KERALANEWSTop News

നല്ല പാമ്പിനെ നോവിച്ച് വിടരുതെന്ന മുന്നറിയിപ്പുമായി ബിജെപി; തെരഞ്ഞെടുപ്പ് ഫണ്ടിന്റെ പേരിൽ മറ്റ് പാർട്ടികൾക്കും നൽകുക എട്ടിന്റെ പണി; കണക്കുകൾ സൂക്ഷ്മമായി പരിശോധിക്കാൻ പ്രത്യേക സംവിധാനം; ഇനി കളി മാറുമെന്ന ആവേശത്തിൽ സംഘപരിവാർ

തിരുവനന്തപുരം : കൊടകര കുഴല്‍പ്പണകേസ് സംസ്ഥാനത്ത് ബിജെപിയുടെ ശക്തി ക്ഷയിപ്പിക്കുമ്പോള്‍ പുതിയ പ്രതിരോധ മാര്‍ഗങ്ങള്‍ സൃഷ്ടിക്കാന്‍ തയാറെടുത്ത് പാര്‍ട്ടി നേതാക്കള്‍.തെരഞ്ഞെടുപ്പും അതിനോടനുബന്ധിച്ച് ബിജെപി നേതൃങ്ങള്‍ക്ക് ലഭിച്ച പണവും വലിയ വാര്‍ത്തകള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെയ്ക്കുമ്പോള്‍ കേരളത്തിലെ ഓരോ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും എത്തിയ പണത്തിന്റെയും ചെലവിന്റെയും കണക്ക് ശേഖരിച്ച് തിരിച്ചടിക്കാനൊരുങ്ങുകയാണ് പാര്‍ട്ടി. സി കെ ജാനുവും സംസ്ഥാന അധ്യക്ഷന്‍ കൈമാറിയ പണവും പാര്‍ട്ടിക്ക് തലവേദനയായിരിക്കുകയാണ്.സുരേന്ദ്രന്‍ പണം നല്‍കിയിട്ടില്ലെന്ന് ജാനും തറപ്പിച്ച് പറയുമ്പോള്‍ ബിജെപിയെ വേണമെങ്കില്‍ ആക്ഷേപിച്ചോളു,പക്ഷെ ജാനുവിനെ ഒന്നും പറയരുതെന്ന നിലപാടാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്വീകരിച്ചിരിക്കുന്നത്.

സി.കെ. ജാനു വിവാദവും കുഴല്‍പ്പണക്കേസും തങ്ങളുടെമേല്‍ കെട്ടിവെച്ച് നേതാക്കളെ അധിക്ഷേപിക്കാനും പാര്‍ട്ടിയെ തകര്‍ക്കാനുമുള്ള നീക്കങ്ങളാണ് പോലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തുന്നതെന്നാണ് ബി.ജെ.പി. കരുതുന്നത്.പണം നഷ്ടപ്പെട്ടെന്നു പോലീസില്‍ പരാതിനല്‍കിയയാള്‍ ബി.ജെ.പി.ക്കുവേണ്ടിയാണ് പണം കൊണ്ടുവന്നതെന്നു പറഞ്ഞിട്ടില്ല. പിന്നെന്തിനാണ് നേതാക്കളെ പോലീസ് വട്ടമിടുന്നതെന്നാണ് ചോദ്യം. എന്നാലും അന്വേഷണങ്ങളുമായി സഹകരിക്കാനാണ് തീരുമാനം.

നിയമസഭ തെരഞ്ഞെടുപ്പിൽ കോന്നിയിലും മഞ്ചേശ്വരത്തും മത്സരിച്ച് പരാജയപ്പെട്ട സുരേന്ദ്രന്റെ ഹെലികോപ്റ്റർ യാത്രയിൽ കൂടുതൽ ദുരൂഹതയാണ് ഇപ്പോൾ ഉയർന്നുവരുന്നത്. ഹെലികോപ്റ്ററിൽ നിന്നും കാറിലേക്ക് മാറ്റിയ രണ്ട് വലിയ ബാഗുകളിൽ എന്തായിരുന്നുവെന്നത് സംബന്ധിച്ചാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്. സുൽത്താൻ ബത്തേരിയിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച സി കെ ജാനുവിന് സുരേന്ദ്രൻ പണം കൈമാറിയെന്ന ജെആർപി ട്രഷറർ പ്രസീത അഴിക്കോടിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് പണമിടപാട് സംബന്ധിച്ച് കൂടുതൽ ആരോപണങ്ങളും ദുരൂഹതയും ഉയർന്നിരിക്കുന്നത്.

