INDIA

ദില്ലിയില്‍ ഒബാമസ്റ്റൈല്‍ തന്ത്രവുമായി കേജരിവാള്‍

ദില്ലി: ആംആദ്മി പാര്‍ട്ടിയും അരവിന്ദ് കെജ്രിവാളും ദില്ലിയില്‍ ജയിക്കാനുള്ള സാധ്യതയില്‍ ഒരുപടി മുന്നിലാണ്. 2015ല്‍ എഎപി നേടിയ വിജയം അത്രമേല്‍ അപ്രതീക്ഷിതമായിരുന്നു. അതിനേക്കാള്‍ അദ്ദേഹത്തെ ആശങ്കപ്പെടുത്തുന്നത് അധികാരം നഷ്ടമായാല്‍ ദേശീയ രാഷ്ട്രീയത്തില്‍ എഎപിക്കുള്ള പ്രസക്തി തന്നെ നഷ്ടപ്പെടും എന്നതാണ്.

പക്ഷേ അരവിന്ദ് കെജ്രിവാള്‍ വിട്ടുകൊടുക്കാന്‍ താല്‍പര്യപ്പെടുന്നില്ല. അമേരിക്കയില്‍ ബരാക് ഒബാമ രണ്ടാം തവണ അധികാരത്തിലെത്തിയ അതേ തന്ത്രമാണ് അദ്ദേഹവും ഇത്തവണ പയറ്റുന്നത്. ഇത് ബിജെപിക്കെതിരെയുള്ള തന്ത്രമാണ്. ബിജെപിക്ക് ദില്ലിയില്‍ വലിയ വേരോട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസ് ഈ തന്ത്രത്തെ നേരത്തെ തന്നെ മനസ്സിലാക്കിയിട്ടുണ്ട്. എഎപിയുടെ പ്രധാന എതിരാളിയായി കോണ്‍ഗ്രസ് മാറുമെന്ന് വ്യക്തമാണ് .

അരവിന്ദ് കെജ്രിവാള്‍ 2015ല്‍ അധികാരത്തിലെത്തിയത് കൃത്യമായ പദ്ധതികളിലൂടെയായിരുന്നു. കോണ്‍ഗ്രസുമായുള്ള സഖ്യം വീണതിന് ശേഷം ബിജെപി നിരന്തരം അദ്ദേഹത്തെ വിമര്‍ശിച്ചിരുന്നു. എഎപി തോല്‍ക്കുമെന്ന അവസ്ഥയിലായിരുന്നു ആ സമയം. എന്നാല്‍ കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ കെജ്രിവാള്‍ വീര്യം വീണ്ടെടുക്കുകയായിരുന്നു. ഇത് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന തിരഞ്ഞെടുപ്പാണെന്നും, അല്ലാതെ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതല്ലെന്നും എഎപി പ്രചാരണത്തില്‍ കൊണ്ടുവന്നതോടെ ബിജെപി തകര്‍ന്നടിഞ്ഞു.

ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന് വ്യക്തമാക്കണമെന്ന് നിരന്തരം എഎപി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാല്‍ ആ നിമിഷം ബിജെപി വീഴുമെന്ന് ദേശീയ നേതൃത്വത്തിന് അറിയാം. അത്തരമൊരു അവസ്ഥയിലേക്ക് അരവിന്ദ് കെജ്രിവാള്‍ ബിജെപിയെ കൊണ്ടെത്തിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണത്തെ പോലെ അവസാന നിമിഷം ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാല്‍ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

