KERALAWOMEN

ദൃഢനിശ്ചയത്തിന്റെ കരുത്തായിരുന്ന വനപാലക,ഇനി ഓര്‍മ്മകളിലെ കരുത്തുറ്റ കാരുണ്യം

പാലക്കാടന്‍ കാടുകളിലെ കഞ്ചാവ് മാഫിയയുടെ പേടിസ്വപ്നമായിരുന്നു ഷര്‍മിള ജയറാം.പാലക്കാടന്‍ കാടുകളില്‍ തിരഞ്ഞു പിടച്ചു നടത്തിയ കഞ്ചാവ് വേട്ട. 32 കാരിയായ ഈ റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ ദൃഡനിശ്ചയം സഹപ്രവര്‍ത്തകരെ പോലും ഞെട്ടിച്ചിരുന്നു.കൃത്യനിര്‍വഹണത്തിനിടയില്‍ ഒരു പ്രലോഭനങ്ങള്‍ക്കും വഴങ്ങാത്ത പ്രകൃതം. കഞ്ചാവ് മാഫിയ ഭീഷണിയെ എല്ലാം ദൃഢനിശ്ചയത്തോടെ അവര്‍ മറികടന്നു.കാടിനുമാത്രമല്ല കാടിന്റെ മക്കള്‍ക്കും കാവലാളായിരുന്നു ശര്‍മിള.
തീര്‍ത്തും അപ്രതീക്ഷിതമായി ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ വാഹനാപകടത്തെ തുടര്‍ന്ന് ഷര്‍മിള യാത്രയാകുമ്പോള്‍ നഷ്ടം സര്‍ക്കാരിനും വനംവകുപ്പിനും മാത്രമല്ല പാലക്കാടിന്റെ വനയോരമേഖയിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് കൂടിയാണ്. അട്ടപ്പാടി ഉള്‍ക്കാടുകളുടെ സംരക്ഷണത്തിനും അവിടെ വസിക്കുന്ന ആദിവാസി ജനതയ്ക്കും ഇടയില്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് ശര്‍മിള നേതൃത്വം നല്‍കി.

ജീവന്‍ കവര്‍ന്ന അപകടം

ഡിസംബര്‍ 24ന് വൈകിട്ട് മുക്കാലി സ്റ്റേഷനില്‍ നിന്ന് പൊട്ടിക്കല്ലിലെ ക്യാമ്പ് ഷെഡിലേക്ക് പോകുമ്പോഴാണ് ശര്‍മ്മിളയും ഡ്രൈവര്‍ ഉബൈദും (27) സഞ്ചരിച്ചിരുന്ന ജീപ്പ് അപകടത്തില്‍പ്പെട്ടത്. ചെമ്മണ്ണൂര്‍ പാലത്തിന്റെ കൈവരി തകര്‍ത്ത ജീപ്പ് ഭവാനി പുഴയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാര്‍ ജീപ്പ് കരയ്ക്കെടുത്ത് വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.പുറത്തെടുക്കുമ്പോള്‍ രണ്ടുപേരും അബോധാവസ്ഥയിലായിരുന്നു. തുടര്‍ന്ന് അഗളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് വിഗദ്ധ ചികിത്സയ്ക്കായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉബൈദ് 27ന് മരിച്ചു. അബോധാവസ്ഥയിലായിരുന്ന ശര്‍മ്മിള കഴിഞ്ഞ ദിവസം രാവിലെയാണ് മരിച്ചത്.എക്സൈസ് സെന്‍ട്രല്‍ ഇന്‍സ്പെക്ടര്‍ വിനോദ് പാണ്ഡ്യരാജാണ് ഭര്‍ത്താവ്. മകന്‍ നാലു വയസ്സുകാരന്‍ റയനേഷ്. പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ചു. വൈകിട്ട് കള്ളിക്കാട്ടെ വീട്ടിലെത്തിച്ച മൃതദേഹം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനുവെച്ചശേഷം പാമ്പാടി ഐവര്‍മഠത്തില്‍ സംസ്‌കരിക്കും.ദൃഢനിശ്ചയത്തിന്റെ പെണ്‍കരുത്ത്