അതേസമയം, കൊടകര കുഴൽപ്പണ കേസിൽ കെ. സുരേന്ദ്രനെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് കേരള പൊലീസ്. കുഴൽപ്പണം വന്നത് ആർക്കുവേണ്ടിയാണെന്ന് ബിജെപി സംസ്ഥാന നേതൃത്വത്തിന് അറിയാമെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് കെ സുരേന്ദ്രനെ പൊലീസ് ചോദ്യം ചെയ്യുക. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ സുരേന്ദ്രന്റെ മൊഴിയെടുക്കേണ്ടതുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ അറിയിച്ചത്. ബിജെപി ആലപ്പുഴ ജില്ല ട്രഷറർ കെ. ജി കർത്ത പണം വന്നത് ആർക്കു വേണ്ടിയെന്ന് സംസ്ഥാന നേതൃത്വത്തിന് അറിയാമെന്നാണ് മൊഴി നൽകിയത്. ഈ മൊഴി പ്രധാനപ്പെട്ടതാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന അധ്യക്ഷന്റെ മൊഴി എടുക്കുക.

എന്നാകും സുരേന്ദ്രനെ അന്വേഷണ സംഘം വിളിച്ച് വരുത്തുകയെന്ന് തീരുമാനിച്ചിട്ടില്ല. സുരേന്ദ്രന്റെ മൊഴി എടുക്കും മുമ്പ് ബിജെപിയുടെ മറ്റു ചില നേതാക്കളേയും വിളിച്ചു വരുത്തി വിവരങ്ങൾ ശേഖരിക്കും. ചില മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥികളെയും ചോദ്യം ചെയ്തേക്കും. മൂന്നരക്കോടി വരുന്ന വിവരം പല ബി ജെ പി നേതാക്കൾക്കും അറിയാമായിരുന്നു എന്ന നിഗമനത്തിലാണ് പൊലീസ്. കേസുമായി ബന്ധപ്പെട്ട് പല ബിജെപി നേതാക്കളെയും ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ പല നേതാക്കളുടെയും മൊഴി പൊരുത്തപ്പെടുന്നില്ലെന്നാണ് വിലയിരുത്തൽ. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും മൊഴിയുമായി പൊരുത്തപ്പെടുന്നില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.

