KERALANEWS

നടുറോഡില്‍ ബസുകള്‍ നിര്‍ത്തിയിട്ടു, അവഗണിച്ച ഉന്നതര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട്‌ മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം : കെ . എസ് ആര്‍ റ്റി സി ജീവനക്കാര്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 4 ന് തിരുവനന്തപുരത്ത് നടു റോഡില്‍ ബസുകള്‍ നിര്‍ത്തിയിട്ട് നഗരത്തെ നിശ്ചലമാക്കിയിട്ടും സംഭവ സ്ഥലത്തിന്റെ തൊട്ടടുത്തുള്ള കെ എസ് ആര്‍ റ്റി സി ചീഫ് ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെടാതിരുന്നതിനെ കുറിച്ച് ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

ഉന്നത ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കില്‍ ഗതാഗതസ്തംഭനവും അതിന്റെ ഫലമായുണ്ടായ യാത്രക്കാരന്റെ മരണവും സംഭവിക്കില്ലായിരുന്നുവെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ പറഞ്ഞു.

മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ സമരം നടത്തുന്നത് വ്യാവസായിക തര്‍ക്ക നിയമത്തിന്റെ ലംഘനമായതിനാല്‍ ജില്ലാ ലേബര്‍ ഓഫീസര്‍ ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

കുറ്റക്കാരായ ജീവനകാര്‍ക്കെതിരെ മാതൃകാപരമായ നിയമ നടപടികള്‍ കെ എസ് ആര്‍ സി സി മാനേജിംഗ് ഡയറക്ടര്‍ സ്വീകരിക്കണം. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ മിന്നല്‍ പണിമുടക്ക് നടത്തിയ സാഹചര്യത്തില്‍ സംഭവദിവസത്തെ വരുമാന നഷ്ടം കണക്കാക്കി നഷ്ടം നികത്താന്‍ മാനേജിംഗ് ഡയറക്ടര്‍ നടപടിയെടുക്കണം.

സമയക്രമം പാലിക്കാത്ത സ്വകാര്യ ബസുകളും കെ എസ് ആര്‍ റ്റി സിയും തമ്മില്‍ ഏറെനാളായി നിലനില്‍ക്കുന്ന തര്‍ക്കം യഥാസമയം പരിഹരിക്കാത്തത് ഗതാഗത വകുപ്പിന്റെയും പോലീസിന്റെയും ഭാഗത്ത് നിന്നുള്ള വീഴ്ചയാണെന്നും ഉത്തരവില്‍ പറയുന്നു. ഇതിന് ഗതാഗത സെക്രട്ടറി ശാശ്വതമായ പരിഹാരം കണ്ടെത്തണം.
മിന്നല്‍ പണിമുടക്കിനിടെ ജീവന്‍ നഷ്ടപ്പെട്ട യാത്രക്കാരനായ സുരേന്ദ്രന്റെ ബന്ധുക്കള്‍ക്ക് പരാതിയുണ്ടെങ്കില്‍ നിയമപരമായ മാര്‍ഗ്ഗങ്ങള്‍ തേടാവുന്നതാണ്. മിന്നല്‍ പണിമുടക്കില്‍ ഉള്‍പ്പെട്ട 30 ജീവനക്കാര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്നും ബാക്കിയുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ച് അച്ചടക്കനടപടി സ്വീകരിക്കാമെന്നും കെ എസ് ആര്‍ റ്റി സി , സി എം ഡി കമ്മീഷനെ അറിയിച്ചു. അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ സംയമനത്തോടെ സമീപിച്ചിരുന്നെങ്കില്‍ തങ്ങള്‍ക്ക് അവമതിപ്പ് ഉണ്ടാകുമായിരുന്നില്ലെന്ന് കെ എസ് ആര്‍ റ്റി സി കമ്മീഷനെ അറിയിച്ചു. സംഭവത്തില്‍ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് തിരുവനന്തപുരം റേഞ്ച് ഐ.ജി. കമ്മീഷനെ അറിയിച്ചു. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഐ.ജിക്ക് നിര്‍ദ്ദേശം നല്‍കി. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close