KERALANEWS

നടപടിക്രമങ്ങള്‍ പാലിക്കാത്ത സിഎജി പരാമര്‍ശങ്ങള്‍ നിയമസഭയുടെ അവകാശലംഘനം: മന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം:നടപടിക്രമങ്ങള്‍ പാലിക്കാതെ തയ്യാറാക്കിയ സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളുടെ നിയമസാധുത സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മന്ത്രി തോമസ് ഐസക്ക് പ്രസ്താവനയില്‍ പറഞ്ഞു. കരട് റിപ്പോര്‍ട്ടിലില്ലാത്ത പുതിയ നിഗമനങ്ങള്‍ അന്തിമ റിപ്പോര്‍ട്ടില്‍ കടന്നുകൂടിയത് അംഗീകരിക്കാനാവില്ല. സിഎജിയുടെ നടപടി ദുരുപദിഷ്ടമാണ്. അത്തരത്തില്‍ നിഗമനങ്ങള്‍ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കാന്‍ ഒരു അധികാരവും സിഎജിയ്ക്കില്ല. സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാത്ത ഓഡിറ്റ് നിഗമനങ്ങള്‍ നിയമസഭയുടെ മേശപ്പുറത്തു വെയ്ക്കണമെന്നും നിയമസഭാ അംഗങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും സിഎജിയ്ക്ക് ആജ്ഞാപിക്കാനാവില്ല. ഇതും സഭയുടെ അവകാശലംഘനമാണ്.

മസാലാ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്നു രേഖപ്പെടുത്തുമെന്ന കാര്യം കരട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുമ്പേ സിഎജി ധനവകുപ്പിനെ അറിയിച്ചിരുന്നു എന്ന വാദം ഇന്നലെ ഒരു പത്രത്തില്‍ കണ്ടു. ശുദ്ധ കളവാണത്. എങ്ങനെ അറിയിച്ചുവെന്നാണ് പറയുന്നത്? ഫോണിലോ, വാട്‌സാപ്പിലോ, അതോ ഫേസ് ബുക്ക് മെസഞ്ചറിലോ? ഇങ്ങനെയൊരു കാര്യം കത്തു മുഖേനെയോ മറ്റേതെങ്കിലും രീതിയിലോ ധനവകുപ്പിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. എക്‌സിറ്റ് മീറ്റിംഗില്‍ ചര്‍ച്ച ചെയ്തിട്ടില്ല. കരടു റിപ്പോര്‍ട്ടില്‍ കിഫ്ബിയെക്കുറിച്ച് രണ്ട് പാരഗ്രാഫ് മാത്രമാണ് ഉണ്ടായിരുന്നത്. അതാകട്ടെ ഓഫ് ബജറ്റ് ബോറോയിംഗിനെക്കുറിച്ചും. ഇപ്പോള്‍ അന്തിമ റിപ്പോര്‍ട്ടില്‍ കിഫ്ബിയെക്കുറിച്ചുള്ള നാലു പേജുകളില്‍ മേല്‍പ്പറഞ്ഞ രണ്ടു പാരഗ്രാഫ് ഒഴികെ ബാക്കിയെല്ലാം പുതുതായി ഉള്‍പ്പെടുത്തിയതാണ്. ഈ പുതിയ പാരഗ്രാഫുകളിലാണ്, മസാലാ ബോണ്ടു മാത്രമല്ല, കിഫ്ബിയുടെ എല്ലാ വായ്പകളും ഭരണഘടനാ വിരുദ്ധമാണ് എന്ന നിഗമനമുള്ളത്.

