KERALANEWSTrending

നരേന്ദ്ര മോദി രാജിവെക്കും വരെ മുടിയും മീശയും വളർത്തില്ലെന്ന പ്രതിജ്ഞ; പൊലീസുകാരന്റെ തല്ലിനോട് പ്രതികരിച്ചത് നൈറ്റി ശീലമാക്കിയും; സോഷ്യൽ മീഡിയ തേടുന്ന യഹിയക്ക ഇപ്പോൾ ഇവിടെയുണ്ട്..

കൊല്ലം: കഴിഞ്ഞ രണ്ട് ദിവസങ്ങളായി സമൂഹ മാധ്യമം തേടുന്നത് ജീവിതം കൊണ്ട് പ്രതിരോധം തീർക്കുന്ന യഹിയക്ക എന്ന മനുഷ്യനെയാണ്. പൊലീസ് ഇൻസ്പെക്ടറുടെ ധാർഷ്ട്യത്തിൽ പ്രതിഷേധിച്ച് മാക്സി ധരിച്ചു തുടങ്ങിയ തട്ടുകടക്കാരന്റെ പ്രതിഷേധത്തിന്റെ പഴയ ഒരു വാർത്ത വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതോടെയാണ് യഹിയക്ക ഇപ്പോൾ എവിടെയുണ്ടെന്ന അന്വേഷണം സോഷ്യൽ മീഡിയ ആരംഭിച്ചത്. തട്ടുകട ജീവിതം അവസാനിപ്പിച്ച യഹിയക്ക ഇപ്പോഴും കടയ്ക്കലിൽ തന്നെയുണ്ട്. പണ്ട് താൻ കാര്യസ്ഥനായിരുന്ന വീടിന്റെ സിറ്റൗണ്ടിൽ. ഇവിടെ കിടന്ന് തന്നെ മരിക്കണം എന്ന മറ്റൊരു നിലപാടാണ് വീട്ടുകാർ വീട് തുറന്ന് നൽകിയിട്ടും അകത്തേക്ക് കയറാതെ സിറ്റൗട്ടിൽ തന്നെ കഴിയാൻ യഹിയ എന്ന നിലപാടുകളുടെ ചക്രവർത്തിയെ പ്രേരിപ്പിക്കുന്നത്.

യഹിയ തന്റെ ജീവിതം തുടങ്ങുന്നത് ഈ വീട്ടിലെ പാചകക്കാരനായി ആയിരുന്നു. ഒരു പൊലീസുകാരന്റെ വീടാണ് അത്. പൊലീസുകാരനും കുടുംബവും ജോലി സംബന്ധമായി തിരുവനന്തപുരത്തേക്ക് മാറിയപ്പോൾ വീട് ഉപയോഗിക്കാൻ യഹിയയ്ക്ക് കൊടുത്തിരിക്കുകയാണ്. എന്നാൽ, തനിക്ക് ഇത്ര വലിയ വീട് ആവശ്യമില്ലെന്നും കിടന്നുറങ്ങാൻ ഈ സിറ്റൗട്ട് തന്നെ ധാരാളം എന്നും പറയുകയാണ് യഹിയക്ക. ആരോ​ഗ്യം മോശമായതിനെത്തുടർന്ന് ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യം വന്നപ്പോൾ കട താൽക്കാലികമായി അടയ്‌ക്കേണ്ടിവന്നു. പക്ഷേ നാട്ടുകാർ ഇടപെട്ട് മറ്റൊരാൾ ഇപ്പോൾ ആ കട നടത്തുന്നുണ്ട്. ദിവസം 350 രൂപയും ഭക്ഷണവും യഹിയയ്ക്ക് അവിടെനിന്ന് ലഭിക്കും. ഭാര്യ മരിച്ചതോടെ യഹിയ തീർത്തും ഒറ്റപ്പെട്ടു. മക്കൾ തങ്ങൾക്കൊപ്പം താമസിക്കാൻ ക്ഷണിക്കുമെങ്കിലും നിലപാട് മാറ്റാൻ യഹിയക്ക തയ്യാറല്ല.

യഹിയയെ ലോക പ്രശസ്തനാക്കിയ മാധ്യമപ്രവർത്തകൻ

where is yahiya now the man whose prostest become news after demonetisation

മാധ്യമപ്രവർത്തകനായ സനു കുമ്മിൾ യഹിയയുടെ ജീവിതസമരം ‘ഒരു ചായക്കടക്കാരന്റെ മൻ കി ബാത്’ എന്നപേരിൽ ഡോക്യുമെന്ററി ആക്കിയതോടെയാണ് യഹിയ ലോകപ്രശസ്തനാകുന്നത്. 2018ലെ ഐഡിഎസ്എഫ്എഫ്‌കെയിൽ മികച്ച ഹ്രസ്വ ഡോക്യുമെന്ററിക്കുള്ള അവാർഡിന് അർഹമായിരുന്നു. തുടർന്ന് ഇന്ത്യയിലും വിദേശത്തുമായി നിരവധി മേളകളിൽ ‘ഒരു ചായക്കടക്കാരന്റെ മൻ കി ബാത്’ പ്രദർശിപ്പിക്കപ്പെട്ടു. ഡൽഹിയിൽ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കാനെത്തിയ ഡോക്യുമെന്ററി സംഘപരിവാർ തടഞ്ഞതും തുടർന്ന് പത്രപ്രവർത്തക യൂണിയൻ സ്വന്തം നിലയിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചതും ദേശീയ മാധ്യമങ്ങളുടെ ഒന്നാം പേജ് വാർത്തയായിരുന്നു.

