
പ്രസാദ് നാരായണന്
തിരുവനന്തപുരം: നടന് ദിലീപിന്റെ സിനിമയായ മായാമോഹിനിയുടെ ഹെയര്‍സ്റ്റൈലിസ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ സിന്ദാദേവി വിടവാങ്ങി. ദീര്‍ഘനാളായി അര്‍ബുദത്തിന് അടിമയായിരുന്നു. ക്യാന്‍സര്‍ ബാധിതയായതിനെത്തുടര്‍ന്ന് അവസാനനാളുകളില്‍ പൂജപ്പുരയിലെ ഹിന്ദു മഹിളാമന്ദിരത്തിലായിരുന്നു. അര്‍ബുദത്തിന്റെ ആദ്യഘട്ടത്തില്‍ താന്‍ ഇനിയും സിനിമയിലേക്ക് മടങ്ങിവരും എന്നു ഏവരോടും ദൃഢനിശ്ചയത്തോടെ പറഞ്ഞ താരമാണ് ആരോരുമില്ലാതെ അനാഥമന്ദിരത്തിന്റെ നാല്ച്ചുമരുകള്ക്കുളില് മരണത്തിന് കീഴടങ്ങിയത്. അന്ത്യം പോലെതന്നെ ബാല്യവും സിന്ദാദേവിക്ക് കഷ്ടതനിറഞ്ഞതായിരുന്നു. പത്താമത്തെ വയസിലാണ് ജീവിതപ്രാരാബ്ദങ്ങള്ക്കൊടുവില് സിന്ദയെ അമ്മ ആദ്യമായി പൂജപ്പുര അനാഥ മന്ദിരത്തിലാക്കിയത്. പഠനത്തില്‍ മിടുക്കിയായ സിന്ദ കുട്ടിക്കാലത്തുതന്നെ ഏവരുടെയും പ്രിയപ്പെട്ടവളായി. സ്വന്തം കാലില്‍ നില്‍ക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായി പഠനത്തിനൊപ്പം മേക്കപ്പും പഠിച്ചു. ടെലിവിഷന്‍ സീരിയലില്‍ തുടങ്ങി വളരെപ്പെട്ടെന്ന് സിനിമയിലേക്കെത്തി.
ഒട്ടനവധി ചിത്രങ്ങളുടെ മേക്കപ്പ് ആര്‍ടിസ്റ്റായി.
മായാമോഹിനിയില്‍ ദിലീപിന്റെ പെണ്ണഴകിന് മാറ്റുകൂട്ടിയ ഹെയര്‍ സ്റ്റൈലിന് പിന്നില്‍ സിന്ദയായിരുന്നു.ഇതിനിടെ കോഴിക്കോട്ടുള്ള സിനിമനടനുമായി വിവാഹം കഴിഞ്ഞു. ആ ബന്ധത്തില്‍ ഒരു കുഞ്ഞുമുണ്ട്, എന്നാല്‍ ആ ബന്ധം നീണ്ടില്ല. കുറച്ചുനാള്‍ സിനിമ ര0ഗത്തു നിന്നു വിട്ടുനിന്നു. വീണ്ടും സീരിയലുകളിലൂടെ സജീവമായി. സീരിയല്‍ രംഗത്തു മികച്ച കലാകാരിയെന്ന് പേരെടുക്കുന്നതിനിടയിലാണ് സീരിയല്‍ നടനുമായി പുനര്‍വിവാഹം. തൊട്ടുപിന്നാലെ ക്യാന്‍സര്‍ രോഗബാധിതയായി. ചികില്‍സയ്ക്കു പണം കണ്ടെത്താന്‍ രോഗം വകവയ്ക്കാതെ ജോലിയില്‍ മുഴുകുന്നതിനിടെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാതെ ഭര്‍ത്താവ് സിന്ദയെ തഴഞ്ഞു. മറ്റ് ആശ്രയമില്ലാതെ താന്‍ വളര്‍ന്ന അനാഥമന്ദിരത്തില്‍ വീണ്ടും അഭയം തേടി. ചികില്‍സയ്ക്കിടെ ഇന്നലെ രോഗം മൂര്‍ച്ഛിച്ചു മരണത്തിന് കീഴടങ്ങി.
അന്ത്യാഭിലാഷമായി അനാഥ മന്ദിര ചുമതലക്കാരോട് പറഞ്ഞത് മരിച്ചാല്‍ സിനിമാസംഘടന ഫെഫ്കയെ അറിയിക്കണമെന്നായിരുന്നു. അതനുസരിച്ച് മഹിളാമന്ദിരം സിനിമ ര0ഗത്തുള്ള ചിലര്‍ വഴി സംവിധായകന് ശാന്തിവിള ദിനേശിനെ അറിയിക്കുകയും ദിനേശും മേക്കപ്പ് ആര്‍ട്ടിസ്റ്റ് യൂണിയന് സെക്രറ്ററി പ്രദീപ് രംഗനും ശാന്തികവാടത്തിലെത്തി അന്ത്യകര്‍മ്മങ്ങള്‍ നടത്തുകയും ചെയ്തു. അങ്ങനെ ഒട്ടനവധി കഥാപത്രങ്ങളുടെ പൂര്‍ണതയ്ക്കായി പ്രയത്നിച്ച ആ കലാകാരി ചമയങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി.