
ന്യൂഡല്‍ഹി: കപ്പലുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള മിസൈല്‍ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എന്‍.എസ് പ്രഭാല്‍ വിജയകരമായി പരീക്ഷിച്ചു. അറബി കടലിലാണ് നാവികസേന മിസൈല്‍ പരീക്ഷണം നടത്തിയത്.പരമാവധി ദൂരത്തില്‍ തൊടുത്തുവിട്ട മിസൈല്‍, അറബികടലിലെ ലക്ഷ്യസ്ഥാനമായ പഴയ കപ്പല്‍ തകര്‍ത്തതായി നാവികസേന വക്താവ് ട്വീറ്റ് ചെയ്തു. കപ്പല്‍ തകര്‍ക്കുന്നതിന്റെ വിഡിയോയും ട്വീറ്റില്‍ പങ്കുവെച്ചിട്ടുണ്ട്
വ്യാഴാഴ്ച നടത്തിയ ടാങ്കുകള്‍ ആക്രമിച്ച് തകര്‍ക്കാന്‍ ശേഷിയുള്ള തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നാഗ് മിസൈലുകളുടെ പരീക്ഷണം വിജയകരമായിരുന്നു. രാജസ്ഥാനിലെ പൊഖ്റാന്‍ മരുഭൂമിയിലെ ഫയറിങ് റേഞ്ചില്‍ നിന്നാണ് പോര്‍മുന ഘടിപ്പിച്ചുള്ള അന്തിമ പരീക്ഷണം നടത്തിയത്. നേരത്തെ, പൊഖ്റാനില്‍ നടത്തിയ മൂന്ന് പരീക്ഷണങ്ങളും വിജയമായിരുന്നു.അന്തര്‍വാഹിനി ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള നാവികസേനയുടെ അത്യാധുനിക യുദ്ധകപ്പല്‍ ‘ഐ.എന്‍.എസ് കവരത്തി’ ഇന്നലെ രാഷ്ട്രത്തിന് സമര്‍പ്പിച്ചിരുന്നു. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച കപ്പലില്‍ നൂതന ആയുധങ്ങളും അന്തര്‍വാഹിനികളെ കണ്ടെത്താനുള്ള സെന്‍സര്‍ സംവിധാനവും ഘടിപ്പിച്ചിട്ടുണ്ട്. അന്തര്‍വാഹിനി ആക്രമണങ്ങളില്‍ നിന്ന് സ്വയം പ്രതിരോധിക്കാനും ദീര്‍ഘ ദൂരത്തില്‍ വിന്യസിക്കാനും കപ്പലിന് ശേഷിയുണ്ട്.