ദി ബീസ്റ്റ്: നിഗൂഢതകള്‍ നിറഞ്ഞ ട്രംപിന്റെ കറുത്ത ചെകുത്താന്

അമേരിക്കന്‍ വാഹന ഭീമനായ ജനറല്‍ മോട്ടോഴ്സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കാഡിലാക് ബ്രാന്‍ഡിന്റെ ഡിടിഎസ്സിനോട് സാമ്യം തോന്നുന്ന ഡിസൈന്‍ ആണ് ബീസ്റ്റിന്. അതെ സമയം നീളം കൂടുതലുള്ള മോഡല്‍ ആയതുകൊണ്ടുതന്നെ ഒരു ട്രാക്കിന്റെ ഷാസി അടിസ്ഥാനപ്പെടുത്തിയാണ് ബീസ്റ്റ് നിര്‍മിച്ചിരിക്കുന്നത്. ഇത്തരത്തില്‍ നിര്‍മിച്ച ലോകത്തെ ഏക വാഹനമാണ് ബീസ്റ്റ്. 2018-ലാണ് ഇപ്പോഴുള്ള ബീസ്റ്റിനെ സീക്രെട്ട് സര്‍വീസ് അമേരിക്കന്‍ പ്രസിഡന്റിന്റെ വാഹനവ്യൂഹത്തില്‍ ചേര്‍ത്ത്. ഇതിന് മുന്‍പുണ്ടായിരുന്ന പ്രെസിഡന്‍ഷ്യല്‍ ലിമോസിന് ‘കാഡിലാക് വണ്‍’-ന്റെ കാലാവധി 2009 മുതല്‍ 2018 വരെയായിരുന്നു.
ഗ്ലാസ്, ബോഡി പാനലുകള്‍
സ്റ്റീല്‍, അലുമിനിയം, ടൈറ്റാനിയം, സെറാമിക് എന്നിവ ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കിയതാണ് ബീസ്റ്റിന്റെ ബോഡി. ഏകദേശം 5-ഇഞ്ചോളം വീതിയുണ്ട് ഈ കാറിന്റെ ഓരോ ബോഡി പാനലുകള്‍ക്കും. അതുകൊണ്ടുതന്നെ ഭാരം വളരെ കൂടുതലാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ കാറിന്, ഏകദേശം 14,000 പൗണ്ട്. അതായത് 6350 കിലോഗ്രാം. പോളികാര്ബോണേറ്റിന്റെയും, ഗ്ലാസ്സിന്റെയും അഞ്ച് ലെയര്‍ ചേര്‍ന്നതാണ് ബീസ്റ്റിലെ ഓരോ ചില്ലുജാലകങ്ങളും. ഇതില്‍ ഡ്രൈവറുടെ ഗ്ലാസ് മാത്രമേ താഴ്ത്താന്‍ പറ്റു. അതും 3-ഇഞ്ച് മാത്രം. ഡോറുകള്‍ക്ക് താക്കോല്‍ദ്വാരം ഇല്ല എന്നുള്ളതാണ് ബീസിറ്റിന്റെ മറ്റൊരു പ്രത്യേകത. പ്രസിഡന്റിന്റെ ലിമോസിന് എങ്ങനെ തുറക്കാം എന്നുള്ളത് സീക്രെട്ട് സര്‍വീസ് ഏജന്റുകള്‍ക്ക് മാത്രമേ അറിയൂ.
