Election 2021INDIANEWSTop News

ദാദാസാഹേബ് ഫാൽക്കെ പുരസ്കാരത്തിന്റെ രാഷ്ട്രീയം ദ്രാവിഡ രാഷട്രീയത്തിന്റെ ഉറക്കംകെടുത്തുന്നു

ചെന്നൈ: തമിഴകത്തിന് രാഷ്ട്രീയവും സിനിമയും പരസ്പരം ഇഴചേർന്ന് കിടക്കുന്നതാണ്. സിനിമയിലെ നായകനും നാട്ടിലെ നേതവും തമിഴനെ എന്നും ഒരുപോലെ ത്രസിപ്പിച്ചിരുന്നു. അതുകൊണ്ടാണ് എംജിആറും ജയലളിതയും തുടങ്ങി എണ്ണമറ്റ സിനിമാക്കാർ ദ്രാവിഡ മണ്ണിൽ‌ രാഷ്ട്രീയം പയറ്റി തെളിയുകയും വാഴുകയും ചെയ്തതും അതുകൊണ്ടാണ്. ഇപ്പോൾ നടി ഖുശ്ബുവും നടന്മാരായ കമൽഹാസനും വിജയകാന്തും ശരത്കുമാറും സീമാനുമെല്ലാം തമിഴക രാഷ്ട്രീയത്തിൽ നിറഞ്ഞ് നിൽക്കുന്നത്. പശ്ചിമ ബം​ഗാളിനൊപ്പം ബിജെപി ലക്ഷ്യം വെക്കുന്ന സംസ്ഥാനമാണ് തമിഴ്നാട്. ഭാഷയും ദ്രാവിഡ രാഷ്ട്രീയവും ഹിന്ദു രാഷ്ട്രീയത്തിന് വിലങ്ങുതടിയാകുമ്പോൾ സിനിമയിലൂടെ തമിഴകം പിടിക്കാനാകുമോ എന്ന ചിന്തയിലാണ് സംഘപരിവാർ. ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നടൻ രജനീകാന്ത് വഴി തമിഴകത്തെത്തുമ്പോൾ ബിജെപി ലക്ഷ്യം വെക്കുന്നതും സ്റ്റൈൽ മന്നനിലൂടെ തമിഴകത്ത് സ്വാധീനം വർധിപ്പിക്കാമെന്നാണ്.

അവാർഡ് നേട്ടത്തിൽ നരേന്ദ്രമോദി രജനികാന്തിനെ അഭിനന്ദിച്ചിരുന്നു. ‘തലൈവ’ എന്നായിരുന്നു നരേന്ദ്രമോദി രജനികാന്തിനെ അഭിസംബോധന ചെയ്തത്. തലമുറകളിലുടനീളം ജനപ്രീതിയാർജ്ജിച്ച, കുറച്ച് പേർക്ക് മാത്രം കഴിയുന്ന, വൈവിധ്യമാർന്ന വേഷങ്ങളും ആകർഷകമായ വ്യക്തിത്വവും, അതാണ് ശ്രീ രജനികാന്ത് എന്ന് മോദി അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു. മോദിയുടെ സന്ദേശത്തെ സന്ദേഹത്തോടെയാണ് തമിഴകത്തെ ദ്രാവിഡ പാർട്ടികൾ കാണുന്നത്. തമിഴന്റെ ഹിന്ദി വിരോധം അവസാനിക്കുന്നത് വരെ മാത്രമേ തങ്ങൾക്ക് നിലനിൽപ്പുള്ളൂ എന്ന ഉത്തമ ബോധ്യം അവർക്കുണ്ട്. രജനീകാന്തിന് ദാദ സാഹിബ് ഫാൽക്കെ പുരസ്കാരം നൽകുകയും മോദി അഭിനന്ദിക്കുക്കയും ചെയ്തതോടെ തമിഴ് വികാരത്തെ തങ്ങൾക്ക് അനുകൂലമാക്കാനാകും എന്ന ചിന്തയിലാണ് സംഘപരിവാരം.