പത്രത്തില്‍ വന്ന മേല്‍പ്പറഞ്ഞ വാര്‍ത്തയ്ക്കു പുറമെ, ഇന്നലെ പല ചാനലുകളിലും ഇതു സംബന്ധിച്ച ചോദ്യം ഉയര്‍ന്നിരുന്നു. ഈ വ്യാജവാര്‍ത്തയുടെ ഉറവിടം സി ആന്‍ഡ് എജിയുടെ ഓഫീസാണെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഇന്നലെ ഒരു ചാനല്‍ അഭിമുഖത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ആനുഷംഗികമായി ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. അസാധാരണമായ നീക്കങ്ങളാണ് എജി ഓഫീസ് കേന്ദ്രീകരിച്ച് ഉണ്ടായിട്ടുള്ളത്. പതിനാറാം തീയതി മാധ്യമങ്ങള്‍ക്കു കിട്ടിയ പത്രക്കുറിപ്പിലെ തീയതി നവംബര്‍ പതിനൊന്ന് എന്നായത് പലരും ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി. കിഫ്ബിയിലെ ഓഡിറ്റ് പരിശോധന സംബന്ധിച്ച് സിഎജി എഴുതിയ കത്തുകള്‍ ചോര്‍ന്നത് നിയമസഭയിലും ചര്‍ച്ചയായിട്ടുണ്ട്. ഈയൊരു സ്ഥിതിവിശേഷം അത്യന്തം ദൗര്‍ഭാഗ്യകരമാണ്. സംസ്ഥാന സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്താനുള്ള സ്ഥാപനമല്ല സിഎജി. ഓഡിറ്റ് നിയമങ്ങള്‍ക്കും ഭരണഘടനയ്ക്കും വിധേയമായാണ് സിഎജി പ്രവര്‍ത്തിക്കേണ്ടത്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന സ്ഥാപനമായി ഒരു ഭരണഘടനാപദവി തരംതാഴാന്‍ പാടില്ല.
സി ആന്‍ഡ് എജിയുടെ റിപ്പോര്‍ട്ട് ഗവര്‍ണര്‍ വഴി നിയമസഭയ്ക്ക് സമര്‍പ്പിച്ച ശേഷമേ പൊതുമണ്ഡലത്തില്‍ പ്രസിദ്ധീകരിക്കാവൂ എന്ന വ്യവസ്ഥയുണ്ട്. സ്പീക്കറുടെ റൂളിംഗുമുണ്ട്. പക്ഷേ, അതിനര്‍ത്ഥം സി ആന്‍ഡ് എജി റിപ്പോര്‍ട്ട് ധനസെക്രട്ടറിയോ ധനമന്ത്രിയോ ഒന്നും കാണാന്‍ പാടില്ല എന്നല്ല. അത്തരമൊരു സീക്രസി വ്യവസ്ഥയൊന്നുമില്ല. അതുകൊണ്ട് ഫിനാന്‍സ് സെക്രട്ടറിയെ കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണ്. അദ്ദേഹം ഇത് കരട് റിപ്പോര്‍ട്ടാണെന്നും പ്രസ്താവിച്ചിട്ടില്ല. എന്നാല്‍ കരട് റിപ്പോര്‍ട്ടില്‍ ഇല്ലാത്തതും ഇതിനു മുമ്പ് സര്‍ക്കാരിന്റെ പ്രതികരണം തേടാത്തതുമായ സുദീര്‍ഘമായ വിശദീകരണം കണ്ടപ്പോള്‍ അങ്ങനെയൊരു തെറ്റിദ്ധാരണയുണ്ടായി എന്നതാണ് വാസ്തവം. കരടായാലും അന്തിമമായാലും ഞങ്ങളുടെ നിലപാടിന് മാറ്റമില്ലെന്നും മന്ത്രി പറഞ്ഞു.

