ആലപ്പുഴ: നഗരമധ്യത്തിലെ സ്‌റ്റേഷനറി കടയില്‍നിന്ന് രണ്ട് ലക്ഷം രൂപയുടെ സിഗരറ്റ് കവര്‍ന്നു. ആലപ്പുഴ സ്‌റ്റേഡിയം വാര്‍ഡ് റെയ്ബാന്‍ കോംപ്ലക്‌സില്‍ സുധീറിന്റെ ഉടമസ്ഥതയിലെ ബിഎം സ്‌റ്റോഴ്‌സിലായിരുന്നു മോഷണം. ബുധനാഴ്ച രാത്രി 11.45നാണ് സംഭവം.കടയുടെ പുറത്തെ ഷട്ടറിനോട് ചേര്‍ന്നുള്ള ഗേറ്റ് വഴിഎത്തിയ മോഷ്ടാവ് ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് അകത്തുകയറിയത്. ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന കിങ്ങ്‌സ് ലൈറ്റ്, വില്‍സ്, മിനി വില്‍സ്, ഗോള്‍ഡ്, മിനി ഗോള്‍ഡ് എന്നിവയടക്കമുള്ള സിഗരറ്റുകളാണ് കവര്‍ന്നത്.
വ്യാഴാഴ്ച രാവിലെ 8.30ന് കട തുറക്കാനെത്തിയ ജോലിക്കാരാണ് പൂട്ടുതകര്‍ന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മോഷണവിവരം അറിയുന്നത്. മേശ കുത്തിത്തുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ടിരുന്നു. ഇതിനൊപ്പമുണ്ടായ പേഴ്‌സില്‍ സൂക്ഷിച്ച എടിഎം, പാന്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ നഷ്ടപ്പെട്ടിട്ടില്ല.പഴ്‌സിലെ സൗദി റിയാലും തിരിച്ചുകിട്ടി. കടയിലെ സിസിടിവി ദൃശ്യത്തില്‍ പാന്റ് ധരിച്ച് 35-40 വയസ്സ് തോന്നിക്കുന്ന കഷണ്ടിയുള്ള മോഷ്ടാവിന്റ ചിത്രം തെളിഞ്ഞിട്ടുണ്ട്. സൗത്ത് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.