Movies

ദുരൂഹമായിട്ടുള്ള കേസുകളുടെ അന്വേഷണത്തില്‍ നിരപരാധികളെ കുടുക്കരുത് ;റിട്ട. എസ് പി ജോര്‍ജ് ജോസഫ്

അനുദിനം സംസ്ഥാനത്തെ അന്വേഷണ ഉദ്യോഗസ്ഥരും അന്വേഷണരീതികളും നിരവധി വിമര്‍ശനങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ ,മലയാളത്തിലെ സിബിഐ സീരീസിലെ ആദ്യത്തെ സിനിമായായ ‘ഒരു സിബിഐ ഡയറിക്കുറിപ്പി’ന് പിന്നിലെ യഥാര്‍ഥ കേസിന്റെ അന്വേഷണത്തിലെ അനുഭവങ്ങള്‍ പങ്കുവച്ച് റിട്ട. എസ് പി ജോര്‍ജ് ജോസഫ്.ദി പ്രൈം വിറ്റ്നെസ് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുന്ന വീഡിയോയിലൂടെയാണ് എസ് പി ജോര്‍ജ്ജ് ജോസഫ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.കേസ് അന്വേഷണം ശരിയായ രീതിയില്‍ കൊണ്ടുപോകാന്‍ പോലീസും സിബിഐയും പഠിക്കണമെന്നും മമ്മൂട്ടി നായകനായെത്തിയ ചിത്രത്തിനാധാരമായ യഥാര്‍ഥ കേസില്‍ പോളക്കുളം നാരായണന്‍ പ്രതിയാക്കപ്പെട്ടത് തെറ്റായിരുന്നെന്നും ജോര്‍ജ് ജോസഫ് പറയുന്നു.മരണപ്പെട്ട പീതാംബരന്റേത് ആത്മഹത്യയാണെന്നായിരുന്നു താന്‍ ഭാഗമായിരുന്ന അന്വേഷണത്തിന്റെ കണ്ടെത്തലെന്നും സിബിഐ അന്വേഷണത്തില്‍ അത് കൊലപാതകമായതിന്റെ യുക്തി മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വീഡിയോയിലെ പ്രസക്തഭാഗങ്ങള്‍:

‘സിബിഐ ഡയറിക്കുറിപ്പ് ഇന്ന് ടിവിയിലൊക്കെ കാണുമ്പോള്‍ ഈ വൈകിയ വേളയിലെങ്കിലും ഇതു പറയണമെന്ന് എനിക്ക് തോന്നി.

എറണാകുളത്തെ പോളക്കുളം ലോഡ്ജില്‍ ഉണ്ടായ ഒരു സംഭവുമായി ബന്ധപ്പെട്ടാണ് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമയുടെ പശ്ചാത്തലം. അവിടുത്തെ ജീവനക്കാരനായ പീതാംബരന്‍ എന്നയാള്‍ ഒരു ദിവസം വെളുപ്പിനെ അഞ്ചുമണി സമയത്ത് 14 നിലയുള്ള ലോഡ്ജിന് മുകളില്‍ നിന്നും വീണ് മരണപ്പെടുന്നു. ഓഫീസിലെ ഒരു പ്രായമുള്ള മറ്റൊരു ജീവനക്കാരന്‍, ലോഡ്ജില്‍ താമസിക്കുന്ന ഒരു പ്രൊബേഷണറി എസ്ഐ എന്നിവര്‍ മാത്രമായിരുന്നു ആ സമയത്ത് ലോഡ്ജില്‍ ഉണ്ടായിരുന്നത്. എന്നും പുലര്‍ച്ചെ ലോഡ്ജിന്റെ മുകളിലുള്ള ടാങ്കില്‍ വെള്ളം അടിച്ച് കഴിയുമ്പോള്‍ പൂട്ടുന്നതിനായി പീതാംബരന്‍ 14ാം നിലയുടെ മുകളില്‍ കയറാറുണ്ട്. ഈ സമയത്താണ് അയാള്‍ കാലുവഴുതി താഴേക്ക് വീണത്. ശബ്ദം കേട്ട് പ്രൊബോഷണറി എസ്ഐയും ഓഫീസ് ജീവനക്കാരനും ഓടിവരുമ്പോള്‍ അയാള്‍ രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു. എസ്ഐ അയാളെ കോരി എടുത്ത് എന്ത് പറ്റിയതാണ്, ആരെങ്കിലും ഉപദ്രവിച്ചോ എന്നു ചോദിച്ചപ്പോള്‍ ‘അവര്‍ എന്നെ കൊന്നു’ എന്ന് മാത്രം പറഞ്ഞുകൊണ്ട് പീതാംബരന്‍ മരിക്കുകയായിരുന്നു. അവിടെ ആകെ ഉണ്ടായിരുന്നത് ആ പ്രായമുള്ള ജീവനക്കാരനും പൊലീസുകാരനുമായിരുന്നു. നാരായണന്‍ അയാളുടെ വീട്ടിലായിരുന്നു അപ്പോള്‍ അയാള്‍ എങ്ങനെ വീണു, അയാളെ ആര് തള്ളിയിട്ടു? അവിടെ മറ്റൊരാളുമുണ്ടായിരുന്നില്ല, അതാണ് യാഥാര്‍ഥ്യം.അന്നത്തെ വിദഗ്ധരായ അന്വേഷണ ഉദ്യോഗസ്ഥരായ എം ബി ബാലകൃഷ്ണന്‍, എസ് പി വിശ്വംഭരന്‍ എന്നിവരായിരുന്നു അന്വേഷണത്തിനെത്തിയത്. അന്ന് സ്പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന ഞാനും അവരോടൊപ്പം ഉണ്ടായിരുന്നു.പോലീസിന്റെ അന്വേഷണം കഴിഞ്ഞ് മൂന്ന് നാല് ദിവസം കഴിഞ്ഞാണ് ഞങ്ങള്‍ അവിടെയെത്തിയത്. അതിനകം കേസ് ആകെ വിവാദമായിരുന്നു. ലോഡ്ജ് മുതലാളിയായ നാരയണന് ശത്രുക്കളുണ്ടായിരുന്നു. അവര്‍ പലതും പറഞ്ഞ് പ്രചരിപ്പിച്ചിരുന്നു.