വളരെ അസാധാരണമായ ഒരു സാഹചര്യമാണ് ഏജിയുടെ നടപടി മൂലം സംസ്ഥാനത്ത് സംജാതമായിട്ടുള്ളത്. സംസ്ഥാനത്ത് ആരംഭിക്കുന്നതോ ആരംഭിച്ചു കഴിഞ്ഞിട്ടുള്ളതോ ആയ അമ്പതിനായിരത്തോളം കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികളെ ഏകപക്ഷീയമായി അട്ടിമറിക്കാനുള്ള പരിശ്രമാണ് നടക്കുന്നത്. ഇങ്ങനെയൊരു സ്ഥിതി മുമ്പൊരിക്കലും ഉണ്ടായിട്ടില്ല.
മസാലാ ബോണ്ടിറക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ആര്‍ബിഐ നല്‍കിയ അനുവാദം ചോദ്യം ചെയ്യപ്പെടേണ്ടതാണ് എന്നാണ് സിഎജിയുടെ നിലപാട്. ഈയൊരു പരാമര്‍ശത്തോടെ ഒരു കാര്യം വ്യക്തമാവുകയാണ്. മസാലാ ബോണ്ടിന് ആര്‍ബിഐ അംഗീകാരം നല്‍കിയിരുന്നു. അക്കാര്യം സിഎജി സാധൂകരിക്കുന്നുണ്ട്. അതിന് സിഎജിയോട് നന്ദിയുണ്ട്.കാര്യങ്ങള്‍ വ്യക്തമാണ്. മസാലാ ബോണ്ട് വഴി കിഫ്ബി നിക്ഷേപം സ്വീകരിച്ചത് രഹസ്യമായോ തന്നിഷ്ടത്തിനോ അല്ല. ഈ അപേക്ഷ പ്രകാരം 2018 ജൂണ്‍ 1 ന് ആര്‍ബിഐയുടെ CO.FED.ECBD9931/03.02117/2017-18 നമ്പര്‍ കത്ത് പ്രകാരം കിഫ്ബിക്ക് 2672.8 കോടി രൂപയ്ക്കു വരെയുള്ള മസാല ബോണ്ട് ഇഷ്യൂ ചെയ്യുന്നതിന് ഫോറിന്‍ എക്‌സ്‌ചേഞ്ച് ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം അംഗീകാരം നല്‍കി. ഇതിനെ തുടര്‍ന്ന് 2019 മാര്‍ച്ച് 22 ന് ലോണ്‍ രജിസ്‌ട്രേഷന്‍ നമ്പറും ആര്‍ബിഐ അനുവദിച്ചു നല്‍കി.

വ്യവസ്ഥകളും നിയമങ്ങളും ചട്ടങ്ങളും പാലിച്ചു തന്നെയാണ് കിഫ്ബി നീങ്ങിയത്. അതിനിപ്പോള്‍ റിസര്‍വ് ബാങ്കിനെയും കുറ്റപ്പെടുത്തുകയാണ് സിഎജി. അതിനുള്ള എന്തെങ്കിലും അധികാരം സിഎജിയ്ക്കുണ്ടോ? വളയമില്ലാത്ത ഈ ചാട്ടം ഏത് യജമാനനെ പ്രീണിപ്പിക്കാനായാലും വകവെച്ചു തരില്ല.
വികസനം എന്ന കേരളത്തിലെ ജനങ്ങളുടെ അവകാശം സംരക്ഷിക്കാനാണ് ഈ സര്‍ക്കാര്‍ ശ്രമിച്ചത്. നിയമസഭയില്‍ ചര്‍ച്ച ചെയ്ത് നിയമം പാസാക്കി. ഏകകണ്ഠമായാണ് നിയമം സഭ അംഗീകരിച്ചത്. ലോണെടുക്കാന്‍ രാജ്യത്ത് നിലവിലുള്ള നിയമങ്ങളും മാര്‍ഗങ്ങളും വ്യവസ്ഥകളും സ്വീകരിച്ചു. എല്ലാം സുതാര്യമായിരുന്നു. കേരളത്തിലെ ജനങ്ങളുടെ അവകാശമാണ് സര്‍ക്കാരിന് മുഖ്യം. അവരോടാണ് സര്‍ക്കാരിന് ബാധ്യത. ആ അവകാശം ഹനിക്കുക എന്ന അസാധാരണമായ ലക്ഷ്യത്തോടെയാണ് സിഎജി പെരുമാറുന്നത്. സ്വാഭാവികമായും അക്കാര്യം ജനങ്ങളോടുതന്നെ തുറന്നു പറയേണ്ടി വരും. കാരണം, ജനങ്ങളാണ് പരമാധികാരികള്‍. അവരാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. അവര്‍ക്കിടയിലാണ് ചര്‍ച്ച നടക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close