതിയ പരിശീലകനാക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. അടുത്ത ആഴ്ചയോടെ ക്യാമ്പ് നൗവില്‍ അദ്ദേഹത്തിന്റെ നിയമനമുണ്ടാവുമെന്ന് ദി ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തു. ബാഴ്സലോണ മുന്‍ ടീം അംഗം കൂടിയാണ് കോമാന്. 57 കാരനായ കോമാന് പുതിയ സീസണ് ആരംഭിക്കുന്നതിന് മുമ്പ് തന്റെ നിലവിലെ ചുമതലയില്‍ നിന്ന് പുറത്തുവരുമെന്നും ദി ഗാര്ഡിയന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ടോട്ടനാം ഹോട്സ്പര്‍ മുന്‍ മാനേജര്‍ മൗറീഷ്യോ പോച്ചെറ്റിനോയ്ക്കാണ് ബാഴ്സലോണ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ക്ലബ് പ്രസിഡന്റ് ജോസെപ് മരിയ ബാര്‍ട്ടോമിയു മുന്‍ഗണന നല്‍കിയിരുന്നതെന്ന് അഭ്യൂങ്ങള്‍ പുറത്തുവന്നിരുന്നു. പ്ലേയിങ് കരിയറില്‍ നാല് ലാ ലിഗ കിരീടനേട്ടങ്ങളില്‍ കോമാന് പങ്കാളിയായിരുന്നു. 1991/92 ലെ യൂറോപ്യന്‍ കപ്പ് ഫൈനലില്‍ ക്ലബ്ബിന്റെ ആദ്യ ട്രോഫി നേടിയ ടീമിലും അംഗമായിരുന്നു. 1989 മുതല്‍ 1995 വരെ ഡിഫെന്‍ഡറായി കോമാന് ക്യാമ്പ് നൗവില്‍ 350 മത്സരങ്ങള്‍ കളിച്ചു. കൂടാതെ യൊഹാന്‍ ക്രൈഫിന്റെ പ്രസിദ്ധമായ ”ഡ്രീം ടീമില്‍” അംഗമായിരുന്നു. 20 വര്‍ഷമായി പരിശീലകനായി തുടരുന്നു. കോമാന് അയാക്സ്, പിഎസ്വി, വലന്‍സിയ, എവര്ട്ടണ്, സതാംപ്ടണ്, ബെന്‍ഫിക്ക തുടങ്ങിയ ക്ലബ്ബുകളുടെ പരിശീലകനായിരുന്നു.