മരണപ്പെട്ട പീതാംബരന്റെ വീട്ടിലെ തിരച്ചിലില്‍ ലോഡ്ജിന്റെ ഒരുദിവസത്തെ കളക്ഷന്‍ കണ്ടെത്തിയിരുന്നു. അത് അന്ന് റെക്കാര്‍ട് ചെയ്തില്ല, എന്നാല്‍ ചെയ്യേണ്ടതായിരുന്നു എന്നെനിക്ക് പിന്നീട് തോന്നിയിട്ടുണ്ട്. അയാളുടെ മേശ വലിപ്പില്‍ നിന്ന് ഒരു കുറിപ്പടിയും കിട്ടിയിരുന്നു. ചാലക്കുടിയിലെ ഒരു മാനസിക രോഗ വിദഗ്ധന്‍ നല്‍കിയതായിരുന്നു അത്. അതുമായി ഞങ്ങള്‍ അദ്ദേഹത്തെ പോയി കണ്ടു. ആ കുറിപ്പടി കാണിച്ചപ്പോഴുള്ള ഡോക്ടറുടെ ആദ്യ പ്രതികരണം ‘ഇയാള് ചത്തോ’ എന്നായിരുന്നു. അയാള്‍ക്ക് പല മാനസിക പ്രശ്നങ്ങളുണ്ടായിരുന്നു എന്നും അതിന് മരുന്ന് കഴിക്കുന്നുണ്ടായിരുന്നു എന്നും ഡോക്ടറുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് വ്യക്തമായി. ആത്മഹത്യാപ്രേരണയുണ്ടായിരുന്ന അയാള്‍ ചിലപ്പോള്‍ ചാടിയതാകാം അല്ലെങ്കില്‍ തെന്നിവീണതുമാകാം. എന്നാല്‍ ആത്മഹത്യയ്ക്കായിരുന്നു കൂടുതല്‍ സാധ്യത.ഏതായാലും വീഴ്ചയില്‍ അയാള്‍ മരണമുറപ്പിച്ചു. അപ്പോള്‍ അവര്‍ എന്നെ കൊന്നു എന്നതിലൂടെ അവന്റെ മരണത്തിന് കാരണം സമൂഹമാണ് എന്നായിരുന്നെന്നാണ് അര്‍ത്ഥമാക്കിയതെന്ന നിഗമനത്തില്‍ ബാലകൃഷ്ണന്‍ സാര്‍ എത്തി. അല്ലാതെ കൊല്ലാനോ തള്ളിയിടാനോ ആരും മുകളില്ലായിരുന്നു. ഡോക്ടറുടെ പ്രതികരണത്തോടെ അദ്ദേഹം ആ നിഗമനത്തിലെത്തി. അത് കൃത്യമായിരുന്നു.പക്ഷേ ലോക്കല്‍ പോലീസിന്റേയും ക്രൈം ബ്രാഞ്ചിന്റേയും അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നു. നാരയണന്റെ ശത്രുക്കള്‍ക്ക് കണ്ടെത്തലുകള്‍ തൃപ്തികരമല്ലാത്തതായിരിക്കാം ഇതിന് പിന്നില്‍.

