
കൊച്ചി: എല്‍പിജി (ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ്) സിലിണ്ടര്‍ ഉപഭോക്താവിന് നേരിട്ട് വീട്ടില്‍ എത്തിച്ചു നല്കുന്ന ഹോം ഡെലിവറി സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുന്നു. നവംബര്‍ ഒന്ന് മുതല്‍ എല്‍പിജി സിലിണ്ടറുകള്‍ ഒറ്റത്തവണ പാസ്വേഡ് (ഒടിപി) അടിസ്ഥാനമാക്കിയായിരിക്കും വിതരണം ചെയ്യുക. അതായത് ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് ഒടിപി നിര്‍ബന്ധമാണ്. ഇത് ഉണ്ടെങ്കില്‍ മാത്രമേ ഗ്യാസ് സിലിണ്ടര്‍ വീടിന്റെ വാതില്‍പ്പടിയില്‍ എത്തിച്ചു നല്‍കുകയുള്ളൂ.
എല്‍പിജി സിലിണ്ടറുകളുടെ മോഷണം തടയുന്നതിനും ഉപഭോക്താക്കളെ തിരിച്ചറിയുന്നതിനുമായി ഡെലിവറി ഓതന്റിക്കേഷന് കോഡ് (ഡിഎസി) എന്ന പേരില്‍ എണ്ണ കമ്പനികള്‍ പുതിയ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഗ്യാസ് സിലിണ്ടറുകള്‍ ബുക്ക് ചെയ്ത ഉപഭോക്താവിന് ഒടിപി നിര്‍ബന്ധമാക്കിയത്. എല്‍പിജി സിലിണ്ടറുകളുടെ ഹോം ഡെലിവറിക്ക് വേണ്ടിയുള്ള ഡിഎസി സംവിധാനം 100 സ്മാര്‍ട്ട് സിറ്റികളില്‍ ആദ്യം നടപ്പാക്കുകയും പിന്നീടതിന്റെ പ്രവര്‍ത്തനം സുഗമമാണെങ്കില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വിപുലീകരിക്കുകയും ചെയ്യും. രാജസ്ഥാനിലെ ജയ്പൂരില്‍ ഇതിനകം ഒരു പൈലറ്റ് പ്രോജക്റ്റ് നടക്കുന്നുണ്ട്.
രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിച്ച കോഡ് / ഒടിപി കാണിക്കുമ്പോള്‍ മാത്രമേ ഡെലിവറി പൂര്‍ത്തിയാകൂ.മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുന്ന സമയത്ത് ആപ്ലിക്കേഷന്റെ സഹായത്തോടെ അപ്ഡേറ്റ് ചെയ്യുകയും കോഡ് ജനറേറ്റ് ചെയ്യുകയും ചെയ്യാം.ഉപഭോക്താക്കളുടെ വിലാസം, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിശദാംശങ്ങള്‍ തെറ്റാണെങ്കില്‍ ഗ്യാസ് സിലിണ്ടറിന്റെ വിതരണം തടസ്സപ്പെടും.വാണിജ്യ സിലിണ്ടറുകള്‍ക്ക് സിസ്റ്റം ബാധകമല്ല.നവംബര്‍ 1 മുതല്‍ രാജ്യത്തെ 100 സ്മാര്‍ട്ട് സിറ്റികളിലുടനീളം എല്‍പിജി സിലിണ്ടര്‍ ഹോം ഡെലിവറികള്‍ക്കായി ഉപഭോക്താവിന്റെ വിലാസവും മൊബൈല്‍ നമ്പറും കൃത്യമായി നല്‍കേണ്ടതുണ്ട്.