
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്തതോടെ നിരവധി അഴിമതിക്കേസുകളുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന് മനസ്സിലായിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്നും രാജിവെക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
‘ശിവശങ്കര്‍ ഒരു രോഗലക്ഷണം മാത്രമാണ്, രോഗം മുഖ്യമന്ത്രിയാണ്. സ്പ്രിംഗ്ളര്‍ മുതലുള്ള കാര്യങ്ങള്‍ പ്രതിപക്ഷം പറഞ്ഞപ്പോള്‍ ഞങ്ങളെ പരിഹസിച്ചു. മുഖ്യമന്ത്രി പറഞ്ഞതനുസരിച്ച് ശിവശങ്കര്‍ ചെയ്തുകൂട്ടിയ അഴിമതികള്‍ ഇനിയും ഓരോന്നായി പുറത്തുവരാനുണ്ട്.ഇതില്‍ ഒന്നാമത്തെ പ്രതി കേരളമുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്. നാല് വര്‍ഷക്കാലം പ്രിന്‍സിപ്പല്‍ സെക്രട്ടറിയായായിരുന്ന ശിവശങ്കര്‍ അറസ്റ്റിലായതോടെ ഓരോ അഴിമതിയുടേയും പ്രഭവകേന്ദ്രം എവിടെയാണെന്ന് ജനങ്ങള്‍ക്ക് വ്യക്തമായിരിക്കുന്നു. ഇതോടെ മുഖ്യമന്ത്രിയാണ് അഴിമതിക്കാരന് എന്ന് തെളിഞ്ഞു. ഇനി മുഖ്യമന്ത്രിയിലേക്ക് അന്വേഷണ ഏജന്‍സികള്‍ എത്തിച്ചേരണം, മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം. എന്നാല്‍ മാത്രമേ വസ്തുതകള്‍ പുുറത്തുവരികയുള്ളൂ. നാണം കെടാതെ ഇനിയെങ്കിലും മുഖ്യമന്ത്രി രാജിവെച്ച് പോവുന്നതാണ് നല്ലത്.കേരള ജനതയുടെ മുന്നില്‍ ഒരു ന്യായീകരണവും പറയാന്‍ ഇനി മുഖ്യമന്ത്രിക്കില്ല. ശിവശങ്കറിനെ തുടക്കം മുതല്‍ ന്യായീകരിച്ചത് മുഖ്യമന്ത്രിയായിരുന്നു. എല്ലാ അഴിമതിക്കേസിലും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് തുടക്കമുണ്ടായിട്ടുള്ളത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കാനുള്ള എല്ലാനീക്കങ്ങളും നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ്. ഇനിയും നാണം കെട്ട് അധികാരത്തില്‍ പിടിച്ചുതൂങ്ങാതെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് നിയമത്തിന് കീഴടങ്ങണം.പ്രതിപക്ഷം ഉന്നയിച്ച എല്ല കാര്യങ്ങളും സത്യമാണെന്ന് തെളിഞ്ഞിരിക്കുന്നു. ജനാധിപത്യ കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലെ അപമാനിതനായ ഒരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ലെ ‘ന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.