INDIANEWSTop News

ഫാ.സ്റ്റാൻ സ്വാമി അന്തരിച്ചു; വിട പറഞ്ഞത് ജനാധിപത്യ ധ്വംസനത്തിനെതിരെ പട നയിച്ച മനുഷ്യാവകാശ പ്രവർത്തകൻ

മുംബൈ: ഭരണകൂട ഭീകരതയ്ക്ക് ഇരയായി ജയിലിലും പിന്നീട് ആശുപത്രിയിലും കഴിയേണ്ടിവന്ന മനുഷ്യാവകാശ പ്രവർത്തകൻ ഫാ.സ്റ്റാൻ സ്വാമി (84) അന്തരിച്ചു. ബാന്ദ്രയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. എൽഗാർ പരിഷത് കേസിൽ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് തൊട്ടുമുൻപാണ് മരണം സംഭവിച്ചത്. മരണം ഞെട്ടലുളവാക്കുന്നുവെന്ന് ബോംബെ ഹൈക്കോടതി പറഞ്ഞു. എന്നാൽ സ്റ്റാൻ സ്വാമിക്ക് ചികിത്സ നൽകാൻ വൈകിയെന്ന് അഭിഭാഷകൻ അറിയിച്ചു.

ആരോഗ്യനില വഷളായതിനെ തുടർന്ന് സ്റ്റാൻ സ്വാമിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ചികിത്സയ്ക്കിടെയാണ് അന്ത്യം. കടുത്ത ശ്വാസ തടസത്തേയും ഓക്സിജൻ നിലയിലെ വ്യതിയാനത്തേയും തുടർന്നാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. മെയ് 30 മുതൽ ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയിൽ കോവിഡാനന്തര ചികിൽസയിലായിരുന്നു അദ്ദേഹം.

കേസിൽ അറസ്റ്റിലായി തലോജ ജയിലിൽ കഴിയവേയാണ് സ്റ്റാൻ സ്വാമിയുടെ ആരോഗ്യനില മോശമായത്. 2018 ജനുവരി 1ന് പുണെയിലെ ഭീമ കോറേഗാവിൽ നടന്ന എൽഗർ പരിഷത്ത് സംഗമത്തിൽ മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് ഫാ. സ്റ്റാൻ സ്വാമി ഉൾപ്പെടെയുള്ള മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റുചെയ്തത്.

സർക്കാറുകൾ ദളിതർക്കെതിരെ നടത്തിവരുന്ന ജനാധിപത്യ ധ്വംസനത്തിനെതിരെ പട നയിച്ച മനുഷ്യാവകാശ പ്രവർത്തകനായിരുന്നു സ്റ്റാൻ സ്വാമി. അഞ്ച് ദശാബ്ദക്കാലമായി ഭൂമി അവകാശ, വനാവകാശ പോരാട്ടങ്ങളിലെ മുന്നണി പോരാളിയായിരുന്നു.

ഒക്ടോബർമുതൽ തലോജ ജയിലിലാണ് അദ്ദേഹം. പാർക്കിസൻസ് അടക്കമുള്ള രോഗങ്ങൾ ബാധിച്ച ഫാ. സ്റ്റാൻ പരസഹായമില്ലാതെ ഭക്ഷണം കഴിക്കാനോ നടക്കാനോ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. കോവിഡ് ഒന്നാം തരംഗകാലത്ത് റാഞ്ചിയിലെ വീട്ടിൽനിന്ന് അദ്ദേഹത്തെ എൻഐഎ അറസ്റ്റു ചെയ്ത് മഹാരാഷ്ട്രയിൽ എത്തിക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close