ആക്രമണം ഉണ്ടായാല്‍ ബീസ്റ്റ് വിശ്വരൂപം കാട്ടും
കാഴ്ച്ചയില്‍ ഒരു ‘ജന്റില്‍ മാന്‍’ ലുക്ക് ആണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ലിമോസിനെങ്കിലും എന്തെങ്കിലും ആക്രമണമുണ്ടായാല്‍ ശെരിക്കും ചെകുത്താനായി മാറാനുള്ള സര്‍വ സന്നാഹങ്ങളും ബീസ്റ്റിലുണ്ട്. റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകള്‍, ടിയര്‍ ഗ്യാസ് കാനന്‍, പമ്പ്-ആക്ഷന്‍ ഷോട്ട്ഗണ്‍, സ്മോക്ക് ഡിസ്പെന്സര് എന്നിങ്ങനെ പോകുന്നു ആക്രമണ സംവിധാനങ്ങള്‍. അതെ സമയം സ്വയരക്ഷയും പ്രധാനമാണ് എന്നുള്ളതുകൊണ്ടുനതന്നെ ഹെഡ്ലൈറ്റുകള് ഓഫ് ആയിരിക്കുമ്പോള്‍ പോലും രാത്രി സമയത് ഡ്രൈവ് ചെയ്യാന്‍ സഹായിക്കുന്ന നൈറ്റ് വിഷന്‍ ക്യാമറകള്‍, തേയ്മാനവും പഞ്ചറും ചെറുക്കുന്ന ടയറുകള്‍ എന്നിവ ബീസ്റ്റിലുണ്ട്. ഇനി ഒരു പക്ഷെ ടയറുകള്‍ തകര്‍ന്നാല്‍ തന്നെ സ്റ്റീല്‍ റിമ്മില് തന്നെ വാഹനം കുറച്ചു ദൂരം സുരക്ഷിതമായി ഡ്രൈവ് ചെയ്യാം.
നിഗൂഢം ഉള്‍വശം
രാസായുധ ആക്രമണമുണ്ടായാല്‍ പോലും ബീസിറ്റിന്റെ ഇന്റീരിയര്‍ സുരക്ഷിതമാണ്. അടിയന്തിര സാഹചര്യങ്ങളില്‍ മുഴുവന്‍ ഇന്റീരിയറും അടയ്ക്കുന്ന പ്രത്യേക ഓട്ടോമാറ്റിക്-ലോക്ക് സുരക്ഷാ സംവിധാനം ബീസിറ്റിലുണ്ട്. പ്രസിഡന്റിന്റെ കൂടാതെ 4 പേര്‍ക്ക് കൂടെ സഞ്ചരിക്കാവുന്ന കോണ്‍ഫറന്‍സ് ശൈലിയിലുള്ള ഇന്റീരിയര്‍ സീറ്റ് ലേയൗട്ട് ആണ് ബീസ്റ്റില്‍. ഓക്സിജന്‍ വിതരണം ഉള്‍പ്പെടെ ബീസ്റ്റില്‍ സ്വന്തമായി ലൈഫ് സപ്പോര്‍ട്ട് യൂണിറ്റ് ഉണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ പ്രസിഡന്റിന്റെ അതെ ഗ്രൂപ്പ് രക്തവും, ഡിഫൈബറിലേറ്ററും ഇന്റീരിയറില്‍ സൂക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞില്ല അമേരിക്കന്‍ വൈസ് പ്രസിഡന്റിനെയും പെന്റഗണിനെയും ലോകത്തെവിടെയാണെങ്കിലും നേരിട്ടുള്ള ബന്ധപ്പെടാനുള്ള സാറ്റലൈറ്റ് ഫോണ്‍ സൗകര്യവും കാറില്‍ പ്രസിഡന്റിന്റെ സീറ്റില്‍ ക്രമീകരിച്ചിട്ടുണ്ട്.