അങ്ങനെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. ആ സ്ഥലത്ത് പോലും ഇല്ലാതിരുന്ന നാരാണനെ അറസ്റ്റ് ചെയ്തു. അങ്ങനെയൊരാള്‍ അവിടെയുണ്ടായിരുന്നെങ്കില്‍ നാരായണന്‍ ഇതില്‍ കുറ്റവാളിയാണെന്ന് കരുതാമായിരുന്നു. എന്നാല്‍ അങ്ങനെയൊരു സാഹചര്യമില്ലായിരുന്നു പിന്നെയെങ്ങനെയാണ് സിബിഐ ആ കഥ മുട്ടിച്ചതെന്ന് മനയിലാവുന്നില്ല, ഏതായാലും ആ കേസില്‍ നാരായണനെ കീഴ്കോടതി ശിക്ഷിച്ചെങ്കിലും ഹൈക്കോടതി വെറുതെവിട്ടു.ഒരു സിബിഐ ഡയറിക്കുറിപ്പ് കാണുമ്പോള്‍ ഞാനിത് ഓര്‍ക്കും. സത്യം ഒരുവഴിക്ക് പോകുമ്പോള്‍ തെളിവ് വേറൊരു വഴിക്ക് പോകുന്നു. ഇതാണ് ജീവിതത്തില്‍ ഞാന്‍ കണ്ട, പഠിച്ച പാഠം. സത്യത്തിനനുസരിച്ചല്ല കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് ഞാന്‍ മനസിലാക്കിയിരിക്കുന്നത്. അതാണ് പോളക്കുളം നാരയണന്റെ കേസിനെ സംബന്ധിച്ചുമുള്ളത്. നിരപരാധിയായ അയാളെ അറസ്റ്റ് ചെയ്ത് റിമാന്റു ചെയ്തു. എന്നും എനിക്കതില്‍ ദുഃഖമുണ്ട്.

അന്വേഷണം ശരിയായ രീതിയില്‍ അന്വേഷിക്കാന്‍ പോലിസും സിബിഐയും പഠിക്കണം. ദുരൂഹമായിട്ടുള്ള കേസുകളുടെ അന്വേഷണത്തില്‍ നിരപരാധികള്‍ കുടുങ്ങരുത്, കുടുക്കരുത്. എന്താണതിന്റെ യുക്തി എന്നെനിക്ക് മനസിലാകുന്നില്ല. പോളക്കുളം നാരായണനെ പൊതു അഭിപ്രായം അനുസരിച്ച് പ്രതി ചേര്‍ക്കുന്നു അത് കൊള്ളില്ല. അവിടെ മറ്റൊരു പ്രതിയുടെ സഹായമുണ്ടെങ്കിലെ കൊല്ലാനാകൂ. അങ്ങനെയൊരു വ്യക്തിയില്ല പിന്നെയെങ്ങനെയാണ് അദ്ദേഹത്തെ പ്രതിയാക്കിയത്. വളരെ ദുരൂഹമായ രീതിയിലുള്ള അന്വേഷണമായിരുന്നത്. സിബിഐയുടടെ വില കളയുന്ന ചില ഉദ്യോഗസ്ഥരുണ്ട്, നല്ല ഉദ്യോഗസ്ഥരുമുണ്ട്. ഹൈപ്പോതെറ്റിക്കല്‍ തിയറിയില്‍ ഒരിക്കലും ഒരു കൊലപാതകകേസ് കൊണ്ടുപേകരുത്. തെളിവുകളനുസരിച്ച് ഒരാള്‍ പ്രതിയാണെങ്കില്‍ മാത്രമേ അയാളെ പ്രതിയാക്കാന്‍ പാടുള്ളൂ. അല്ലെങ്കില്‍ പ്രതിയാക്കരുത്. വിട്ടുകളയണം. ചില കേസുകള്‍ തെളിയിക്കാന്‍ സാധിക്കില്ല. വളരെയേറെ കേസുകള്‍ കേരളത്തിലിന്നും തെളിയാതെ കിടക്കുന്നു. അതിലെല്ലാം ആരെയെങ്കിലും പ്രതിയാക്കി കേസെടുക്കാന്‍ കഴിയും പക്ഷേ ചെയ്യാന്‍ പാടില്ല. എതായാലും സിബിഐ ഡയറിക്കുറിപ്പ് കാണുമ്പോള്‍ എന്റെ മനസിലൂടെ കടന്നുപോകുമ്പോള്‍ യാഥാര്‍ഥ്യം നിങ്ങളുമായി പങ്കുവയ്ക്കുകയാണ്’ ജോര്‍ജ് ജോസഫ് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close