KERALANEWSTrending

ദേവികുളം കെഎസ്ആര്‍ടിസി സ്ഥലത്ത് ഹോളിഡേ ഹോം ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: ദേവികുളത്ത് കെഎസ്ആര്‍ടിസിയുടെ കീഴിലുള്ള പതിനേഴര സെന്റ് ഭൂമിയില്‍ കെഎസ്ആര്‍ടിസി ഹോളേഡേ ഹോം ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. കെഎസ്ആര്‍ടിസിക്ക് സാമ്പത്തിക ബാധ്യതകള്‍ ഒന്നും ഇല്ലാതെ പൊതു സ്വകാര്യ പങ്കാളിത്ത വ്യവസ്ഥയിലാണ് ഹോളിഡേ ഹോം രൂപ കല്‍പ്പന ചെയ്യുന്നത്. 17.5 സെന്റ് സ്ഥലം 30 വര്‍ഷത്തേക്ക് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിക്കോ, ഏജന്‍സിക്കോ ഇത് പാട്ടത്തിന് നല്‍കും. അവര്‍ക്ക് 30 വര്‍ഷം നടത്തിപ്പിനുള്ള അവകാശം ഉണ്ടാകും. അതിന് ശേഷം പൂര്‍ണമായും കെഎസ്ആര്‍ടിസിയുടെ അധീനതയിലും ആയി വരും. ഈ 30 വര്‍ഷത്തിനിടയില്‍ നടത്തിപ്പുകാര്‍ മാസത്തില്‍ ഏതെങ്കിലും 5 ദിവസം, 5 മുറികള്‍ വീതം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ദിവസേന 100 രൂപ നിരക്കില്‍ വാടകക്ക് നല്‍കണം. അതോടൊപ്പം ഭക്ഷണത്തിനും ഡിസ്‌കൗണ്ട് നല്‍കണം. ബാക്കി വരുന്ന മുറികള്‍ പാട്ടത്തിന് എടുക്കുന്നവര്‍ക്ക് വിനിമയം ചെയ്യാം. അതിനുള്ള ടെന്റര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. കെഎസ് ആര്‍ടിസിയുടെ ഭൂമി സമീപത്തുള്ള സ്വകാര്യ ക്ലബ് കൈയടിക്കിവെച്ചിരുന്നത് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ദേവികുളം എംഎല്‍എ . എസ്. രാജേന്ദ്രനും, ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണ , പഞ്ചായത്ത് ഭരണ സമതിയും നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് ഭൂമി തിരികെ ഏറ്റെടുക്കുകയായിരുന്നു.

സംസ്ഥാനത്ത് പൊതു ഗതാഗത സൗകര്യം ആരംഭിക്കുന്ന സമയത്ത് തന്നെ തിരുവിതാംകൂറില്‍ രാജ ഭരണം നടന്നിരുന്ന കാലത്ത് തന്നെ ദേവികുളത്തിലേക്കും സര്‍ക്കാരിന്റെ അധീനതയില്‍ ഉണ്ടായിരുന്ന ബസുകള്‍ സര്‍വ്വീസുകള്‍ നടത്തിയിരുന്നു. കെഎസ്ആര്‍ടിസി ക്ക് മുന്‍പ് സംസ്ഥാനത്ത് പൊതുഗതാഗതം നടത്തിയിരുന്ന കേരള ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിന് അന്നത്തെ മഹാരാജാവ് നല്‍കിയ 17.5 സെന്റ് സ്ഥലത്താണ് അന്ന് ദേവികുളം ഡിപ്പോ സ്ഥിതി ചെയ്തിരുന്നത്.

ചെങ്ങന്നൂരില്‍ നിന്നും, തിരുവനന്തപുരത്തും നിന്നും രാത്രി വൈകി എത്തിയിരുന്ന ബസുകള്‍ക്ക് സ്റ്റേ അനുവദിക്കുന്നതിന് കൂടിയണ താലൂക്ക് ആസ്ഥാനത്ത് തന്നെ അന്ന് സ്ഥലം അനുവദിച്ചിരുന്നത്. തുടര്‍ന്ന് 1980 കളുടെ അവസാനത്തില്‍ മൂന്നാറിലേക്ക് കെഎസ്ആര്‍ടി.സി ഡിപ്പോ ആരംഭിക്കുന്നത് വരെ ഇവിടെ നിന്നായിരുന്നു സര്‍വ്വീസുകള്‍ നടത്തി വന്നത്.

ആകാശവാണി, കോടതി, ആര്‍ഡിഒ ഓഫീസ് , താലൂക്ക് ഓഫീസ് , ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസ് , ട്രഷറി തുടങ്ങിയ ഒട്ടുമിക്ക സര്‍ക്കാര്‍ ഓഫീസുകളും സ്ഥിതി ചെയ്യുന്ന ദേവികുളത്ത് ധാരാളം പേര്‍ വിനോദ സഞ്ചാരത്തിനായി എത്തുന്നു. അതുകൊണ്ടുതന്നെ വിദൂര സ്ഥലങ്ങളില്‍ നിന്നും കെഎസ്ആര്‍ടി.സിയില്‍ ജോലിക്കായി വരുന്ന ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ ആവശ്യമായ താമസ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തിലാണ് കെഎസ്ആര്‍ടിസി ഹോളിഡേ ഹോം പദ്ധതി ആവിഷ്‌കരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close