INDIANEWS

ദുര്‍ഗാപൂജയ്ക്ക് ധനസഹായം നല്‍കാനുള്ള മമതാബാനര്‍ജിയുടെ നിര്‍ദേശത്തെ പിന്തുണച്ച് അഭിജിത് ബാനര്‍ജി

കൊല്‍ക്കത്ത: ദുര്‍ഗ പൂജ കമ്മിറ്റികള്‍ക്ക് 50,000 രൂപ വീതം നല്‍കാനുള്ള ബംഗാള്‍ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് നൊബേല്‍ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അഭിജിത് ബാനര്‍ജി. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ സംഘാടകര്‍ക്ക് അധിക തുക ആവശ്യമാണെന്ന് അഭിജിത് ബാര്‍ജി പറഞ്ഞു. അണുബാധയില്‍ നിന്നുള്ള സുരക്ഷ പ്രധാനമാണെന്നും ചാനല്‍ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. കോവിഡ് മഹാമാരി സമ്പദ്വ്യവസ്ഥയെ മോശമായി ബാധിച്ചു. മെച്ചപ്പെട്ട തൊഴില്‍ കമ്പോളം വഴി ഒരു വര്‍ഷത്തിനുള്ളില്‍ തിരികെ വരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തൊഴില്‍ നഷ്ടത്തെകുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ട്രെയിനുകള്‍ക്ക് ബസുകളേക്കാള്‍ മികച്ച വായു സഞ്ചാര സംവിധാനം ഉള്ളതിനാല്‍ പ്രാദേശിക ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നതില്‍ എതിരഭിപ്രായമില്ല. എന്നാല്‍, ചില നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കണം. ആളുകള്‍ മാസ്‌ക് ധരിക്കുന്നത് അടക്കമുള്ള സുരക്ഷാ മുന്‍കരുതല്‍ പാലിക്കണമെന്നും അഭിജിത് ബാനര്‍ജി ചൂണ്ടിക്കാട്ടി.പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നായ ദുര്‍ഗ പൂജയുടെ ഭാഗമായി ദുര്‍ഗ പൂജ കമ്മിറ്റികള്‍ക്ക് 50,000 രൂപ വീതം നല്‍കാന്‍ മമത സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കൂടാതെ, 80,000 തെരുവുകച്ചവടക്കാര്‍ക്ക് 2000 രൂപ വീതം ഒറ്റത്തവണ സഹായവും നല്‍കുമെന്ന് മമത വ്യക്തമാക്കിയിരുന്നു.അതേസമയം, ദുര്‍ഗ പൂജക്കുള്ള പന്തലുകളില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കൊല്‍ക്കത്ത ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close