കഴിഞ്‍ ദിവസമാണ് 51ാമത് ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നടൻ രജനികാന്തിന് എന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രി പ്രകാശ് ജാവദേക്കർ പ്രഖ്യാപിച്ചത്. ഇന്ത്യൻ ചലച്ചിത്രരംഗത്ത് നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സർക്കാർ സമ്മാനിക്കുന്ന പുരസ്‌കാരമാണ് ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം.ഇന്ത്യൻ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയുടെ 100-ആം ജന്മവാർഷികമായ 1969 മുതൽക്കാണ് ഈ പുരസ്‌കാരം നല്കിത്തുടങ്ങിയത്. 2018 ൽ അമിതാഭ് ബച്ചനായിരുന്നു പുരസ്‌കാര ജേതാവ്. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, സിനിമയും രാഷ്ട്രീയവും ഒരുപോലെ കാണുന്ന തമിഴകത്തേക്ക് ഫാൽക്കെ അവാർഡ് എത്തുന്നതിലെ രാഷ്ട്രീയമാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളും ചർച്ച ചെയ്യുന്നത്.

ദാദാസാഹേബ് പുരസ്‌കാരത്തിന് അർഹനായതിൽ നന്ദി അറിയിച്ച് നടൻ രജനികാന്ത് രം​ഗത്തെത്തിയിരുന്നു. പുരസ്‌കാര നേട്ടത്തിൽ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയോടും താരം നന്ദി പറഞ്ഞു. തന്റെ അഭിനയ ജീവിതത്തിന്റെ ഭാഗമായ എല്ലാവർക്കും പുരസ്‌കാരം സമർപ്പിക്കുന്നുവെന്നും രജനികാന്ത് പറയുന്നു. തമിഴിൽ പുറത്തിറക്കിയ പ്രസ്താവനയിൽ തന്റെ ഗുരുവും സംവിധായകനുമായ കെ ബാലചന്ദറിനും, തമിഴ്നാട് മുഖ്യമന്ത്രി എടപാടി പളനിസ്വാമിക്കും, ഉപ മുഖ്യമന്ത്രി പനീർസെൽവത്തിനും, ഡിഎംകെ നേതാവ് സ്റ്റാലിനും, കമൽ ഹാസനും നന്ദി പറഞ്ഞു. ലോകമെമ്പാടുമുള്ള ആരാധകർക്കായി ഈ അവാർഡ് സമർപ്പിക്കുന്നുവെന്നും പ്രസ്താവനയിൽ താരം അറിയിച്ചു.

രജനികാന്ത് രാഷ്ട്രീയത്തിലേക്കിറങ്ങുന്നു എന്ന നിലയിൽ പ്രചാരണം ശക്തമായിരുന്നു. എന്നാൽ, പല കാരണങ്ങളാൽ അത് നീണ്ട് പോകുകയായിരുന്നു. കോൺഗ്രസിൽനിന്നു തെറ്റിപ്പിരിഞ്ഞ് തമിഴ് മാനില കോൺഗ്രസിന് രൂപം നൽകിയ ജി.കെ. മൂപ്പനാർ കിണഞ്ഞു പരിശ്രമിച്ചെങ്കിലും രജനി വഴങ്ങിയില്ല. 46 വയസ്സായിരുന്നു അന്ന് രജനിക്ക് പ്രായം. 1996ലാണ്ജയലളിത വീണ്ടും മുഖ്യമന്ത്രിയായാൽ ദൈവത്തിനു പോലും തമിഴകത്തെ രക്ഷിക്കാനാകില്ലെന്ന തകർപ്പൻ ഡയലോഗ് രജനിയിൽ നിന്നുണ്ടായത്. അന്ന് മുതൽ ഇന്ത്യയാകെ ഉറ്റുനോക്കിയിരുന്നത് സ്റ്റൈൽ മന്നന്റെ രാഷ്ട്രീയ പ്രവേശനത്തിനായിരുന്നു. എന്നാൽ, വർഷം 25 കഴിഞ്ഞിട്ടും രാഷ്ട്രീയത്തിൽ സജീവമാകാൻ എന്തുകൊണ്ടോ താരത്തിന് കഴിഞ്ഞിരുന്നില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close