INDIANEWSTop News

നമ്പി നാരായണനെ കുടുക്കാന്‍ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്ന അന്വേഷണ റിപ്പോർട്ടിൽ ഇനി സിബിഐ അന്വേഷണവും; റിട്ട. ജസ്റ്റിസ് ഡി. കെ. ജയിന്‍ സമിതി റിപ്പോര്‍ട്ട് സി.ബി.ഐക്ക് കൈമാറുമെന്ന് സുപ്രീം കോടതി; റിപ്പോർട്ടിന്റെ ഉള്ളടക്കം പരസ്യപ്പെടുത്തരുതെന്നും നിർദ്ദേശം

ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ റിട്ട. ജസ്റ്റിസ് ഡി. കെ. ജയിന്‍ സമിതി റിപ്പോര്‍ട്ട് സി.ബി.ഐക്ക് കൈമാറുമെന്ന് സുപ്രീം കോടതി. നമ്പി നാരായണനെ കുടുക്കാന്‍ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്ന അന്വേഷണ റിപ്പോർട്ടാണ് സിബിഐക്ക് കൈമാറുക. ജസ്റ്റിസ് എ. എം. ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് തീരുമനാനം അറിയിച്ചത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ​ഗൗരവമായ അന്വേഷണം ആവശ്യമാണെന്ന നിലപാടിലാണ് കോടതി. അതേസമയം, റിപ്പോർട്ടിന്റെ ഉള്ളടക്കം കോടതി വ്യക്തമാക്കിയിട്ടില്ല.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള നിര്‍ദേശം തന്നെയാണ് സുപ്രീം കോടതി നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം കോടതി പരസ്യപ്പെടുത്തുന്നില്ല. നമ്പി നാരായണനെതിരെ എന്ത് ഗൂഢാലോചനയാണ് നടന്നതെന്ന് ഇപ്പോള്‍ കോടതി വെളിപ്പെടുത്തിയിട്ടില്ല. മാത്രമല്ല റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കരുത് എന്ന നിര്‍ദേശവും സുപ്രീം കോടതി നല്‍കിയിട്ടുണ്ട്. നമ്പി നാരായണന്റെ അഭിഭാഷകന്‍ റിപ്പോര്‍ട്ട് വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും നല്‍കാനാവില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു. നിയമപരമായി ഈ റിപ്പോര്‍ട്ടിന്‍മേല്‍ തുടര്‍ അന്വേഷണം നടത്തി സി.ബി.ഐക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന സിബി മാത്യൂസ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു നമ്പി നാരായണന്റെ ആവശ്യം.

ഉള്ളടക്കം പ്രസിദ്ധീകരിക്കരുത് എന്ന നിര്‍ദേശത്തോടുകൂടി ഇത് സീല്‍ കവറില്‍ തന്നെ സൂക്ഷിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് ഈ റിപ്പോര്‍ട്ട് സി.ബി.ഐ ഡയരക്ടര്‍ക്കോ സി.ബി.ഐ ആക്ടിങ് ഡയരറക്ടര്‍ക്കോ ഉടന്‍ തന്നെ കൈമാറാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. സി.ബി.ഐ ഇക്കാര്യത്തില്‍ നിയമപരമായ തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത റിപ്പോര്‍ട്ട് അടിയന്തിരമായി സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതി തീരുമാനം എടുത്തിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close