KERALANEWS

നമ്മള്‍ ആരും ചെയ്യുന്ന കാര്യമേ ഷാനും ചെയ്തിട്ടുള്ളൂ; പാർട്ടിക്കുവേണ്ടിയാണ്‌ ഞാൻ ഷാനിനെ രക്ഷിച്ചത്‌;പോക്‌സോ കേസ്‌ പ്രതിയെ സംരക്ഷിക്കുന്നത്‌ താൻ തന്നെയാണെന്ന വെളിപ്പെടുത്തലുമായി മാത്യു കുഴൽനാടൻ

പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായ കേസിലെ രണ്ടാംപ്രതിയായ യൂത്ത്‌ കോൺഗ്രസ്‌ നേതാവിനെ സംരക്ഷിക്കുന്നത്‌ താൻ തന്നെയാണെന്ന വെളിപ്പെടുത്തലുമായി മാത്യു കുഴൽനാടൻ എംഎൽഎ. പോക്‌സോ കേസിലെ പ്രതി യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി ഷാൻ മുഹമ്മദിനെതിരെ നടപടിയെടുക്കണമെന്ന് കോൺഗ്രസിനുള്ളിൽ പലരും ആവശ്യപ്പെട്ടെങ്കിലും താൻ ഇടപെട്ടാണ് തടഞ്ഞതെന്നും എംഎൽഎ വെളിപ്പെടുത്തി.

ഷാനിനെതിരെ പാർട്ടി നടപടിയെടുക്കാത്തതിന്റെ ഉത്തരവാദിത്തവും താൻ ഏൽക്കുകയാണെന്നും എംഎൽഎ പറഞ്ഞു. പോത്താനിക്കാട് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കുള്ള മൊബൈൽഫോൺ വിതരണച്ചടങ്ങിൽ സംസാരിക്കുമ്പോഴാണ്‌ വിവാദ വെളിപ്പെടുത്തൽ. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്‌.

എന്റെ അയൽപ്പക്കത്തോ പരിചയത്തിലോ 15 വയസ്സുള്ള പെൺകുട്ടി പീഡിപ്പിക്കപ്പെട്ടാൽ ഞാൻ പൊലീസിൽ വിളിച്ചുപറയില്ലെന്നും നിങ്ങളാരെങ്കിലും പറയുമോ എന്നും എംഎൽഎ ചോദിച്ചു. ഷാൻ ചെയ്‌തത് വലിയ തെറ്റല്ല. പാർടിക്കുവേണ്ടിയാണ്‌ ഞാൻ ഷാനിനെ രക്ഷിച്ചത്‌. എന്നാൽ അതിന്റെ പേരിൽ ഞാൻ വേട്ടയാടപ്പെടുകയാണ്‌. എങ്കിലും ആ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടാംപ്രതിയായ യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറിയെ പിന്തുണച്ച്‌ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിടുകയും അയാളുടെ മുൻകൂർ ജാമ്യത്തിനുവേണ്ടി ആദ്യം കോടതിയിൽ ഹാജരാകുകയും ചെയ്‌ത എംഎൽഎയുടെ നടപടി വൻ പ്രതിഷേധത്തിന്‌ ഇടയാക്കിയിരുന്നു.

മാത്യു കുഴല്‍നാടന്‍ പറഞ്ഞത്:

”പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആരെങ്കിലും ലൈംഗികമായി ദുരുപയോഗപ്പെടുത്തിയെന്ന വിവരം അറിഞ്ഞിട്ട് അത് പൊലീസിനെ അറിയിച്ചില്ലെന്നതാണ് ആ കുറ്റം. എന്റെ അയല്‍വീടുകളില്‍ 15 വയസുള്ള ഏതെങ്കിലും ഒരു പെണ്‍കുട്ടിക്ക് ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നാല്‍ എംഎല്‍എ എന്ന നിലയില്‍ ആ വിവരം ഞാന്‍ പൊലീസില്‍ അറിയിക്കും. നിങ്ങള്‍ ആരെങ്കിലും അത് പറയുമോ?. നമ്മള്‍ ആരും ചെയ്യുന്ന കാര്യമേ ഷാനും ചെയ്തിട്ടുള്ളൂ. അപ്പോള്‍ തന്നെ പൊലീസില്‍ വിളിച്ച് പറയുകയെന്നത് നമ്മളാരും ചെയ്യുന്ന കാര്യമല്ല. ആ പെണ്‍കുട്ടിയുടെ ഭാവി കളയരുതെന്നേ നമ്മള്‍ കരുതൂ. അതിന്റെ പേരിലാണ് ഷാനിനെതിരെ കേസെടുത്തത്. ഷാനിനെതിരെ നടപടി എടുക്കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞത് ഞാനാണ്. നടപടി വേണമെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളിലുണ്ടായിരുന്നു.”

