ദിനവും ഹെഡ് ഫോണ്‍ ഉപയോഗിക്കുന്നവരാണോ, എങ്കില്‍ ഉടനെകാണാം ഡോക്ടറെ

ഹെഡ് ഫോണ്‍ സ്ഥിരമായി ഉപയോഗിക്കുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ ഒരല്പം ശ്രദ്ധയാകാം. ഇടതടവില്ലാതെ ഉയര്‍ന്ന ശബ്ദത്തില്‍ ഹെഡ് ഫോണ്‍ ഉപയോഗിച്ച് പാട്ടു കേള്‍ക്കുന്നതും മറ്റും കാതുകള്‍ക്ക് ദോഷം ചെയ്യുമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.
ദീര്‍ഘനേരം ഹെഡ് ഫോണില്‍ പാട്ടുകേള്‍ക്കുന്ന ആളുകള്‍ക്ക് കേള്‍വിശക്തിക്ക് തകരാറ് സംഭവിക്കാനും ടിനിടസ്സ് എന്ന അവസ്ഥ ഉണ്ടാകാനും സാധ്യതയുണ്ടത്രേ.
ദീര്‍ഘനേരം കൂടിയ ശബ്ദത്തില്‍ ഹെഡ് ഫോണില്‍ പാട്ട് കേള്‍ക്കുന്ന ആളുകള്‍ക്കാണ് ഈ അവസ്ഥ. പ്രത്യേകിച്ച് ചെറുപ്പക്കാരില്‍ ആണ് ഈ പ്രശ്നം കൂടുതല്‍ കണ്ടുവരുന്നത് എന്നാണു റിപ്പോര്‍ട്ട്.
കാതുകളിലെ നെര്‍വുകള്‍ക്ക് തകരാറ് സംഭവിക്കുന്ന അവസ്ഥയാണ് ടിനിടസ് . ഇയര്‍ ഡ്രമ്മില്‍ അമിതമായ ശബ്ദം മൂലം സമ്മര്‍ദം അനുഭവിക്കുമ്പോഴാണ് ടിനിടസ് ഉണ്ടാകുക.
മാനസിക പ്രശ്നങ്ങള്‍ക്കും രക്തസമ്മര്‍ദം ഉണ്ടാകുന്നതിനും ഇത് ഇടയാക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കോള്‍ സെന്ററുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഹെഡ് ഫോണ്‍ ഉപയോഗം പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ഉറക്കക്കുറവ്, തലവേദന, കാതുകള്‍ക്ക് വേദന എന്നിവ ഇവര്‍ക്കുണ്ടാകുമെന്നാണ് വിദഗ്ധാഭിപ്രായം. മണിക്കൂറുകളോളം ഫോണില്‍ സംസാരിക്കുന്നവര്‍ക്കും ഇതു തന്നെയാണ് അനുഭവമെന്നും ഡോക്ടര്‍മാര്‍ ഓര്‍മിപ്പിക്കുന്നു.
ഉച്ചത്തിലുള്ള ശബ്ദം ഹെഡ് ഫോണ്‍ വഴി നേരിട്ട് ചെവിയുടെ ഉള്ളിലെത്തുന്നതിനാല്‍ അത് ശ്രവണശക്തിയെയും ചെവിക്കുള്ളിലെ നാഡീഞരമ്പുകളെയും സാരമായാണ് ബാധിക്കുന്നത്.
ഈ ശീലം കാരണം ശ്രവണശക്തി പൂര്‍ണമായും നഷ്ടപ്പെടുമെന്നും ഇത് ചികിത്സിച്ചു ഭേദപ്പെടുത്താന്‍ വളരെ ബുദ്ധിമുട്ടാണെന്നും കുറഞ്ഞ അളവില്‍ കുറച്ചു സമയം മാത്രം പാട്ടുകേള്‍ക്കുന്നതായിരിക്കും ഗുണം ചെയ്യുകയെന്നും ഡോക്ടര്‍മാര്‍ പറയുന്നു