എന്ജിന് & പെട്രോള്‍ ടാങ്ക്
5.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ബീസിറ്റിനെ ചലിപ്പിക്കുന്നത്. അന്ഗ്നിബാധവരെ വലിയൊരളവ് ചെറുക്കും വിധമാണ് എന്ജിന് നിര്‍മിച്ചിരിക്കുന്നത്. ഭാരം, വലുപ്പം എന്നിവ കാരണം ബീസ്റ്റിന്റെ മൈലേജ് വളരെ കുറവാണെന്നാണ് റിപോര്‍ട്ടുകള്‍, 3 കിലോമീറ്റര്‍ മാത്രം. വെടിയുണ്ടകളെ പോലും ചെറുക്കുന്ന ആര്‍മേര്‍ഡ് പെട്രോള്‍ ടാങ്ക് ആണ് ബീസ്റ്റിന്. മാത്രമുള്ള ഇന്ധന ടാങ്കില്‍ ഒരു പ്രത്യേക ഫോം നിറച്ചിട്ടുണ്ട്. അക്രമണമുണ്ടായാലും പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിക്കാതിരിക്കാന്‍ ഈ ഫോം സഹായിക്കും.
ബീസ്റ്റിന്റെ ഡ്രൈവര്‍ ചില്ലറക്കാരന്‍ അല്ല
ദി ബീസ്റ്റിന്റെ ഡ്രൈവര്‍ ഒരു സാധാരണ ഡ്രൈവര്‍ അല്ല. മെക്കാനിക്കല്‍ ബ്രേക്ക് ഡൗണുകളുണ്ടായാല് പരിഹരിക്കാനും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ ഡ്രൈവിംഗിനായി പ്രത്യേക പരിശീലനം നേടിയ സിഐഎ ഏജന്റാണ് ബീസ്റ്റിന്റെ ഡ്രൈവര്‍. വരാനിരിക്കുന്ന ഏത് അടിയന്തിര സാഹചര്യങ്ങളും കൈകാര്യം ചെയ്യാന്‍ ഈ ഡ്രൈവര്‍ക്ക് പരിശീലനം കിട്ടിയിട്ടുണ്ടാവും. ഡ്രൈവറുടെ പക്കലും ഒരു ഷോട്ട്ഗണ്‍ ഉണ്ടാകും. 180-ഡിഗ്രി ടേണ്‍ പോലുള്ള ഡ്രൈവിംഗ് സ്കില്ലുകള്‍ സ്വായത്തമാക്കിയ കക്ഷിയാണ് ബീസ്റ്റ് ഡ്രൈവ് ചെയ്യുക. മാത്രമല്ല ഡ്രൈവര്‍ ക്യാബിനില്‍ ആധുനിക ആശയവിനിമയ ഉപാധികളും ജിപിഎസ് ട്രാക്കിംഗ് സംവിധാനവും വിന്യസിച്ചിട്ടുണ്ട്.
സഞ്ചരിക്കാന്‍ പ്രത്യേക വിമാനം
എയര്‍ ഫോഴ്സ് വണ്ണിലാണ് അമേരിക്കന്‍ പ്രസിഡന്റ് സഞ്ചരിക്കുക. അതെ സമയം പ്രസിഡന്റിന്റെ കാറായ ബീസ്റ്റിന് കടല്‍ കടക്കാനും സ്വന്തമായി വിമാനമുണ്ട്. ഇ17 ഗ്ലോബ്മാസ്റ്റര് എന്ന കാര്‍ഗോ വിമാനത്തിലാണ് ബീസ്റ്റിന്റെ സഞ്ചാരം. ബീസ്റ്റുമായി ഇ17 ഗ്ലോബ്മാസ്റ്റര് അഹമ്മദാബാദില്‍ എത്തിക്കഴിഞ്ഞു. മറ്റൊരു കാര്യം കൂടി, കാലാവധി കഴിഞ്ഞ പ്രസിഡന്റിന്റെ ലിമോസിന് യുഎസ് സീക്രട്ട് സര്‍വീസ് നശിപ്പിച്ചുകളയും. 9/11 വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകര ആക്രമണത്തിനുശേഷം ആണ് ഈ പതിവ് ആരംഭിച്ചത്. ബീസ്റ്റിലെ സുരക്ഷാ ക്രമീകരണങ്ങള്‍ പുറത്തുനിന്നുള്ള കക്ഷികള്‍ക്ക് അറിയാതിരിക്കാന്‍ ആണ് വാഹനം നശിപ്പിക്കുന്നത്.