ഷാര്‍ജ:ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് അഞ്ച് വിക്കറ്റ് വിജയം. 180 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹി ഒരു ബോള്‍ അവശേഷിക്കെ വിജയറണ്‍സ് നേടി. സെഞ്ചുറി നേട്ടവുമായി ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ വിജയത്തിന് കരുത്ത് പകര്‍ന്നത്. 58 പന്തില്‍ ഒരു സിക്സും 14 ഫോറുമടക്കം 101 റണ്‍സെടുത്ത് ധവാന്‍ പുറത്താകാതെ നിന്നു. അവസാന ഓവറില്‍ ജയിക്കാന്‍ 17 റണ്‍സായിരുന്നു ഡല്‍ഹിക്ക് വേണ്ടിയിരുന്നത്. മൂന്നുതവണ ബൗണ്ടറി നേടി അക്ഷര്‍ പട്ടേലാണ് ഡല്‍ഹിക്ക് വിജയം സമ്മാനിച്ചത്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 179 റണ്‍സെടുത്തത്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഓപ്പണര്‍ സാം കറനെ നഷ്ടമായ ചെന്നൈയെ ഫാഫ് ഡുപ്ലെസി – ഷെയ്ന്‍ വാട്സണ്‍ സഖ്യമാണ് തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്.
അമ്പാട്ടി റായിഡു – രവീന്ദ്ര ജഡേജ കൂട്ടുകെട്ട് ഇന്നിങ്സിന്റെ അവസാനം സ്‌കോര്‍ ഉയര്‍ത്തി. 28 പന്തില്‍ ആറ് ബൗണ്ടറികളടക്കം 36 റണ്‍സാണ് വാട്സണ്‍ നേടിയത്. ഫാഫ് ഡുപ്ലെസി 47 പന്തില്‍ രണ്ട് സിക്സും ആറ് ഫോറുമടക്കം 58 റണ്‍സെടുത്തു. ഡുപ്ലെസി പുറത്തായശേഷം അമ്പാട്ടി റായിഡു തകര്‍ത്തുകളിച്ചു. 25 പന്തുകള്‍ നേരിട്ട റായിഡു നാല് സിക്സും ഒരു ഫോറുമടക്കം 45 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ജഡേജ 13 പന്തുകളില്‍ നാല് സിക്സറടക്കം 33 റണ്‍സെടുത്തു. ഡല്‍ഹിക്കായി നോര്‍ജെ രണ്ടു വിക്കറ്റുകളും തുഷാര്‍, റബാദ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിക്ക് രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ പൃഥ്വി ഷായെ നഷ്ടമായി. സ്‌കോര്‍ 26 ല്‍ എത്തിയപ്പോഴേയ്ക്കും രഹാനെയും മടങ്ങി. തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ ചേര്‍ന്ന ശിഖര്‍ ധവാന്‍ – ശ്രേയസ് അയ്യര്‍ സഖ്യമാണ് ഡല്‍ഹിയെ കൈപിടിച്ചുയര്‍ത്തിയത്.