രാമക്ഷേത്ര നിര്‍മാണ ഭൂമിപൂജ ഇന്ന്

അയോധ്യ: അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണത്തിനുള്ള ഭൂമിപൂജ ഇന്ന് നടക്കും. അഞ്ച് പ്രധാന വ്യക്തികളാണ് ഭൂമിപൂജയ്ക്ക് ശേഷം നടക്കുന്ന പരിപാടിയില്‍ വേദിയിലുണ്ടാവുക. പ്രധാനമന്ത്രി നരേന്ദ്രമോദി, ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്, യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹന്ത് നൃത്യ ഗോപാല്‍ദാസ് എന്നിവര്‍. ലോകത്തെ 36 പ്രമുഖ പരമ്പരകളിലെ 135 സംന്യാസി ശ്രേഷ്ഠരുടെ സാന്നിധ്യത്തിലാണ് പവിത്രമായ ചടങ്ങുകള്‍. രാജ്യത്തെ നൂറുകണക്കിന് പുണ്യസ്ഥലങ്ങളിലെ മണ്ണും പുണ്യനദികളിലെ ജലവും രാമജന്മഭൂമിയെ കൂടുതല്‍ പവിത്രമാക്കും.
ഭൂമിപൂജ പരിപാടിയുടെ ക്ഷണക്കത്ത് കഴിഞ്ഞ ദിവസം വിതരണം ചെയ്തു തുടങ്ങി. 175 പേര്‍ക്കാണ് ക്ഷണക്കത്ത് നല്‍കിയിരിക്കുന്നതെന്ന് തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായി പറഞ്ഞു. പ്രത്യേക സുരക്ഷാ കോഡ് അടക്കമുള്ള സംവിധാനങ്ങള്‍ ക്ഷണക്കത്തിലുണ്ട്. ആദ്യ ക്ഷണക്കത്ത് അയോധ്യാ കേസിലെ പരാതിക്കാരനായ ഇക്ബാല്‍ അന്‍സാരിക്കാണ്. പതിനായിരത്തോളം അജ്ഞാത ശവശരീരങ്ങള്‍ മറവു ചെയ്തതിലൂടെ പ്രശസ്തനായ പദ്മശ്രീ മുഹമ്മദ് ഷെരീഫ് അടക്കമുള്ളവര്‍ക്കും ക്ഷണക്കത്ത് ലഭിച്ചിട്ടുണ്ട്. രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ചുകൊണ്ട് 40 കിലോ വെള്ളിയില്‍ തീര്‍ത്ത ഇഷ്ടിക ഭൂമിപൂജാവേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാമജന്മഭൂമിയില്‍ സ്ഥാപിക്കും. രാമക്ഷേത്ര പ്രക്ഷോഭത്തിന് നേതൃത്വം വഹിച്ച എല്‍.കെ അദ്വാനി, മുരളീമനോഹര്‍ ജോഷി എന്നിവര്‍ ഓണ്‍ലൈനിലൂടെ പരിപാടിയില്‍ പങ്കെടുക്കും. പ്രായാധിക്യം മൂലം കൊവിഡ് നിബന്ധനകള്‍ കൂടി പാലിച്ചാണ് നടപടി.

1500 പുണ്യകേന്ദ്രങ്ങളിലെ മണ്ണും നൂറോളം പുണ്യനദികളിലെ ജലവും
ഭാരതത്തിലും പുറത്തുമുള്ള ആയിരത്തി അഞ്ഞൂറോളം പുണ്യകേന്ദ്രങ്ങളിലെ മണ്ണും നൂറോളം പുണ്യനദികളിലെ, രണ്ടായിരത്തോളം പുണ്യസ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച ജലവും അയോധ്യയില്‍ എത്തിക്കഴിഞ്ഞു. ഗംഗ, യമുന, ബ്രഹ്മപുത്ര, നര്‍മ്മദ. ഗോദാവരി, കൃഷ്ണ, കാവേരി, സിന്ധു, ഝലം, സത്ലജ്, രവി, ചനാബ് അടക്കമുള്ള നദികളിലെ തീര്‍ത്ഥമാണ് എത്തിയത്.
തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ക്ക് പുറമേ ഹല്ദീഘാട്ടിയിലെയും ചിത്തോഡിലെയും റായ്ഗട്ട് കോട്ടയിലെയും കാണ്‍പൂരിലെ മസാക്കര്‍ ഘാട്ടിലെയും മണ്ണും രാമജന്മഭൂമയില് അലിഞ്ഞുചേരും. സുവര്‍ണ്ണ ക്ഷേത്രത്തിലെയും ജ്യോതിര്ലിംഗങ്ങളിലെയും വൈഷ്ണോദേവി ക്ഷേത്രത്തിലെയും സരസ്വതീ നദിയുടെ ഉദ്ഭവ സ്ഥലത്തെയും മണ്ണും ജലവും എത്തിച്ചിട്ടുണ്ട്. നാഗ്പൂരില്‍നിന്നും രവിദാസ് മന്ദിറില്‍ നിന്നും മാനസ സരോവരത്തില്‍ നിന്നും രാമജന്മഭൂമിയിലേക്ക് തീര്ത്ഥങ്ങളെത്തിക്കഴിഞ്ഞു. പ്രശസ്തമായ 36 സംന്യാസി പരമ്പരകളിലെ സംന്യാസി ശ്രേഷ്ഠന്മാരാണ് ഭൂമിപൂജാ ചടങ്ങുകളില്‍ അണിനിരക്കുന്നത്. ദശനാമി സംന്യാസി പരമ്പര, രാമാനന്ദ് വൈഷ്ണവ് പരമ്പര, രാമാനുജ് പരമ്പര, നാഥ് പരമ്പര, നിംബാര്‍ക്ക്. മാധ്വാചാര്യ, വല്ലാഭാചാര്യ, രാമസ്നേഹി, കൃഷ്ണപ്രണാമി, ഉദാസീന്‍, നിര്‍മ്മലേ സംത്, കബീര്‍ പംഥീ, ചിന്മയാമിഷന്, രാമകൃഷ്ണ മിഷന്, ലിംഗായത്ത്, വാല്മീകീ സംത്, രവിദാസീ സംത്, ആര്യസമാജം, സിഖ് പരമ്പര, ബുദ്ധ, ജൈന, സതപംഥ്, ഇസ്കോണ്‍, സ്വാമിനാരായണ്‍, വാര്കരി, ഏക്നാഥ്, ബംജാരാ സംത്, വന്‍വാസി സംത്, ആദിവാസി ഗൗണ്‍. ഗുരു പരമ്പര, ഭാരത് സേവാശ്രമ സംഘം, ആചാര്യ സമാജം, സംത് സമിതി, സിന്ധി സംത്, അഘാഡാ പരിഷത്ത്, നേപ്പാളിലെ സംന്യാസി സമൂഹം എന്നിവയുടെയെല്ലാം പ്രധാന സംന്യാസിവര്യന്മാരാണ് അയോധ്യയിലെത്തുന്നത്.

