KERALA

നാണയം വിഴുങ്ങിയ കുട്ടിയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു; കുടിച്ചത് നാലു കുപ്പി നിറമുള്ള പാനീയവും പഴംപൊരിയും

കൊച്ചി: നാണയം വിഴുങ്ങിയ മൂന്ന് വയസ്സുകാരനുമായി ആശുപത്രിയിലെത്തിയപ്പോള്‍ കുഞ്ഞിന് പഴവും വെള്ളവും നല്‍കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഇതനുസരിച്ച് അമ്മ നന്ദിനി പൃഥ്വിരാജിന് നാല് കുപ്പി നിറമുള്ള മധുരപാനീയവും പഴംപൊരിയും വാങ്ങിക്കൊടുത്തു. പഴം കിട്ടാതിരുന്നതിനാല്‍ പഴംപൊരി വാങ്ങി പുറത്തെ മൈദ നീക്കം ചെയ്താണ് കുഞ്ഞിന് നല്‍കിയത്. നാണയം വിഴുങ്ങിയ ശേഷം ഇതല്ലാതെ കുട്ടി മറ്റൊന്നും കഴിച്ചിട്ടില്ലെന്നാണ് ബന്ധുക്കളുടെ മൊഴി.ഒരു രൂപയുടെയും 50 പൈസയുടെയും രണ്ട് നാണയങ്ങള്‍ പൃഥ്വിരാജ് വിഴുങ്ങിയിരുന്നതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.
എന്നാല്‍ നാണയങ്ങള്‍ വന്‍കുടലിന്റെ അറ്റത്തു വരെ എത്തിയിരുന്നതിനാല്‍ ഇതല്ല കുട്ടിയുടെ മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. ഇതിനു പിന്നാലെയാണ് മരണകാരണം കണ്ടെത്താനായി കുഞ്ഞിന്റെ ആന്തരാവയവങ്ങളും ആമാശയത്തിലുണ്ടായിരുന്ന ഭക്ഷണാവശിഷ്ടങ്ങളും പരിശോധനയ്ക്കു നല്‍കിയത്. കാക്കനാട് രാസ പരിശോധനാ ലാബില്‍ നടക്കുന്ന പരിശോധനയ്ക്കു ശേഷമേ മരണകാരണം വ്യക്തമാകൂ.കുട്ടിയുടെ ദേഹത്തും മുറിവുകളോ പരുക്കുകളോ ഇല്ലെന്നും നാണയം കടന്നുപോയെങ്കിലും ആമാശയത്തിലോ കുടലിലോ മുറിവുണ്ടായിട്ടില്ലെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. മൂന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ കയറിയിറങ്ങിയിട്ടും കുരുന്നു ജീവന്‍ മരണത്തിനു കീഴടങ്ങിയത് നൊമ്പരമായി അവശേഷിക്കുകയാണ്.

Tags
Show More

Related Articles

Back to top button
Close