2017ലാണ് ഷര്‍മിള ഫോറസ്റ്റ് റേഞ്ച് ഓഫീസറായി ജോലിയില്‍ പ്രവേശിക്കുന്നത്. കാടകങ്ങളിലെ കഞ്ചാവ് കൃഷിയെ പലപ്പോഴും വനപാലകര്‍ ഗൗനിച്ചിരുന്നില്ല. പാലക്കാടന്‍ വനങ്ങളിലെ മാവോവാദികളുടെ സാന്നിധ്യമാണ് കാടുകയറുന്നതില്‍ നിന്ന് വനപാലകരെ പിന്തിരിപ്പിരിപ്പിച്ചത്. എന്നാല്‍ റേഞ്ച് ഓഫീസറായ ചുരുങ്ങിയ കാലത്തിനിടെ വനം വകുപ്പിന് അഭിമാനമായ പ്രവര്‍ത്തനമാണ് ശര്‍മ്മിള അട്ടപ്പാടിയില്‍ നടത്തിയത്. 2019 മാര്‍ച്ച് 19നാണ് ചുമതലയേറ്റ ശര്‍മിള ദുര്‍ഘടമായ മല്ലിശ്വരന്‍മുടി, ചെന്താമല തുടങ്ങിയ ഉള്‍ക്കാടുകളിലെ മലമുകളിലെത്തി കഞ്ചാവ് തോട്ടങ്ങള്‍ നശിപ്പിച്ചു.അതുകൊണ്ടുതന്നെ മറ്റു വനപാലകര്‍ മടിച്ചുനിന്നപ്പോഴും ഷര്‍മിള കാടുകയറി. കഞ്ചാവ് തോട്ടങ്ങള്‍ തീയിട്ട് നശിപ്പിച്ചു. ഷര്‍മിള കാടുകയറാന്‍ തുടങ്ങിയതോടെ കഞ്ചാവ് മാഫിയ കാടിറങ്ങിത്തുടങ്ങി.

ആരണ്യകത്തിലെ കാരുണ്യം

ഫോറസ്റ്റ് ഓഫീസറുടെ യൂണിഫോമിനും ജോലിക്കും അപ്പുറത്ത് പാലക്കാടന്‍ ഊരുകളിലെ വികസനത്തിനും ഷര്‍മിള സമയം കണ്ടെത്തി. അവിടുത്തെ മനുഷ്യരുടെ പ്രശ്നങ്ങള്‍ കേട്ടു. അവരിലൊരാളായി. അങ്ങനെ ഊരുകളുടെ ഉന്നമനം ലക്ഷ്യമിട്ട് തുടങ്ങിയതാണ് ആരണ്യകം പദ്ധതി. സമാനമനസ്‌കരുടെ പിന്തുണയോടെയായിരുന്നു പദ്ധതി. വിദ്യാര്‍ത്ഥികളുടെ പഠനാവശ്യങ്ങള്‍ക്കായി പുസ്‌കങ്ങളും മറ്റും ശര്‍മിളയുടെ നേതൃത്വത്തില്‍ ഊരുകളില്‍ വിതരണം ചെയ്ത്തു.
കഴിഞ്ഞ പ്രളയത്തില്‍ പാലക്കാട്ടെ പല ഊരുകളും ഒറ്റപ്പെട്ടപ്പോള്‍ ഭവാനിപ്പുഴ കലിതുള്ളിയപ്പോള്‍ അവിടെയും ഷര്‍മിള രക്ഷയ്ക്കെത്തി. വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രളയ ദുരിതാശ്വാസ സാധനങ്ങള്‍ ശേഖരിച്ച് കൃത്യമായി ഊരുകളിലെ അര്‍ഹതപ്പെട്ടവരുടെ കൈകളിലെത്തിക്കാന്‍ ഷര്‍മിളയാണ് നേതൃത്വം നല്‍കിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close