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്ഷേത്രം
രാമജന്മഭൂമിയില്‍ ഉയരുന്നത് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്ഷേത്രമാണ്. നിലവിലുള്ള 70 ഏക്കര്‍ ഭൂമിക്ക് പുറമേ അമ്പതോളം ഭൂമി കൂടി ഏറ്റെടുത്താണ് ക്ഷേത്രം നിര്‍മാണം പൂര്‍ത്തിയാക്കുക. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പത്ത് വര്‍ഷമെങ്കിലും എടുക്കും. ആദ്യഘട്ടം മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. നഗരശൈലി വാസ്തു വിദ്യ പ്രകാരമുള്ള ക്ഷേത്രമാണ് ശ്രീരാമ ജന്മഭൂമിയില് നിര്‍മിക്കുന്നത്. അതിനായി 100 മുതല്‍ 120 ഏക്കറെങ്കിലും ഭൂമി ആവശ്യമുണ്ട്. അതുകൊണ്ടുതന്നെ കുറച്ചു സ്ഥലങ്ങള്‍ കൂടി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ വൈകാതെ ഏറ്റെടുക്കും. രാമക്ഷേത്രത്തിന് നേരത്തേ വിഭാവനം ചെയ്തതിനെക്കാള്‍ ഇരട്ടിയിലധികം വലിപ്പമുണ്ടാകുമെന്ന് ക്ഷേത്രത്തിന്റെ ആദ്യമാതൃക രൂപകല്‍പ്പന ചെയ്ത 77കാരനായ വാസ്തുശില്പി ചന്ദ്രകാന്ത് സോംപുര കഴിഞ്ഞദിവസം അഹമ്മദാബാദില്‍ പറഞ്ഞിരുന്നു. രണ്ടു താഴിക കുടങ്ങളോടെ 140 അടി വീതിയും 268 അടി നീളവും 161 അടി ഉയരവുമുള്ള രണ്ടുനില ക്ഷേത്രമാണ് നേരത്തേ വിഭാവനം ചെയ്തിരുന്നത്. 1983-ല്‍ വിഎച്ച്പി നേതാവ് അശോക് സിംഗാള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ചന്ദ്രകാന്ത് സോംപുര രാമക്ഷേത്രത്തിന് രൂപരേഖ തയ്യാറാക്കിയത്. നിലവില്‍ 401 ഏക്കറിലുള്ള കംബോഡിയയിലെ അങ്കോര്‍വാട്ട് ക്ഷേത്രമാണ് ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം. 155 ഏക്കറിലെ തമിഴ്നാട് തിരുച്ചിറപ്പള്ളി ശ്രീരംഗനാഥ ക്ഷേത്രമാണ് രണ്ടാമത്തെ വലിയ ക്ഷേത്രം. നിര്‍മാണം പൂര്‍ത്തിയായാല്‍ അയോധ്യക്ഷേത്രം ഈ പട്ടികയില്‍ മൂന്നാമതാകും. പുതിയ ക്ഷേത്ര നിര്‍മാണത്തിനായി ക്ഷേത്രഭൂമിയില്‍ ഇപ്പോഴുള്ള ഒമ്പത് ക്ഷേത്രങ്ങള്‍ രാമക്ഷേത്രത്തിനായി പൊളിച്ചുമാറ്റും. ഇവിടുത്തെ വിഗ്രഹങ്ങള്‍ ആചാരവിധി പ്രകാരം പുതിയ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കും. പുതിയ മാതൃകയില്‍ അഞ്ച് താഴികക്കുടങ്ങള്‍, മൂന്നുനിലകള്‍, 280 അടി വീതി, 300 അടി നീളം, 161 അടി ഉയരം, ഏകദേശം 84,000 ചതുരശ്രയടി വിസ്തീര്‍ണവുമുണ്ട്.

വിതരണം ചെയ്യുന്നത് ഒരു ലക്ഷം ലഡു
രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുന്ന ദിവസം വിതരണം ചെയ്യാന്‍ ഒരുക്കുന്നത് ഒരു ലക്ഷത്തിലധികം ലഡു. ദേവ്രാഹ ഹംസ ബാബ സന്‍സ്താനിലെ മണി രാംദാസ് ചൗവ്നിയാണി ലഡു ഒരുക്കുന്നത്. രാമജന്മഭൂമിയില്‍ എത്തുന്ന എല്ലാവര്ക്കും ലഡു വിതരണം ചെയ്യും. ഒപ്പം തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രധാന ക്ഷേത്രങ്ങളിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് നല്കാന് ലഡു അയച്ചു കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 1,11,000 ലഡുവാണ് ഒരുക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലഡു നിര്‍മാണത്തിലാണ് അദ്ദേഹം. അതുപോലെ ഒരു ബാഗ് തയാറാക്കിയിട്ടുണ്ട്. അതില്‍ അയോധ്യയുടെയും രാമക്ഷേത്രത്തിന്റെയും ചരിത്രമടങ്ങുന്ന മൂന്ന് പുസ്തകങ്ങളും ഒരു പെട്ടിയില്‍ ലഡുവും മറ്റൊന്നില്‍ ഷാളും മറ്റ് സാധനങ്ങളുമാണുണ്ടാകുക.