NEWSWORLD

നവരാത്രി ആശംസകളുമായി ജോ ബൈഡനും കമലാ ഹാരിസും

വാഷിങ്ടണ്‍: അമേരിക്കയിലെ ഹിന്ദു സമൂഹത്തിന് നവരാത്രി ആശംസകളുമായി അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമലാ ഹാരിസും. നവംബര്‍ മൂന്നിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍ മുന്നിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെയാണ് നവരാത്രി ആശംസകളുമായി ഇരുവരും രംഗത്തെത്തിയത്.

തിന്മയ്ക്ക് മേല്‍ നന്മ ഒരിക്കല്‍ കൂടി വിജയം നേടട്ടെയെന്ന് ആസംശിച്ചാണ് ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ രംഗത്തെത്തിയത്. ഹിന്ദുക്കളുടെ നവരാത്രി ഉത്സവം ആരംഭിക്കുമ്പോള്‍ യുഎസിലും ലോകമെമ്പാടും നവരാത്രി ആഘോഷിക്കുന്ന എല്ലാവര്‍ക്കും താനും ജില്‍ ബൈഡനും ആശംസകള്‍ അറിയിക്കുന്നെന്നാണ് ജോ ബൈഡന്‍ ട്വീറ്റ് ചെയ്തത്. തിന്മയ്ക്ക് മേല്‍ വീണ്ടും നന്മ വിജയിക്കട്ടെയെന്നും എല്ലാവര്‍ക്കും പുതിയ തുടക്കവും അവസരങ്ങളും ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

അമേരിക്കയിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്ന ആദ്യ ഇന്ത്യന്‍- അമേരിക്കന്‍ വംശജയും കറുത്ത വര്‍ഗക്കാരിയുമായ കമലാ ഹാരിസും നവരാത്രി ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ടുകളും നിര്‍ണ്ണായകമാണെന്നിരിക്കെയാണ് ബൈഡനും കമലാ ഹാരിസും ഹിന്ദു സമൂഹത്തിന് അശംസകളുമായെത്തിയത്. നേരത്തെ ഓഗസ്റ്റ് മാസത്തില്‍ ഇരുവരും ഗണേശ ചതുര്‍ഥി ആശംസകളും നേര്‍ന്നിരുന്നു.അമേരിക്കയിലെ രണ്ടാമത്തെ വലിയ പ്രവാസി സമൂഹമാണ് ഇന്ത്യക്കാരുടേത്. നേരത്തെ കാര്‍നെഗീ എന്‍ഡോവ്മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസ്, ജോണ്‍സ് ഹോപ്കിന്‍സ്-സെയ്‌സും പെന്‍സില്‍വാനിയ സര്‍വകലാശാലയുമായി സഹകരിച്ച് നടത്തിയ സര്‍വേയില്‍ ഇന്ത്യന്‍ വംശജരില്‍ ഭൂരിഭാഗം പേരുടെയും പിന്തുണ ജോ ബൈഡനാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
സര്‍വേയില്‍ പങ്കെടുത്ത ഇന്ത്യന്‍ വംശജരില്‍ 72 ശതമാനം പേരുടെ തങ്ങളുടെ പിന്തുണ ജോ ബൈഡനാണെന്നാണ് വ്യക്തമാക്കിയത്. 22 ശതമാനം ആളുകളുടെ പിന്തുണ മാത്രമാണ് നിലവിലെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ലഭിച്ചത്. ബാക്കിയുള്ള ആളുകളില്‍ ചിലര്‍ മറ്റു സ്ഥാനാര്‍ഥികളെ തെരഞ്ഞെടുത്തപ്പോള്‍ ചിലര്‍ വോട്ട് ചെയ്യാന്‍ താല്‍പ്പര്യമില്ലെന്നായിരുന്നു രേഖപ്പെടുത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close