2012ല്‍ ഒബാമ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഹോളിവുഡ് താരം ക്ലിന്റ് ഈസ്റ്റ് വുഡ് അദ്ദേഹത്തെ പരിഹസിച്ചിരുന്നു. അതിന് ഈ സീറ്റ് നേരത്തെ തന്നെ എനിക്കുള്ളതാണ് എന്ന ഒബാമയുടെ മറുപടി ട്വീറ്റ് വലിയ വൈറലായിരുന്നു. വീണ്ടും പ്രസിഡന്റ് പദത്തിലെത്താന്‍ അദ്ദേഹത്തെ സഹായിച്ചതും ഈ ഒരു ട്വീറ്റായിരുന്നു. ഒബാമയെ നേരിടാന്‍ ഏത് നേതാവ്, എന്നതായിരുന്നു പ്രധാന ചോദ്യം. പ്രതിപക്ഷത്തിന് അത്തരമൊരു മറുപടി ഇല്ലായിരുന്നു. ബിജെപി ഡല്‍ഹിയില്‍ നേരിടുന്നതും അതേ പ്രശ്നമാണ്.ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയെ എങ്ങനെ നേരിടണമെന്ന ആശങ്കയിലാണ് ബിജെപി.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി മനോജ് തിവാരിയാകും എന്ന അഭ്യൂഹങ്ങളും ശക്തമാണ്. എന്നാല്‍ തിവാരി പ്രവര്‍ത്തകരുമായി അത്ര നല്ല ബന്ധത്തിലല്ല. പക്ഷേ പൂര്‍വാഞ്ചലി വോട്ടര്‍മാര്‍ക്കിടയില്‍ വലിയ സ്വാധീനം അദ്ദേഹത്തിനുണ്ട്. പക്ഷേ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാണിക്കാന്‍ ബിജെപിക്ക് ഭയമുണ്ട്. ഇതാണ് അരവിന്ദ് കെജ്രിവാള്‍ ലക്ഷ്യമിടുന്നത്. എല്ലാ മാധ്യമങ്ങളിലുടെയും ഈ ചോദ്യം അദ്ദേഹം ഉന്നയിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ബിജെപിയെ ഇക്കാര്യത്തില്‍ ചോദ്യം ചെയ്യുന്നുമുണ്ട്. ബിജെപിയുടെ ഏറ്റവും വലിയ ദൗര്‍ബല്യം നേതൃത്വത്തിലെ വിള്ളലാണെന്ന് കേജരിവാളിന് നന്നായറിയാം.

അഞ്ച് വര്‍ഷം മുമ്പ് എഎപി ഏത് രീതിയിലായിരുന്നോ അതേ രീതിയിലാണ് ഇപ്പോള്‍ കോണ്‍ഗ്രസുള്ളത്. ഇവിടെ കോണ്‍ഗ്രസും എഎപിയും ഒരേ വോട്ടുബാങ്കിനെയാണ് ലക്ഷ്യമിടുന്നത്. തദ്ദേശതിരഞ്ഞെടുപ്പില്‍ ബിജെപി നേട്ടം കൊയ്തപ്പോള്‍ കോണ്‍ഗ്രസ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടുശതമാനം വര്‍ധിച്ചു. കോണ്‍ഗ്രസ് തിരിച്ചുവരുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് സമ്മര്‍ദമൊന്നുമില്ലാതെയാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇല്ലാതെ തന്നെ മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

മൂന്ന് പാര്‍ട്ടികള്‍ക്കും ദില്ലി തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. എഎപിക്ക് പഞ്ചാബില്‍ ഉണ്ടായിരുന്ന സ്വാധീനം വല്ലാതെ നഷ്ടമായി. അതേസമയം ദില്ലിയില്‍ ഭരണം കൂടി നഷ്ടപ്പെട്ടാല്‍ അവര്‍ പറയാന്‍ മറ്റ് സംസ്ഥാനങ്ങളില്ല. ദേശീയ തലത്തിലെ പ്രാധാന്യവും അതോടെ നഷ്ടപ്പെടും. കോണ്‍ഗ്രസിന് രാഹുല്‍ ഗാന്ധിക്ക് തിരിച്ചുവരവൊരുക്കാനുള്ള വേദിയാണിത്. തോറ്റാല്‍ അദ്ദേഹത്തിന് വ്യക്തിപരമായ തിരിച്ചടിയാവും. ബിജെപിക്ക് മോദി പ്രഭാവമുണ്ടായിട്ടും ഇത്രയും കാലം ദില്ലി പിടിക്കാനായിട്ടില്ലെന്ന പേരുദോഷമാണ് മാറ്റേണ്ടത്. ഇത്തവണ സാധിച്ചിട്ടില്ലെങ്കില്‍ ബിജെപിക്ക് അത് വലിയ തിരിച്ചടിയാവും.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close