
ന്യൂഡല്‍ഹി: ദീപവലിക്ക് വിളക്കുകള്‍ക്കൊപ്പം എല്ഇഡികള്ക്ക വലിയസ്ഥാനമാണുള്ളത്. ഇന്ത്യയിലെ ആഘോഷങ്ങള്‍ക്ക് പടക്കങ്ങളും എല്‍ഇഡികളും എത്തുന്നതാകട്ടെ ചൈനയില്‍ നിന്നും. എന്നാല്‍ ഇത്തവണ രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഇവയുടെ ഇറക്കുമതിക്കുള്ള നിയമങ്ങള്‍ ശക്തമാക്കുകയാണ് സര്‍ക്കാര്‍. സെപ്റ്റംബര്‍മുതല്‍ രാജ്യത്തെത്തുന്ന എല്‍ഇഡികളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കുന്നത് നിര്‍ബന്ധമാക്കിയിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന് ട്രേഡ് പുറത്തിറക്കിയ പുതിയ വിജ്ഞാപന പ്രകാരം, ഇപ്പോള്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ എല്‍ഇഡി ഉല്‍പ്പന്നങ്ങളും കര്‍ശനമായ ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കുമെന്നുണ്ട്. ലോകത്തിലെതന്നെ ഏറ്റവും വലിയ എല്‍ഇഡി വിപണികളില്‍ ഒന്നാണ് ഇന്ത്യ.
പുതിയ ഇറക്കുമതി നിയമങ്ങള്‍ അനുസരിച്ച്, ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കുകയും ഗുണനിലവാരമില്ലാത്ത എല്‍ഇഡികള്‍ വിശദമായി പരിശോധിക്കുകയും ചെയ്യും. മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍, ഇറക്കുമതി ചെയ്യുന്നവരുടെ ചെലവില്‍ മുഴുവന്‍ ഇനങ്ങളും മടക്കി അയയ്ക്കുകയോ നശിപ്പിക്കുകയോ ചെയ്യും. നിലവാരം കുറഞ്ഞ ചൈനീസ് ഉത്പന്നങ്ങള്‍ മാര്‍ക്കറ്റുകളില്‍ എത്തുന്നത് തടയാനായി ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് അംഗീകരിച്ച ലബോറട്ടറികളിലാവും ടെസ്റ്റു ചെയ്യുക.
ഡിജിഎഫ്റ്റി പുറത്തിറക്കിയ മാനദണ്ഡങ്ങള്‍
രാജ്യത്ത് എത്തുന്ന ചരക്കുകള്‍ ക്രമരഹിതമായരീതിയിലോ ക്രമമായോ തിരഞ്ഞെടുക്കും
അത്തരം സാമ്പിളുകള്‍ പരിശോധനയ്ക്കായി ബ്യൂറോ ഓഫ് ഇന്ത്യ സ്റ്റാന്‍ഡേര്‍ഡ്സ് (ബിഐഎസ്) ലാബുകളിലെത്തിക്കുകയും , 7 ദിവസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കുകയും ചെയ്യും
-ഈ എല്‍ഇഡി ഉല്‍പ്പന്നങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നാവും പ്രധാനമായും പരിശോധിക്കുക.
-തിരഞ്ഞെടുത്ത സാമ്പിളുകള്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ അവ തിരിച്ചയയ്ക്കുകയോ നശിപ്പിക്കുകയോ ചെയ്യും.