
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജോലികള്‍ക്ക് പൊതു യോഗ്യതാ പരീക്ഷ നടത്താന്‍ തീരുമാനം. ഇതിനായി ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സിക്ക് രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.കേന്ദ്ര സര്‍ക്കാര്‍, പൊതുമേഖലാ ബാങ്ക് ജോലികള്‍ക്ക് പൊതു യോഗ്യതാ പരീക്ഷ നടത്താനുള്ള നിര്‍ദേശം കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചതായി മന്ത്രി പ്രകാശ് ജാവദേക്കറാണ് അറിയിച്ചത്. ഉദ്യോഗാര്‍ഥികള്‍ക്ക് വലിയ നേട്ടമാണ് പുതിയ തീരുമാനമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ഗസറ്റഡ് പോസ്റ്റുകള്‍ ഒഴിച്ചുള്ളവയിലേക്ക് നിയമനം നടത്തുക ദേശീയ റിക്രൂട്ട്മെന്റ് എജന്‍സി നടത്തുന്ന പൊതു യോഗ്യതാ പരീക്ഷയിലൂടെയായിരിക്കും.നിലവില്‍ വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനു പ്രത്യേക പരീക്ഷകളും വ്യത്യസ്ത ഫീസും നല്‍കേണ്ട അവസ്ഥയാണ്. ഒന്നിലധികം പരീക്ഷകള്‍ പലതരത്തിലുള്ള അസൗകര്യങ്ങള്‍ സൃഷ്ടിക്കുന്നു. ഒന്നിലധികം പരീക്ഷകള്‍ വരുമ്പോള്‍ സ്ഥലപരിമിതിയുടെ പ്രശ്നമുണ്ടാവുകയുംഅതുവഴി പരീക്ഷ ദുരുപയോഗിക്കപ്പെടാനും സാധ്യതയുണ്ട്. ഒരു പരീക്ഷ എന്ന സംവിധാനം വരുമ്പോള്‍ ഇത്തരം വെല്ലുവിളികള്‍ മറികടക്കാന്‍ സാധിക്കുമെന്ന് കേന്ദ്ര സെക്രട്ടറി സി.ചന്ദ്രമൗലി പറഞ്ഞു.പ്രതിവര്‍ഷം 1.25 ലക്ഷം സര്‍ക്കാര്‍ തസ്തികകളിലേക്ക് വ്യത്യസ്ത കാറ്റഗറിയിലായി രണ്ടര ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ കുട്ടികളാണ് പരീക്ഷയെഴുതുന്നതെന്നും അവര്‍ക്കെല്ലാം പുതിയ സംവിധാനം ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഏറെ സുപ്രധാനമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. ഉദ്യോഗാര്‍ഥികളെ എളുപ്പത്തില്‍ തിരഞ്ഞെടുക്കുന്നതിനും ജോലിയില്‍ പ്രവേശിപ്പിക്കുന്നതിനും ഈ രീതി ഏറെ ഗുണകരമാണെന്നും സമൂഹത്തില്‍ പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങളെ ഇതു സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ പരീക്ഷകള്‍ എഴുതാന്‍ ദൂരത്തേക്ക് യാത്ര ചെയ്യേണ്ടിവരുന്ന പാവപ്പെട്ടവര്‍ക്കും സ്ത്രീകള്‍ക്കും ഇത് സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പൊതു പരീക്ഷയുടെ മാര്‍ക്ക് മൂന്ന് പ്രധാന റിക്രൂട്ട്മെന്റ് ഏജന്‍സികളാണ് ഉപയോഗിക്കുക. മറ്റു ഏജന്‍സികളെയും കാലാന്തരത്തില്‍ ഇതില്‍ ഉള്‍പ്പെടുത്തും. നാഷണല്‍ റിക്രൂട്ട്മെന്റ് ഏജന്‍സി വഴി പൊതുപരീക്ഷ നടത്തും. റെയില്‍വെ മന്ത്രാലയം, ധനകാര്യ മന്ത്രാലയം, സ്റ്റാഫ് സെലക്ഷന് കമ്മിഷന്, റെയില്‍വെ റിക്രൂട്ട്മെന്റ് ബോര്‍ഡ്, ഐബിപിഎസ് (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷന്) എന്നിവയില്‍ നിന്നുള്ള പ്രതിനിധികള്‍ ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സിയില്‍ ഉണ്ടാകും. പില്ക്കാലത്ത് സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍, പൊതു മേഖലാ-സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലെ റിക്രൂട്ട്മെന്റുകള്‍ക്കും പൊതുപരീക്ഷയുടെ മാര്‍ക് ഉപയോഗിക്കുമെന്നും ജിതേന്ദ്ര സിങ് പറഞ്ഞു.ഓണ്‍ലൈനായിരിക്കും പരീക്ഷ. ജില്ലയ്ക്കകത്ത് കുറഞ്ഞത് ഒരു പരീക്ഷ കേന്ദ്രമുണ്ടായിരിക്കും. പ്രാഥമിക ഘട്ടത്തില്‍ രാജ്യത്തിനകത്ത് ആയിരം പരീക്ഷാ കേന്ദ്രങ്ങള്‍ സൃഷ്ടിക്കും. ജില്ലയ്ക്കകത്ത് ഒരു പരീക്ഷാ കേന്ദ്രം ഉണ്ടെങ്കില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് കൂടുതല്‍ ദൂരം യാത്ര ചെയ്യേണ്ട സ്ഥിതിയുണ്ടാകില്ലെന്നും ജിതേന്ദ്ര സിങ് കൂട്ടിച്ചേര്‍ത്തു.