KERALA

ദേശീയ വിദ്യാഭ്യാസ നയം 2020: യുഡിഎഫ് പഠന റിപ്പോര്‍ട്ട് ചെയര്‍മാന്‍ രമേശ് ചെന്നിത്തലയ്ക്ക് സമര്‍പ്പിച്ചു

തിരുവനന്തപുരം: എന്‍ഡിഎ സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസനയം 2020 സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തിയ സമിതിയുടെ റിപ്പോര്‍ട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമിതി കണ്‍വീനര്‍ വി.ഡി.സതീശന്‍ എം.എല്‍.എ.യില്‍നിന്നും ഏറ്റുവാങ്ങി. യുഡിഎഫ് നേതാവ് സി.പി.ജോണ്‍ അദ്ധ്യക്ഷനായിരുന്നു. കന്റോണ്‍മെന്റ് ഹൗസില്‍ നടന്ന ചടങ്ങിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
34 വര്‍ഷത്തിന് ശേഷം പുതിയ വിദ്യാഭ്യാസ നയത്തിനു രൂപംകൊടുക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പക്ഷേ സുപ്രധാനമായ ഈ വിഷയം പാര്‍ലമെന്റില്‍ പോലും ചര്‍ച്ച ചെയ്യുകയോ,സംസ്ഥാനങ്ങളുമായി കൂടിയാലോചനകള്‍ നടത്തുകയോ ചെയ്തില്ല. പുതിയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യങ്ങളില്‍ നിന്ന് ഭരണഘടനാ മൂല്യങ്ങളായ ജനാധിപത്യം,മതേതരത്വം,സോഷ്യലിസം എന്നിവയെ മന:പൂര്‍വ്വമായി ഒഴിവാക്കുന്നു. കണ്‍കറന്റ് ലിസ്റ്റില്‍ പെട്ട വിദ്യാഭ്യാസ വിഷയത്തില്‍ സംസ്ഥാനങ്ങളുടെ അധികാരങ്ങളെയും അവകാശങ്ങളെയും കവര്‍ന്നെടുക്കുകയും ഭരണപരവും, അക്കാദമികവുമായ കാര്യങ്ങളില്‍ കേന്ദ്രീകരണം നടത്തുകയും ചെയ്തു.അതേസമയം പുതിയ സാമ്പത്തിക ബാധ്യതകള്‍ സംസ്ഥാനങ്ങള്‍ക്ക് മീതെയാണ് . ഇന്ത്യയിലെ സംസ്ഥാനങ്ങളെ സംബന്ധിച്ച് ഭാഷ എന്നത് വൈകാരികമായ ഒന്നാണ്. വൈവിധ്യങ്ങളെയും വ്യത്യസ്തങ്ങളായ സ്വത്വങ്ങളെയും നിലനിര്‍ത്തുന്നതില്‍ ഭാഷ നിര്‍ണ്ണായകമായപങ്ക് വഹിക്കുന്നുണ്ട്. മാതൃഭാഷാപഠനം നിര്‍ബന്ധിതമാക്കുന്നതിനെ സ്വാഗതം ചെയ്യുന്നതിനോടൊപ്പം മറ്റു ഭാഷകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനോട് യോജിക്കാന്‍ കഴിയില്ല. ദേശീയ ഭാഷയായ ഹിന്ദിയും ക്ലാസിക്ക് ഭാഷയായ സംസ്‌കൃതവും പഠിക്കേണ്ടത് തന്നെയാണ്. പക്ഷെ അതൊന്നും ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കുന്നതിന് തടസ്സമാകാന്‍ പാടില്ല. വിദേശ ഭാഷകളില്‍ ജര്‍മ്മനും ഫ്രഞ്ചും ഇടം നേടിയപ്പോള്‍ തൊഴില്‍ സാധ്യത നല്‍കുന്ന അറബി ഭാഷ ഒഴിവാക്കിയത് ബി.ജെ.പി സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധതയുടെ ഉദാഹരണമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close