INDIATrending

ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ തമിഴ് ജനത പ്രതിഷേധിക്കുമ്പോള്‍

ചെന്നൈ: ഭാഷാസ്‌നേഹത്തിന്റെ പേരില്‍ ഏറെ പ്രശസ്തരാണ് തമിഴ് ജനത. അതുകൊണ്ടുതന്നെ പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ ശക്തമായാണ് അവര്‍ പ്രതികരിക്കുന്നതും. പുതിയ നയത്തിലെ ത്രിഭാഷാ പദ്ധതിയോടാണ് അവര്‍ക്ക് എതിര്‍പ്പ്. വിദ്യാഭ്യാസ നയപ്രകാരം, അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം മാതൃഭാഷയിലാകുമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചു. കൂടാതെ സംസ്‌കൃതം പോലുള്ള ക്ലാസിക്കല്‍ ഭാഷകളും എല്ലാ തലങ്ങളിലും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്, ഒപ്പം പദ്ധതിയുടെ രണ്ടാം തലത്തില്‍ വിദേശ ഭാഷകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ത്രിഭാഷാനയത്തെ എതിര്‍ത്ത് മുഖ്യമന്ത്രി എടപ്പാടി കെ പളവിസ്വാമി രംഗത്തുവന്നിരുന്നു. തൊട്ടുപിന്നാലെ മുഖ്യമന്ത്രിയെ പിന്‍താങ്ങി പ്രതിപക്ഷ നേതാവ് എം കെ പളനിസ്വാമിയും എത്തി. ത്രിഭാഷാ നയത്തിന് പ്രതിഷേധം അറിയിച്ചതിന് പളനിസ്വാമി മുഖ്യമന്ത്രിയോട് നന്ദി പറയുകയും ചെയ്തു.

പളനിസ്വാമിക്ക് അയച്ച കത്തില്‍ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ നയത്തെ എതിര്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ടായിരുന്നു. ഹിന്ദി, സംസ്‌കൃത ഭാഷകള്‍ രാജ്യമെമ്പാടും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രത്തിന്‍റെ പുതിയ വിദ്യാഭ്യാസ നയം എന്ന് സ്റ്റാലിന്‍ പ്രസ്താവനയില്‍ പറഞ്ഞു. പ്രസ്തുത നയം തമിഴ്‌നാട്ടില്‍ നടപ്പാക്കില്ലെന്ന് പളനിസ്വാമി അറിയിച്ചിട്ടുണ്ടായിരുന്നു. രണ്ട് ഭാഷാ നയം തമിഴ്നാട്ടില്‍ തുടര്‍ന്നും നടപ്പാക്കുമെന്നാണ് ഭരണകൂടം ഒറ്റശബ്ദത്തില്‍ പറയുന്നത്. തമിഴ്, തമിഴ്നാട് ജനങ്ങളുടെ ക്ഷേമത്തിന് വിരുദ്ധമായ എന്തിനെതിരെയും ഈ സര്‍ക്കാര്‍ എതിര്‍ക്കുകയും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുമെന്ന നിലപാടിലാണ് ഇവര്‍. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ മുന്‍ മുഖ്യമന്ത്രിമാരായ അണ്ണാദുരൈ, എം ജി രാമചന്ദ്രന്‍, ജെ ജയലളിത എന്നിവരും പ്രതികരിച്ചിരുന്നു. തമിഴ്ജനതയുടെ ഈ പ്രതിഷേധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അത് അവരുടെ ചരിത്രത്തിന്റെ തന്നെ ഭാഗമാണ്.

സി. രാജഗോപാലാചാരി നയിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ മദ്രാസ് പ്രസിഡന്‍സിയിലെ സ്‌കൂളുകളില്‍ ഹിന്ദി നിര്‍ബന്ധിതമായി പഠിപ്പിക്കുന്നതിന് എതിരായിട്ടാണ് 1937 ല്‍ ആദ്യത്തെ ഹിന്ദി വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചത്. മൂന്നുവര്‍ഷം നീണ്ടുനിന്ന പ്രക്ഷോഭത്തില്‍ ഉപവാസങ്ങളും സമ്മേളനങ്ങളും മാര്‍ച്ചുകളും പിക്കറ്റിംഗും ഉള്‍പ്പെട്ടിരുന്നു. രണ്ട് പ്രതിഷേധക്കാരുടെ മരണത്തിനും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 1,198 പേരെ അറസ്റ്റിനും വരെ ഇത് കാരണമായിത്തീര്‍ന്നു. 1939 ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജിവച്ചതിനുശേഷം നിര്‍ബന്ധിത ഹിന്ദി വിദ്യാഭ്യാസം പിന്നീട് ബ്രിട്ടീഷ് ഗവര്‍ണര്‍ ലോര്‍ഡ് എര്‍സ്‌കൈന്‍ 1940 ഫെബ്രുവരിയില്‍ പിന്‍വലിച്ചു. സ്വാതന്ത്ര്യാനന്തരം
ഔദ്യോഗിക ഭാഷയായി ഹിന്ദി മാറ്റിയപ്പോള്‍ 1965 ല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ പിന്തുണയോടെ ഹിന്ദി വിരുദ്ധ പ്രസ്ഥാനം മദ്രാസ് സംസ്ഥാനത്ത് ശക്തി പ്രാപിച്ചിരുന്നു. അന്ന് മധുരയില്‍ നിന്ന് ഒരു വലിയ കലാപം പൊട്ടിപ്പുറപ്പെടുക തന്നെയുണ്ടായി. രണ്ട് പോലീസുകാര്‍ ഉള്‍പ്പെടെ എഴുപതോളം പേര്‍ അന്ന് മരിച്ചിരുന്നു. സ്ഥിതി ശാന്തമാക്കുന്നതിന്, ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങള്‍ അവര്‍ തീരുമാനിക്കുന്നിടത്തോളം കാലം ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി തുടരുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രി ഉറപ്പ് നല്‍കി. 1968 ലും 1986 ലും ഇതേ വിഷയത്തില്‍ പ്രക്ഷോഭങ്ങള്‍ നടന്നതിനും ചരിത്ര സാക്ഷ്യങ്ങള്‍ ഉണ്ട്. കാലമെത്ര കഴിഞ്ഞാലും തമിഴ്‌നാട് പുതിയ നയത്തെ അംഗീകരിക്കുമോ എന്നത് സംശയമുള്ള കാര്യമാണ്.

പഠിപ്പില്‍ അടിമുടി മാറ്റം വരുമ്പോള്‍ മാറുന്നതെന്ത്? വെല്ലുവിളികളെന്ത്?
അധികവായനയ്ക്ക്: മാറുന്ന വിദ്യാഭ്യാസ നയങ്ങള്‍
പുതിയ വിദ്യാഭ്യാസ നയം കേരളത്തിന് തുറന്നു തരുന്നത് വന്‍ അവസരങ്ങള്‍

Tags
Show More

Related Articles

Back to top button
Close