കേസില്‍ തുടക്കം മുതല്‍ ഷാനിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു മാത്യു കുഴല്‍നാടന്‍ സ്വീകരിച്ചിരുന്നത്. ഇതിനെതിരെ കല്യാശ്ശേരി എംഎല്‍എ എം വിജിന്‍ സ്പീക്കര്‍ക്ക് അവകാശലംഘനത്തിന് നോട്ടീസും നല്‍കിയിരുന്നു. നിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വ്വഹണവും സംബന്ധിച്ച് ചട്ടം 154 പ്രകാരമാണ് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

പോക്‌സോ കേസിലെ ഒന്നാം പ്രതിയായ പോത്താനിക്കാട് ഇടശേരികുന്നേല്‍ റിയാസിനെ സഹായിക്കുകയും ഇരയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ടാം പ്രതിയായ ഷാന്‍ മുഹമ്മദിനെ സംരക്ഷിക്കുകയും അയാള്‍ക്കുവേണ്ടി മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്യുകയും ചെയ്‌തെന്ന ആരോപണമുന്നയിച്ചാണ് മാത്യു കുഴല്‍നാടനെതിരെ സ്പീക്കര്‍ എം ബി രാജേഷിന് വിജിന്‍ നോട്ടീസ് നല്‍കിയത്. പ്രതിയെ പിന്തുണച്ചും സംരക്ഷിക്കുമെന്ന് പരസ്യമായി പറഞ്ഞും ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്ത എംഎല്‍യുടെ നടപടി ഒരു നിയമസഭാ അംഗം എങ്ങനെയൊക്കെ സഭയ്ക്ക് പുറത്ത് പെരുമാറണം എന്നുള്ള പെരുമാറ്റ ചട്ടങ്ങളുടെയും പൊതുവായ സദാചാര തത്വങ്ങളുടെയും ലംഘനമാണെന്ന് നോട്ടീസ് ആരോപിക്കുന്നു. മാത്യു കുഴല്‍നാടന്റെ പ്രവര്‍ത്തികള്‍ എംഎല്‍എ പദവിക്ക് കളങ്കമായി തീരുകയും ഇതുവഴി അംഗങ്ങളുടെയും സഭയുടെയും അന്തസ്സിന് ഹാനി വരുത്തുകയും ചെയ്‌തെന്നും നോട്ടീസില്‍ പറയുന്നു.

ഷാന്‍ മുഹമ്മദിനെ പരസ്യമായി സംരക്ഷിക്കുകയും വക്കാലത്ത് ഏറ്റെടുക്കുകയും ചെയ്ത മാത്യു കുഴല്‍നാടന്റെ നടപടി സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും നീതിപീഠത്തേയും ജനാധിപത്യത്തേയും വെല്ലുവിളിക്കുന്ന നിലപാട് ഒരു ജനപ്രതിനിധിക്ക് ചേരുന്നതല്ലെന്നും ഡിവൈഎഫ്‌ഐയും കഴിഞ്ഞദിവസത്തെ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. നീതിപീഠത്തോട് അല്പമെങ്കിലും ആദരവുണ്ടെങ്കില്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കപ്പെട്ട പ്രതിയെ നിയമത്തിന് മുന്നില്‍ ഹാജരാക്കുകയാണ് കുഴല്‍നാടന്‍ ചെയ്യേണ്ടതെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close