നിലപാടുകളുടെ ചക്രവർത്തി

ചോറ് ബാക്കി വച്ചാല്‍ ഫൈന്‍: യഹിയക്കയുടെ കഥ: പട്ടിണിയുടെയും രോഷത്തിന്‍റെയും  കഥ | Maxi Kakka | Food | Trivandrum

ജീവിതം സമരമാക്കിയ അപൂർവ്വ വ്യക്തിയാണ് കൊല്ലത്തു കടയ്ക്കൽ മുക്കുന്നം സ്വദേശിയായ യഹിയ. ആരു വിചാരിച്ചാലും സ്വന്തം നിലപാടിൽ നിന്നും അണുവിട വ്യതിചലിക്കാൻ ഈ ജീവിത സായന്തനത്തിലും യഹിയ തയ്യാറല്ല. സ്ത്രീകളുടെ മാക്‌സിയാണ് യഹിയയുടെ വസ്ത്രം. മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ച് ബഹുമാനിച്ചില്ല എന്നതിന്റെ പേരിൽ ദുരഭിമാനിയായ ഇൻസ്‌പെകർ മുഖത്തടിച്ചതോടെയാണ് ഇനി ഒരുത്തനെയും മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ച് ബഹുമാനിക്കില്ലെന്ന തീരുമാനത്തിൽ യഹിയ മാക്‌സി ധരിക്കാൻ തുടങ്ങിയത്. വിദേശത്ത് പോയി നേട്ടമുണ്ടാക്കാനാകാതെ മടങ്ങിവന്ന് ചെറിയ തട്ടുകടയുമായി കഴിയുമ്പോഴാണ് ബഹുമാനിച്ചില്ലെന്നതിന്റെ പേരിൽ എസ് ഐ യഹിയയുടെ മുഖത്തടിച്ചത്.

സ്ത്രീകളുടെ വസ്ത്രം ധരിച്ച് പുറത്തിറങ്ങിയ യഹിയയെ കണ്ട് പലരും മുഖം ചുളിച്ചു, പരിഹസിച്ചു, അടുപ്പക്കാർ ഗുണദോഷിച്ചു നോക്കി. എന്നിട്ടൊന്നും തീരുമാനത്തിൽ നിന്നും മാറാൻ യഹിയ തയ്യാറായില്ല. എസ് ഐയുടെ അതിക്രമം അത്രക്കധികം ആ സാധുമനുഷ്യനെ വേദനിപ്പിച്ചിരുന്നു. സംഘബലമില്ലാത്ത, പ്രസംഗവും പ്രകടനവും അറിയാത്ത ഒരു സാധാരണക്കാരന്റെ പ്രതിഷേധമായിരുന്നു മാക്‌സി വസ്ത്രമാക്കി യഹിയ നടത്തിയത്. ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന സമരമായി അത് മാറി.

ഉപജീവനത്തിനായി തുടങ്ങിയ തട്ടുകട ജനങ്ങളെ ഊട്ടാനുള്ള ഇടമാക്കി മാറ്റിയാണ് യഹിയക്ക എല്ലാവർക്കും പ്രിയങ്കരനായത്. ഊണിനു 10രൂപയും ചിക്കൻ കറിക്ക് 40 രൂപയുമായിരുന്നു വാങ്ങിയത്. ഒരു പ്ലെയ്റ്റ് കപ്പ 10 രൂപക്ക് കൊടുത്തിരുന്നു. പത്തു ദോശയ്ക്ക് അഞ്ച് ദോശ ഫ്രീ, അഞ്ച് ചിക്കൻകറിക്ക് ഒരു ചിക്കൻകറി ഫ്രീ എന്നിങ്ങനെ ഓഫറുകളും ഉണ്ടായിരുന്നു. ചായക്ക് 5 രൂപയായിരുന്നു വാങ്ങിയിരുന്നത്. സ്വയം തയ്യാറാക്കുന്ന കറിമസാലകൾ മാത്രമാണ് ഉപയോഗിച്ചിരുന്നത്.