ബിജെപിക്കെതിരെ കള്ളപ്രചാര വേലയും നുണപ്രചാരണവും നടക്കുന്നുവെന്നും പുകമറ സൃഷ്ടിക്കാൻ സിപിഎം മനപൂർവ്വം ശ്രമിക്കുകയാണെന്നും കെ സുരേന്ദ്രൻ കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.കൊടകരയിൽ നടന്ന പണം കവർച്ച കേസിൽ ആസൂത്രിതമായ കള്ള പ്രചാരണമാണ് നടക്കുന്നത്. അർദ്ധ സത്യങ്ങളും അസത്യങ്ങളും പ്രചരിപ്പിക്കുന്നു. വലിയ പുകമറ സൃഷ്ടിക്കുകയാണ് സിപിഎം. ഇതുമായി ബന്ധപ്പെട്ട് ബിജെപിക്ക് ഒരു ബന്ധവും ഇല്ലെന്ന് തുടക്കത്തിലേ വ്യക്തമാക്കിയരുന്നു. ബിജെപിയുമായി ബന്ധപ്പെട്ട പണമായിരുന്നെങ്കിൽ എന്തിനാണ് കേസ് കൊടുക്കുന്നത്. ബിജെപി നേതാക്കളായിട്ടോ സുഹൃത്തുക്കളായോ ആരെല്ലാം ആയി ധർമ്മരാജൻ ബന്ധപ്പെട്ടിട്ടുണ്ടോ അവരെല്ലാം കേസ് കൊടുക്കണമെന്ന അഭിപ്രായമാണ്.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 38 കോടിയുടെ കള്ളപ്പണം കേരളത്തിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെടുത്തിട്ടുണ്ട്. ആരും, ഒരു രാഷ്ട്രീയ പാർട്ടിയും കേസ് കൊടുത്തിട്ടില്ല. ഒരു മനസാക്ഷിയും ഇല്ലാതെയാണ് ബിജെപിക്കും നേതാക്കൾക്കും എതിരെ വാർത്തകൾ കൊടുത്തത്. ഒരു തരത്തിലും ചോദ്യം ചെയ്യേണ്ടാത്ത ആളുകളെയാണ് പൊലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ച് കൊണ്ടിരിക്കുന്നത്.കാണാതായ പണം കണ്ടെത്താൻ എന്തുകൊണ്ടാണ് പൊലീസിന് കഴിയാത്തത്. ബിജെപി നേതാക്കളെ ചോദ്യം ചെയ്ത ശേഷം എന്ത് വിവരമാണ് പൊലീസിന് കിട്ടിയത്. അധികാരമില്ലാത്ത കാര്യങ്ങളാണ് ഇപ്പോൾ പൊലീസ് ചെയ്ത്‌കൊണ്ടിരിക്കുന്നത്. രാജ്യത്ത് നിയമവാഴ്ച ഉണ്ടെന്ന് ഓർക്കണം.

ഡോളർകടത്തും സ്വർണ്ണക്കടത്ത് കേസും അടക്കമുള്ള ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇപ്പോൾ ആസൂത്രിത നീക്കം നടക്കുന്നത്. സിപിഎം നേതാക്കളെ പോലെ ബിജെപി നേതാക്കളാരും അന്വേഷണത്തിൽ നിന്ന് ഒളിച്ചോടില്ല. സിപിഎം പാർട്ടി ഫ്രാക്ഷൻ എന്ന നിലയിൽ പ്രവർത്തിക്കുന്ന മാധ്യമങ്ങളാണ് ബിജെപിക്കെതിരെ വാർത്തകൾ അടിച്ച് വിടുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.മാന്യത ചമയുന്ന സിപിഎം നേതാക്കളും കേരളത്തിലെ സിപിഎമ്മും യുഡിഎഫും നൂറുണക്കിന് കോടി രൂപയാണ് തെരഞ്ഞെടുപ്പിന് മുടക്കിയത്. സത്യം തെളിയിക്കാനാണ് അന്വേഷണമെങ്കിൽ അതിനോട് സഹകരിക്കും. ഒന്നും ഒളിച്ച് വക്കാനില്ലാത്തത് കൊണ്ടാണ് ബിജെപി നേതാക്കൾ നെഞ്ച് വേദന അഭിനയിക്കുകയോ കൊവിഡ് പോസിറ്റീവായെന്ന് പറയുകയോ തലയിൽ മുണ്ടിടുകയോ ചെയ്യാതെ അന്വഷണ സംഘത്തിന് മുന്നിലെത്തുന്നത്. സിപിഎമ്മിന് വേണ്ടി ബിജെപിക്കെതിരെ വാർത്ത കൊടുക്കുന്ന മാധ്യമങ്ങൾ ഈ നാട്ടിൽ നിയമവാഴ്ചയുണ്ടെന്ന് ഓർത്താൽ നല്ലതാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

കെ സുരേന്ദ്രൻ വാർത്ത സമ്മേളനം നടത്തി സിപിഎമ്മിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കും എന്ന ആശങ്കയിലാണ് ബിജെപി സംസ്ഥാന നേതൃത്വം. പാർട്ടിക്കുള്ളിൽ തന്നെ സംസ്ഥാന നേതൃത്വത്തിനെതിരെ വലിയ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച വലിയ ആരോപണങ്ങൾ കെ സുരേന്ദ്രന് നേരിടേണ്ടി വരുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close