നാണയം വിഴുങ്ങിയ മൂന്ന് വയസുകാരനു ചോറും പഴവും നല്കിയാല് മതിയെന്ന് ഉപദേശം; സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

കൊച്ചി: ആലുവയില്‍ നാണയം വിഴുങ്ങിയ മൂന്ന് വയസുള്ള ആണ്‍കുട്ടി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് വലിയ വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. ഇന്നലെ വൈകിട്ടാണ് നാണയം വിഴുങ്ങിയ കുട്ടിയെ ആലുവ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടെ കുട്ടികളുടെ ഡോക്ടര്‍ ഇല്ലാത്തതിനാല്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. അവിടെനിന്നും കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കൊളേജിലേക്ക് റഫര്‍ ചെയ്യുകയാണുണ്ടായതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. എന്നാല്‍ കുട്ടിയ്ക്ക് ചോറും പഴവും നല്കിയാല് മതിയെന്ന നിര്‍ദേശമാണ് താലൂക്ക് ആശുപത്രിയില്‍ നിന്നും കിട്ടിയതെന്നും അതിനാല്‍ മടങ്ങിപ്പോയെന്നുമാണ് മാതാപിതാക്കളുടെ വിശദീകരണം.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നും കുട്ടിയ്ക്ക് ചികിത്സ നിഷേധിക്കപ്പെടുകയായിരുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്. എന്നാല്‍ കുട്ടിയ്ക്ക് പ്രാഥമിക ചികിത്സ നല്‍കിയിരുന്നുവെന്നും ചികിത്സ നിഷേധിച്ചിട്ടില്ലെന്നും താലൂക്ക് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇന്ന് രാവിലെ കുട്ടിയുടെ ആരോഗ്യനില മോശമാകുകയും മരണം സംഭവിക്കുകയും ചെയ്തു.സംഭവത്തെക്കുറിച്ച് അടിയന്തിര അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന് കോബ്രഗഡെയോട് ആരോഗ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.കൊവിഡ് കണ്ടെയ്ന്മെന്റ് സോണില്‍ നിന്ന് വന്ന രോഗിയായതിനാല്‍ ഡോക്ടര്‍മാര്‍ ചികിത്സ നല്കാന് വിസമ്മതിച്ചുവെന്ന് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് ആരോപിച്ചു. കൊവിഡ് കാലത്ത് ആശുപത്രികളില്‍ രോഗികള്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പെടുന്നുണ്ടെന്നും സര്‍ക്കാര്‍ വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഹൈബി ഈഡന് എംപി പറഞ്ഞു.