KERALANEWSTrending

നാട്ടുകാർ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നു; പരാതിയുമായി എത്തിയപ്പോൾ ഡിവൈഎസ്പിയുമില്ല; പൊലീസ് സ്റ്റേഷന് മുന്നിലെ മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവതി

വർക്കല: നാട്ടുകാർ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നു എന്നാരോപിച്ച് പോലീസ് സ്റ്റേഷനു മുന്നിലെ മരത്തിൽക്കയറി ആത്മഹത്യാഭീഷണി മുഴക്കി യുവതി. കഴിഞ്ഞ ദിവസം ഉച്ചക്ക് 12 മണിക്ക് ഡിവൈ.എസ്.പി.ക്കു പരാതി നൽകാനെത്തിയ മേൽവെട്ടൂർ സ്വദേശിനിയായ സ്ത്രീയാണ് വർക്കല പൊലീസ് സ്റ്റേഷന് മുന്നിലെ മരത്തിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. പിന്നീട് അഗ്നിരക്ഷാസേനയെത്തിയാണ് ഇവരെ നിലത്തിറക്കിയത്.

മേൽവെട്ടൂർ ഭാഗത്ത് നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ട് നാട്ടുകാരിൽ ചിലർ തനിക്കെതിരേ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതായുള്ള പരാതിയുമായാണ് സ്ത്രീ പോലീസ് സ്റ്റേഷനിലെത്തിയത്. മേൽവെട്ടൂർ കയറ്റാപ്പീസിനു സമീപത്തുള്ള നാലു വീടുകളിൽ അടുത്തിടെ മോഷണം നടന്നിരുന്നു. തുഷാരയിൽ സുഗുണന്റെ വീട്ടിൽനിന്ന് ആറു പവനും 6000 രൂപയും, സബിനിവാസിൽ ജയനശശാങ്കന്റെ വീട്ടിൽനിന്ന് 23 പവനും നാല്‌ വാച്ചും കവിതവിലാസത്തിൽ ഗോപിനാഥന്റെ വീട്ടിൽനിന്ന് 37,000 രൂപയും രണ്ടര പവനും ചരുവിള വീട്ടിൽ ശ്യാമളയുടെ വീട്ടിൽനിന്ന് 1.5 ലക്ഷം രൂപയും മൂന്നര പവനും നഷ്ടമായതായാണ് പരാതികൾ.

ഇന്നലെ ഉച്ചയോടെ സ്റ്റേഷനിലെത്തിയ യുവതി ഡിവൈ.എസ്.പി.യെ കാണണമെന്ന് ആവശ്യപ്പെട്ടു. അപ്പോൾ ഡിവൈ.എസ്.പി. സ്ഥലത്തുണ്ടായിരുന്നില്ല. പോലീസുകാർ വിവരമറിയിച്ചപ്പോൾ പുറത്തേക്കിറങ്ങിയ സ്ത്രീ ഓടി മരത്തിൽക്കയറി ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. ഉടൻതന്നെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. അവരെത്തി സുരക്ഷാസംവിധാനങ്ങളൊരുക്കി സ്ത്രീയെ താഴെയിറക്കി.

വിവരമറിഞ്ഞ് ഡിവൈ.എസ്.പി. ബാബുക്കുട്ടൻ, സി.ഐ. ദ്വിജേഷ് എന്നിവർ സ്ഥലത്തെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് സഹോദരങ്ങളെ വിളിച്ചുവരുത്തി അവരോടൊപ്പം സ്ത്രീയെ വിട്ടയയ്ക്കുകയും ചെയ്തു. മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഉന്നതാധികൃതർക്കു പരാതി നൽകിയിട്ടുണ്ട്. മോഷണക്കേസിലെ പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close