നാണയം വിഴുങ്ങി കുട്ടി മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു

കൊച്ചി: നാണയം വിഴുങ്ങിയ മൂന്ന് വയസ്സുകാരന് മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. സംഭവത്തില്‍ ചികിത്സാപ്പിഴവുണ്ടായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍. കുട്ടിയുടെ പരിശോധനാ പ്രക്രിയയിലോ രോഗ നിഗമനത്തിലോ യാതൊരു പിഴവുമുണ്ടായിട്ടില്ലെന്നാണ് സര്‍ക്കാര്‍ മേഖലയിലെയും സ്വകാര്യ രംഗത്തെയും ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. കുട്ടി വിഴുങ്ങിയ നാണയം ആമാശയത്തിലെത്തിയതിനാല്‍ ഇതു മരണകാരണമാകില്ലെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാതെ മരണകാരണം വ്യക്തമാകില്ലെന്നാണു ഡോക്ടര്‍മാര്‍ പറഞ്ഞു. തൊണ്ടയിലോ ശ്വാസനാളത്തിലോ നാണയം കുടുങ്ങിയാലാണ് അടിയന്തരമായി പുറത്തെടുക്കേണ്ട സാഹചര്യമുള്ളത്. എന്നാല്‍ നാണയം ആമാശയത്തിലെത്തിക്കഴിഞ്ഞാല്‍ വിസര്‍ജ്യത്തോടൊപ്പം പുറത്തുപോകും.
ഇത് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ സംഭവിക്കും. അതേസമയം കുട്ടിക്ക് ശ്വാസകോശ അണുബാധയുണ്ടായിരുന്നോ എന്ന സംശയവും ഉയരുന്നുണ്ട്. എന്നാല്‍ തുടര്‍ന്നെത്തിയ രണ്ട് ആശുപത്രികളില്‍ ഒരിടത്തുപോലും ഇത് കണ്ടെത്താതിരുന്നതിനാല്‍ ഇക്കാര്യവും ഉറപ്പിക്കാനാകില്ല.ആലുവ കടുങ്ങല്ലൂര്‍ സ്വദേശികളായ ദമ്പതികളുടെ മകന് പൃഥ്വിരാജാണ് ശനിയാഴ്ച രാത്രിയോടെ മരിച്ചത്. ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് കുഞ്ഞ് അബദ്ധത്തില്‍ നാണയം വിഴുങ്ങിയത്. കുഞ്ഞിനെ ആലുവ സര്‍ക്കാര്‍ ആശുപത്രിയിലും ആലപ്പുഴ മെഡിക്കല്‍ കോളജിലും കൊണ്ടുപോയെങ്കിലും ചികിത്സ നിഷേധിച്ചതായി കുടുംബം ആരോപിച്ചു. എന്നാല്‍ നിയന്ത്രിത മേഖലയില്‍ നിന്ന് വന്നത് കൊണ്ട് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്ന് തിരികെ അയച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ചോറും പഴവും നല്കാന് പറഞ്ഞാണ് തിരിച്ചയച്ചത്. എന്നാല്‍ ശനിയാഴ്ച രാത്രിയോടെ കുഞ്ഞിന്റെ നില വഷളായി. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.