പ്രധാനമന്ത്രിക്കെതിരെയും പ്രതിഷേധം

പോലിസ് അതിക്രമത്തിനെതിരേ പ്രതിഷേധിക്കാന്‍ മാക്‌സി വസ്ത്രമാക്കിയ  കടയ്ക്കലിന്റെ മാക്‌സി മാമ വാര്‍ധക്യത്തില്‍ തനിച്ചാണ്

2016 നവംബർ എട്ടിന് പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോൾ എതിർസ്വരങ്ങളുടെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിൽ ഒന്ന് കേരളത്തിൽ നിന്നായിരുന്നു. താൻ പണമായി സൂക്ഷിച്ച 23,000 രൂപ നേരമിരുട്ടി വെളുത്തപ്പോൾ മൂല്യമില്ലാതായിപ്പോയതിൽ പ്രതിഷേധിച്ച യഹിയ എന്ന എഴുപതുകാരനായ ചായക്കടക്കാരന്റെ ചിത്രം. മൂല്യം നഷ്ടപ്പെട്ട 23,000 രൂപയുടെ നോട്ടുകൾ കത്തിച്ച്, പാതി മീശയും പിന്നീട് പാതി മുടിയും വടിച്ചുകളഞ്ഞ, പ്രധാനമന്ത്രി രാജിവെക്കുംവരെ ഇനി മീശ വെക്കില്ലെന്ന് പ്രഖ്യാപിച്ച യഹിയ ദേശീയ മാധ്യമങ്ങളിൽ വരെ വാർത്തയായിരുന്നു.

രാജ്യത്ത് നോട്ട് നിരോധനം പ്രഖ്യാപിക്കുമ്പോൾ 23,000 രൂപയാണ് പണമായി യഹിയയുടെ കൈയിൽ ഉണ്ടായിരുന്നത്. മുഴുവൻ ആയിരത്തിന്റെ നോട്ടുകൾ. മാറ്റിവാങ്ങാൻ ബാങ്കിന് മുന്നിൽ രണ്ട് ദിവസം ക്യൂ നിന്നിട്ടും നടന്നില്ല. ഒരു ദിവസം ക്യൂവിൽ നിൽക്കവെ ഷുഗർ മൂലമുള്ള അവശതകൊണ്ട് ബോധംകെട്ട് വീണു. ആശുപത്രിയിൽ നിന്ന് തിരിച്ചെത്തി നടത്തിയ സമരമാണ് വാർത്തകളിൽ ഇടംപിടിച്ചത്. വിലയില്ലാതായ നോട്ടുകൾ കത്തിച്ച് ചാരമാക്കി. പകുതി മീശ എടുത്തു. നരേന്ദ്ര മോദി രാജിവെക്കുന്നതുവരെ മീശ വളർത്തില്ലെന്ന് പറഞ്ഞു. പിറ്റേ വർഷം മുടിയുടെ പകുതിയും എടുത്തു. ഇന്നും തന്റെ തലയിൽ ഒരു മുടി പോലും വളർന്ന് നിൽക്കാൻ യഹിയ അനുവദിക്കില്ല.

കത്തിച്ചുകളഞ്ഞ പണം തിരികെ ലഭിക്കുന്നു

സനു സംവിധാനം ചെയ്ത ഡോക്യുമെന്ററിക്ക് ഒരു ലക്ഷം രൂപയാണ് പുരസ്കാരമായി ലഭിച്ചത്. പണം ലഭിച്ചതോടെ യഹിയക്ക കത്തിച്ചു കളഞ്ഞ അത്രയും തുക സനു മടക്കി നൽകി. പിന്നീട് അസുഖ ബാധിതനായപ്പോഴും ആശുപത്രിയിൽ കൊണ്ടുപോയതും ചികിത്സ നടത്തിയതും സനുവായിരുന്നു. ആർക്കും മാറ്റാൻ പറ്റാത്ത നിലപാടുകളിൽ ഉറച്ച് നിൽക്കുന്ന വ്യക്തിത്വമാണ് യഹിയയുടേതെന്ന് സനു പറയുന്നു. തന്റെ ജീവിതം യഹിയയെ അങ്ങനെ പരുവപ്പെടുത്തിയതാണ്. ചെറുപ്പത്തിലേ സമീപത്തെ വീട്ടിൽ അടുക്കള ജോലിക്കാരനായി. അങ്ങനെയാണ് പാചകം പഠിച്ചത്. പിന്നീട് നല്ല ഒരു ജീവിതം സ്വപ്നം കണ്ട് ​ഗൾഫിലേക്ക് വിമാനം കയറി. അവിടുത്തെ ജീവിതം അത്ര സുഖകരമായിരുന്നില്ല. ആടിനെയും ഒട്ടകങ്ങളേയും മേയ്ക്കലായിരുന്നു ജോലി. നീണ്ട കഷ്ടപ്പാടുകൾക്കൊടുവിൽ ജന്മനാട്ടിൽ തിരികെ എത്തി. അതോടെ എന്തിനോടും സമരസപ്പെടാനാകാത്ത മനസ്സ് യഹിയയിൽ രൂപപ്പെട്ടിരുന്നു. ഇന്നും ആ നിലപാടുകൾ മാറ്റാതെ യഹിയ കഴിയുകയാണ്.. മരിക്കും വരെ ആർക്ക് മുന്നിലും തലകുനിക്കില്ലെന്ന ദൃഢനിശ്ചയത്തോടെ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close